പ്രളയാഗ്നിയായി ഒഴുകുന്ന പ്രണയത്തിന്റെ കഥ പറയുന്ന മായാനദി എന്ന ആഷിഖ് അബു ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അമൽ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ വരത്തിലൂടെ ഐശ്വര്യ വീണ്ടും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ സിനിമ ഹിറ്റായി ഓടുന്ന സന്തോഷത്തിനിടയിലും ഐശ്വര്യയ്ക്ക് ദുഃഖിക്കാനുള്ള സംഗതിയും പിന്നാലെയെത്തി. അഭിനയ രംഗത്തേക്ക് എത്തും മുൻപേ പൃഥ്വിരാജിനെ പറ്റി ഫേസ്‌ബുക്കിലിട്ട ഒരു കമന്റാണ് ഐശ്വര്യയെ കുരുക്കിയത്.2012-ൽ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അർജുൻ കപൂർ, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യയെ വെട്ടിലാക്കിയത്.

ഇഷക്ക്‌സാദേ നായകന് ഉമ്മ എന്നാണ് ഐശ്വര്യ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്. അതിനുതാഴെ കൂട്ടുകാരികളുമായി നടന്ന ചർച്ചയിൽ 'ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പൻ ചിത്രത്തിൽ. എന്റെ നായകനെ നോക്കു എത്ര ഹോട്ടാണ് എപ്പോഴും' എന്നും കുറിച്ചിരുന്നു. ഇതാണ് പൃഥ്വിരാജ് ഫാൻസിനെ ചൊടിപ്പിച്ചത്.പ്രശ്നം വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്ത് എത്തി. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട കമന്റാണെന്നും ഇന്നത് വായിക്കുമ്പോൾ ലജ്ജയും നാണക്കേടും തോന്നുന്നുവെന്നും ഐശ്വര്യ ഫേയ്‌സ്ബുക്കിൽ കുറിച്ചു.

'മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റ പേരിൽ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.'തെറ്റ് മനസ്സിലാക്കി ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തോന്നിയതിന് നന്ദി എന്നുപറഞ്ഞ് പൃഥ്വിരാജ് ഫാൻസും രംഗത്തെത്തി.