പെർത്ത് ചിൻഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മലയാളി ബാലികഐശ്വര്യയ്ക്ക് നാളെ മലയാളി സമൂഹം വിട നല്കും.ശനിയാഴ്ച രാവിലെ പെർത്ത് സമയം 11.15മുതൽ, പാഡ്ബറിയിലുള്ള പിന്നാരൂ വാലി മെമോറിയൽ പാർക്കിലാണ് സംസ്‌കാര ചടങ്ങുകൾ.

ഏപ്രിൽ മൂന്ന് ശനിയാഴ്ചയായിരുന്നു ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി പെർത്ത് ചിൽഡ്രൻസ് ആശുപത്രിയുടെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് മരിച്ചത്.മരണം നടന്ന് രണ്ടാഴ്ച തികയുന്ന ദിവസമാണ് ഐശ്വര്യയുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത്.

കടുത്ത പനിമൂലം അച്ഛനുമമ്മയും ആശുപത്രിയിലെത്തിച്ച ഐശ്വര്യക്ക്, രണ്ടു മണിക്കൂറോളം എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു.തുടർന്ന് പരിശോധിച്ച ഡോക്ടർമാർ അടിയന്തരമായി ''കോഡ് ബ്ലൂ'' പ്രഖ്യാപിച്ച് ചികിത്സ നടത്തിയെങ്കിലും, അൽപസമയത്തിനകം ഐശ്വര്യ മരണമടയുകയായിരുന്നു.

രാവിലെ 8.15 മുതൽ 10.30 വരെ ഗ്രീൻവുഡ്-വാർവിക്ക് കമ്മ്യൂണിറ്റി സെന്ററിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.സംസ്‌കാര ചടങ്ങിനു ശേഷം ഞായറാഴ്ച വെസ്റ്റേൺ ഓസ്‌ട്രേലിയ പാർലമെന്റിനു മുന്നിൽ മെഴുകുതിരി തെളിച്ചുള്ള അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.കുടുംബസുഹൃത്തുക്കളും വിവിധ കൂട്ടായ്മകളും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യ അശ്വത് പെർത്ത് മലയാളികളായ അശ്വത്- പ്രസീത ദമ്പതികളുടെ മകളാണ്.ബാംഗ്ലൂർ മലയാളിയായിരുന്ന അശ്വത് ശശിധരന്റെയും, കൊല്ലം കുണ്ടറ സ്വദേശിയായ പ്രസീതയുടെയും നാലു മക്കളിൽ രണ്ടാമത്തെയാളാണ് ഐശ്വര്യ.