മലയാളികളുടെ മനസിൽ എന്നും വിങ്ങലായി തങ്ങി നിൽക്കുന്ന പ്രണയത്തിന്റെയും വിരഹത്തിന്റെ നേർകാഴ്ച മലയാളിക്ക് സമ്മാനിച്ച സിനിമയായിരുന്നു മായാനദി. അതിലെ അപ്പുവിനെയും മാത്തനെയും മലയാളികൾക്ക് അടുത്തെങ്ങും മറക്കാനിടയില്ല. സിനിമയിലുടനീളം മാത്തന്റെയും പ്രേക്ഷകരുടെയും ഇഷ്ടം പിടിച്ചു പറ്റി ആവസാനത്തെ ഷോട്ടിൽ ഏകയായി നടന്നു നീങ്ങിയ അപ്പു നടന്ന് കയറിയത് മലയാളിയുടെ മനസിലും മലയാള സിനിമയിലെ മുൻ നിരയിലുമായിരുന്നു. അപ്പുവായി ജീവിച്ച ഐശ്വര്യ ലക്ഷ്മി മയാനദിയിലെ ലിപ്പ് ലോക്കിനെക്കുറിച്ചും അതു കണ്ട അച്ഛനമ്മമാരുടെ പ്രതികരണത്തെക്കുറിച്ചും മനസ് തുറക്കുന്നു.

ഞാൻ വീട്ടിലെ ഒറ്റ മോളാണ്. ഭയങ്കര റിബലാണ്. എന്റെയടുത്ത് ആരെങ്കിലും അവിടെ പോകരുത് അതു ചെയ്യരുത് എന്നൊക്കെ പറഞ്ഞാൽ ഞാൻ അവിടെ പോയി എന്തു കൊണ്ട് അവർ അങ്ങനെ പറഞ്ഞു എന്ന് 'പണി' മേടിച്ച് അനുഭവിച്ച ശേഷമെ പഠിക്കാറുള്ളൂ. അങ്ങനെയൊരു റിബൽ സ്വഭാവം ഉള്ളതിനാൽ എന്തു കൊണ്ട് അങ്ങനെയൊരു സീൻ ചെയ്യാൻ പാടില്ല എന്നൊരു ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. ആ സീൻ ചെയ്യാൻ നല്ല പേടിയുണ്ടായിരുന്നു. സമൂഹം എന്തു പറയുമെന്ന പേടി എനിക്കുണ്ടായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കൾ എന്തു പറയുമെന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.

പക്ഷേ അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകൾ. അവർ ഒരിക്കലും ഇതൊരു മാർക്കറ്റിങ് ഗിമിക്കായി ഉപയോഗിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കാണാൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.

എന്റെ അമ്മ ഈ സീൻ കണ്ടു. അച്ഛൻ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവർക്കും വിഷമമുണ്ടായി. പക്ഷേ അവർ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോർത്ത് കൂടുതൽ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവർക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്നു അവർ ഇപ്പോഴും പറയും.