സമൂഹമാധ്യങ്ങളിലെ മുറിവേറ്റ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശദമായ അഭിമുഖത്തിൽ തന്നെ നിരന്തരം ശല്യപ്പെടുത്തിയ ആരാധകനുമായി സംവദിച്ച അനുഭവവും പങ്കുവയ്ക്കുന്നു.

ഫേസ്‌ബുക്കിൽ പൃഥ്വിരാജിനെക്കുറിച്ച് പണ്ട് പോസ്റ്റ് കമന്റിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യലക്ഷ്മിക്ക്. പൃഥ്വിരാജിനെ രാജപ്പൻ എന്നു വിളിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്. ഫാനിസം തലക്കു പിടിച്ചിരുന്ന കാലത്ത് ഇട്ട പോസ്റ്റ് ആരോ റീപോസ്റ്റ് ചെയ്തതോടെ കമന്റുകളുടെ പ്രവാഹമായിരുന്നു പോസ്റ്റിനു താഴെ. ഒടുവിൽ ഐശ്വര്യ മാപ്പു പറഞ്ഞു രംഗത്തു വന്നിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് സ്ത്രീകൾക്ക് ചിലർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ചിലർക്കിഷ്ടമില്ലാത്തതു പറഞ്ഞാൽ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറയുന്നു.'ആ കമന്റ് പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ സിനിമയിൽ എത്തിയിട്ടു പോലുമില്ല. ഇപ്പോഴാണെങ്കിൽ താനങ്ങനെ ഒരു പരാമർശം നടത്തില്ല. പൃഥ്വിരാജിനെ ബഹുമാനിക്കുന്നു. പക്ഷേ ഞാൻ പറഞ്ഞതിൽ അദ്ദേഹത്തിനെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..' ഐശ്വര്യ വ്യക്തമാക്കി.

'നിങ്ങൾ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്. ഐശ്വര്യ തുടർന്നു: 'ഓൺലൈനിൽ എന്നെ സ്ഥിരം ശല്യം ചെയ്യുന്ന ഒരാളുണ്ടായിരുന്നു. എന്റെ എല്ലാ ചിത്രങ്ങൾക്കും യൂട്യൂബിലെ അഭിമുഖങ്ങൾക്കും താഴെ ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യുമായിരുന്നു. ആ കമന്റുകൾ ശരിക്കും വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ ഇതൊക്കെ ചെയ്യുന്നതിനു പിന്നിലെ കാരണമറിയാൻ ആ കമന്റുകൾക്ക് ഞാൻ പ്രതികരിച്ചു തുടങ്ങി.

മായാനദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോടുള്ള വെറുപ്പ് കാരണമാണ് അയാൾ ഇത്തരത്തിൽ പെരുമാറിയിരുന്നത്. എന്റെ ജോലിയാണിതെന്ന് പറഞ്ഞു ഞാൻ നിർത്തി. അത്ഭുതം തോന്നിപ്പോയി..ഇതെന്റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമർശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണന്നതു ശരി തന്നെ.. പക്ഷേ, ഞാൻ ചെയ്ത ഒരു സീനിന്റെ പേരിൽ അത്രത്തോളം വ്യക്തിഹത്യ ഞാൻ നേരിട്ടു...'