- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിനെതിരെ ജൈവായുധ പരാമർശം: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താന ഹാജരാകണം; അറസ്റ്റു ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി; മുൻകൂർ ജാമ്യം തേടിയുള്ള ഹർജി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു
കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാരിനെതിരെ ജൈവായുധ പരാമർശം നടത്തിയതിനെ തുടർന്നു ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക ആശ്വാസം. ചോദ്യം ചെയ്യലിനു ഹാജരാകുമ്പോൾ ഇവരെ അറസ്റ്റു ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയയ്ക്കണമെന്നുമാണ് നിർദ്ദേശം. കേസ് വിധി പറയാൻ മാറ്റിവച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആയിഷ സുൽത്താന ഞായറാഴ്ച 4.30ന് കവരത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഒരാഴ്ചയാണ് ഈ ഉത്തരവിന്റെ കാലാവധി. അതിനിടെ കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയും.
ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു വ്യാഴാഴ്ച കോടതിയിൽ നടന്നത്. കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുൽത്താനയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണവുമായി ഏതു രീതിയിൽ വേണമെങ്കിലും സഹകരിക്കുന്നതിനു തയാറാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. പറഞ്ഞ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകും.
സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പരിഗണിച്ചു വേണം രാജ്യദ്രോഹക്കുറ്റം ചുമത്താൻ എന്നിരിക്കെ ഭരണകൂടം ചുമത്തിയിട്ടുള്ള രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല. 'ബയോവെപ്പൺ' പ്രയോഗം നടത്തിയതിനു പിന്നാലെ ആയിഷ അതു തിരുത്തുകയും മാപ്പു ചോദിക്കുകയും ചെയ്തതാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
ആയിഷയ്ക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കുമെന്ന നിലപാടാണ് ഇതിനെതിരെ വാദമുയർത്തിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭിഭാഷകൻ അറിയിച്ചത്. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുക. വിനോദ് ദുവ കേസിലെ സുപ്രീം കോടതിയുടെ മുൻ വിധികളിലെ നിർദേശങ്ങൾ ഈ കേസിൽ ബാധകമല്ല. ആയിഷയുടേത് രണ്ടു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന പരാമർശങ്ങൾ ആയതിനാൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും.
പൊലീസ് ഇവർക്കെതിരെ കേസെടുത്തതിൽ തെറ്റില്ല. അറസ്റ്റ് തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിലുള്ളതാണ്. ചൈനയുമായി ബന്ധപ്പെടുത്തിയാണ് ഇവർ കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ജനങ്ങളുടെ മേൽ ജൈവായുധം ഉപയോഗിച്ചു എന്നു പറഞ്ഞത്. പിന്നീട് കേസിൽനിന്നു രക്ഷപെടാനാണ് തിരുത്തിപ്പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തത്. ഇവർ അഭിനയിക്കുകയാണ് എന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം പരാതിക്കാരിൽ ഒരാൾ ആയിഷയ്ക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തി കേസിൽ കക്ഷിചേരാൻ എത്തിയെങ്കിലും കോടതി അനുവദിച്ചില്ല. ഇയാളുടെ വാദങ്ങൾ കേട്ടശേഷമാണ് ആവശ്യം നിരസിച്ചത്.
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് പൊലീസ് നേരത്തെ രംഗത്ത എത്തിയുരുന്നു. കേസിൽ അയിഷക്ക് മുൻകൂർ ജാമ്യം അനുവദിക്കരുത് എന്ന് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആയിഷ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ