രിചരണത്തിനായി കാത്തിരിക്കേണ്ടിവന്ന ശേഷം മലയാളി ബാലിക മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബാലികയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പ് പെർത്തിലെ ആശുപത്രിയിലെ നഴ്സുമാർ ജീവനക്കാരുടെ അപര്യാപ്തതയെയും രോഗിയുടെ സുരക്ഷയെയും കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ശേഷം ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ അന്വേഷണം നടന്ന വരുകയാണ്. അതിനിടെയാണ്
എമർജൻസി വാർഡിൽ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

എന്നാൽ, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജർ കുക്ക് അറിയിച്ചു.നാലു മുതൽ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂർത്തിയാക്കാൻ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രവർത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്സിങ് യൂണിയൻഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയൻ നഴ്സിങ് ഫെഡറേഷൻ പത്തിന നിര്ദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.സംസ്ഥാന ആരോഗ്യമന്ത്രി റോജർ കുക്കിനാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്.

ഓരോ മൂന്നു രോഗികൾക്കും ഒര് നഴ്സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അതിനായി അടിയന്തര റിക്രൂട്ട്മെന്റ് നടത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.ഷിഫ്റ്റ് കോ-ഓഡിനേറ്റർമാരെയും, ട്രയാജ് നഴ്സുമാരെയും ഈ അനുപാതത്തിൽ ഉൾപ്പെടുത്തരുത്, എമർജൻസിയിലെ സ്റ്റാഫ് ഡെവലെപ്പ്മെന്റ് നഴ്സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ യൂണിറ്റ് പൂർണ ശേഷിയിൽ പ്രവർത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചിൽഡ്രൻസ് ആശുപത്രിയിൽ നിയോഗിക്കുക തുടങ്ങിയ നിര്ദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യ അശ്വത് പെർത്ത് മലയാളികളായ അശ്വത്- പ്രസീത ദമ്പതികളുടെ മകളാണ്.വെള്ളിയാഴ്ച വൈകിട്ടാണ് ഐശ്യര്യയ്ക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്.പാരസെറ്റമോൾ നൽകിയിട്ടും സ്ഥിതി മെച്ചമാകാത്തതിനെ തുടർന്ന്, ശനിയാഴ്ച വൈകിട്ടോടെ ഐശ്യര്യയെ മാതാപിതാക്കൾ പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാൽ സ്ഥിതി വിവരിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ ഏറെ വൈകുകയും കുട്ടി മരിക്കുകയുമായിരുന്നു.
ബാംഗ്ലൂർ മലയാളിയായിരുന്ന അശ്വത് ശശിധരന്റെയും, കൊല്ലം കുണ്ടറ സ്വദേശിയായ പ്രസീതയുടെയും നാലു മക്കളിൽ രണ്ടാമത്തെയാളാണ് ഐശ്വര്യ.