- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയാകുന്നു; നെയ്യപ്പവും ഇടിയപ്പവും ഇഷ്ടമായ മുംബൈ സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ മലയാളത്തിന്റെ മരുമകളാകുന്നു; വരൻ കൊച്ചിയിലെ ഐ ടി പ്രൊഫഷണൽ അഭിഷേക്; വിവാഹം തിങ്കളാഴ്ച്ച മുംബൈയിൽ വെച്ച്
കൊച്ചി: തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയാകുന്നു. കൊച്ചിയിലെ ഐടി പ്രൊഫണൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. വിവാഹം തിങ്കളാഴ്ച്ച മുംബൈ ജുഹുവിലെ ഇസ്കോൺ മണ്ഡപം ഹാളിൽ വെച്ചു നടക്കും. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നവർ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. അടുത്തിടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്.
എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡോങ്റെയുടെയും അഞ്ജലി ഡോങ്റെയുടെയും മകളാണ് 26കാരിയായ ഐശ്വര്യ ഡോങ്റെ. ഐഎഎസുകാരിയാകാൻ മോഹിച്ച് ഐപിഎസുകാരിയായ വ്യക്തിയാണ് ഐശ്വര്യ. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ നഗരങ്ങളിലാണ് ഇവർ ഉദ്യോഗസ്ഥയായിരുന്നത്. കൊച്ചിയിൽ ഡിസിപി ആയിരുന്ന വേളയിലാണ് അഭിഷേകിനെ പരിചയത്തിലാകുന്നത്. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സുഹൃത്തായിരുന്നു അഭിഷേക്. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.
കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. 1995ൽ മുംബൈയിലാണ് ഐശ്വര്യ ഡോങ്റെ ജനിച്ചത്. പഠിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയതും മുംബൈയിൽ. മുംബൈ സെന്റ് സേവിയേഴ്സ് കോളജിൽ ഇക്കണോമിക്സിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. ഐഎഎസ് ആഗ്രഹിച്ചാണ് 2017ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തിൽ തന്നെ 196ാം റാങ്ക് നേടി. തുടർന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.
2019 സെപ്റ്റംബറിലായിരുന്നു ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേറ്റത്. ജൂലൈ മാസത്തിൽ പൂന്തുറ കോവിഡ് ഹോട്ട്സ്പോട്ടായപ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായ ഐശ്വര്യ മുന്നിട്ടിറങ്ങി. കലുഷിതമായി നിന്ന അന്തരീക്ഷം തണുപ്പിക്കുന്നതിനും സമവായ ശ്രമങ്ങൾക്കും യുവ പൊലീസ് ഓഫീസർ നേതൃത്വം നൽകിയതോടെ അവർ ശ്രദ്ധിക്കപ്പെട്ടു.
കോവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയതിലൂടെയും ഐശ്വര്യ വാർത്തകളിൽ നിറഞ്ഞു. അരമണിക്കൂറിനുള്ളിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ ഐശ്വര്യയുടെ സമയോജിത ഇടപെടലിനെത്തുടർന്ന് കഴിഞ്ഞു. ഒരു ജീവനും രക്ഷിച്ചു. ഇതോടെ സോഷ്യൽമീഡിയയിൽ നിറഞ്ഞ കൈയടികളാണ് ഐശ്വര്യ ഡോങ്റെക്ക് ലഭിച്ചത്.
കൊച്ചിയിൽ എറണാകുളം നോർത്തിലെ വനിതാ പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലി ചെയ്ത പൊലീസുകാരി, മഫ്തിയിൽ കടന്നുവന്ന ഐശ്വര്യയെ ആളറിയാതെ തടഞ്ഞ സംഭവത്തിൽ സ്ഥലം മാറ്റിയ നടപടിയിൽ ഐശ്വര്യ വിവാദത്തിൽ ചാടിയിരുന്നു. എങ്കിലും അധികം താമസിയാതെ അവർ പൊലീസുകാർക്കിടയിൽ മിടുക്കിയായ ഉദ്യോഗസ്ഥയെന്ന പേരെടുക്കുകയും ചെയ്തു. വിമർശനങ്ങളാണ് ഐശ്വര്യക്ക് എന്നും ഊർജം പകർന്നത്. മഹാരാഷ്ട്രക്കാരിയായ ഐശ്വര്യ കേരളീയ ഭക്ഷണവും ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥയാണ്. നെയ്യപ്പവും ഇടിയപ്പവുമാണ് ഇഷ്ടമെന്നാണ് ഐശ്വര്യ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ