തിരുവനന്തപുരം: ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ മായാനദി പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയിൽ ഏറ്റവുമധികം അഭിപ്രായം നേടിയത് ഐശ്വര്യലക്ഷ്മിയുടെ അഭിനയത്തിനാണ്. ഒരു വിഭാഗം ആരാധകർ സിനിമക്കെതിരെ രംഗത്തെത്തിയെങ്കിലും പ്രേക്ഷക അഭിപ്രായത്തിന്റെ ബലത്തിൽ മുന്നേറുകയാണ് ചിത്രം. അപ്പു എന്ന കഥാപാത്രത്തെയാണ് ഐശ്വര്യലക്ഷ്മി അനശ്വരമാക്കിയത്.

ചിത്രത്തിൽ ലിപ് ലോക്ക് അടക്കം നിരവധി ഹോട്ട് രംഗങ്ങൾ ഉണ്ട്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെൻഷനൊക്ക ഉണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഇത്തരം രംഗങ്ങൾ അമ്മയും അച്ഛനും കാണുമ്പോൾ എന്തുപറയും എന്നുള്ള ടെൻഷൻ തനിക്കുണ്ടെന്നും അവർ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി പറയുന്നത് ഇങ്ങനെ: ആളുകൾ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെൻഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതൊന്നും നമുക്ക് താങ്ങാൻ പറ്റില്ലല്ലോ. അതൊക്കെ സിനിമ തുടങ്ങുന്നതു വരെ മാത്രമായിരുന്നു. ആ ടെൻഷനൊക്കെ മാറ്റിവച്ചാണ് ഞാൻ ഷൂട്ടിങിനെത്തിയത്. ആ ടെൻഷൻ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യിൽ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ സീനുകൾ കാരണം ഇത്രയും നല്ലൊരു ടീമിനൊപ്പമുള്ള നല്ലൊരു ചിത്രം വേണ്ടെന്നു വയ്ക്കരുതെന്ന നിർബന്ധവുമുണ്ടായിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാൻ ചിന്തിച്ചത്.

കഥാപാത്രങ്ങൾ തമ്മിലുള്ള സ്നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയത്. അത് ചിത്രത്തിന്റെ മാർക്കറ്റിങ്ങിനോ അല്ലെങ്കിൽ മറ്റേതെങ്കിലും ലാഭത്തിനോ വേണ്ടിയല്ല ചെയ്തതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒട്ടും വൾഗർ അല്ലാത്ത രീതിയിലാണ് ചെയ്തതും. നാണിക്കേണ്ടതായി ഒന്നും അവിടെയില്ല എന്നെനിക്ക് അറിയാമായിരുന്നു.എനിക്ക് അഭിമാനത്തോടു കൂടി എവിടെയും പറയാൻ കഴിയുന്ന ചിത്രമാണ്. അത് അതിന്റെ സൃഷ്ടാക്കളുടെ വിജയമാണ്.

ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ സീനുകളിലൊന്നു പോലും നമ്മുടെ മനസിലുണ്ടാകില്ല. ആളുകൾ ആരും ആ രംഗങ്ങളെ കുറിച്ച് മോശമായി ഒന്നുമേ പറഞ്ഞിട്ടുമില്ല. ഞാനൊരു ഡോക്ടർ കൂടിയാണ്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അത് മറച്ചുവയ്ക്കേണ്ട ഒന്നായിട്ട് എനിക്കു തോന്നിയിട്ടുമില്ല.

ഇത്തരം രംഗങ്ങളിൽ അഭിനയിച്ചാൽ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു. നല്ല പേടിയും ടെൻഷനും ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാൻ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോൾ അവർക്ക് ഷോക്ക് ആകരുതല്ലോ. അവർക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല.