കാനിൽ 17 വർഷമായി നിറ സാന്നിധ്യമാണ് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്. ഇത്തവണ കാനിലെത്തിയ ഐശ്വര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരു ചിത്ര ശലഭത്തെ പോലെ അതിമനോഹരമായാണ് കാനിലെ റെഡ് കാർപറ്റിൽ ഐശ്വര്യ പാറിപ്പറന്നത്. ഫാഷൻ പ്രേമികളെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ആ കിടലൻ ഔട്ട്ഫിറ്റിന്റെ പിറകെത്തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ. എന്നാൽ ആ ഗൗണിന് പിന്നിലെ അധ്വാനം ചില്ലറയൊന്നുമല്ല.

3,000 മണിക്കൂറുകൾ എടുത്താണ് ഐശ്വര്യ അണിഞ്ഞെത്തിയ ബട്ടർഫ്ളൈ ഗൗൺ തയ്യാറാക്കിയതെന്ന് ഫാഷൻ ഡിസൈനർ മൈക്കിൾ ചിങ്കോ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ പ്രേമികൾ. ഒരു ശലഭത്തിന്റെ രൂപാന്തരവുമായി ബന്ധപ്പെട്ട ദുർഗ്രാഹ്യമായ സ്വപ്നത്തിന്റെ പ്രതിഫലനമായാണ് ഈ ഗൗൺ രൂപകല്പനചെയ്തതെന്ന് മൈക്കിൾ പറയുന്നു. ഗൗണിനോട് ചേർന്നുള്ള 20 അടി ട്രെയിൻ ചിത്രശലഭപ്പുഴുവിൽ നിന്നും ഉയർന്നുവരുന്ന ചിത്രശലഭത്തിനെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും മൈക്കിൾ പറയുന്നുണ്ട്.

ഐശ്വര്യയും അവരുടെ ടീമുമായി ചേർന്ന് സരോസ്‌കി സ്‌റ്റൈലിലാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ആഷിന്റെ ശരീരത്തോട് ചേർന്ന നിൽക്കുന്ന രീതിയിൽ ചെറിയ ചില രൂപമാറ്റങ്ങൾ വരുത്താനും താൻ ശ്രമിച്ചുവെന്ന് മൈക്കിൾ പറഞ്ഞു. സ്വീറ്റ്ഹാർട്ട് നെക്ക്ലൈനോടുകൂടി തയ്യാറാക്കിയ ഗൗൺ ഐശ്വര്യയുടെ ശരീരഭംഗി എടുത്തുകാണിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരുന്നത്.

ഐശ്വര്യയുടെ സ്‌റ്റൈൽ യഥാർത്ഥത്തിൽ ശാക്തീകരിക്കുന്ന ഒന്നാണ്. ഫാഷനെ ആത്മവിശ്വാസം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് അവർ ഉപയോഗിക്കുന്നത്. അത് സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല പ്രചോദനം നൽകുക കൂടി ചെയ്യുന്നതാണ്. അവളുടെ നിത്യഹരിത ശൈലി എത്ര വശ്യമായാണ് തിളങ്ങുന്നത്. അതുമാത്രമല്ല അവർക്ക് ശരീരത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്, അവളെ നിർവചിക്കുന്ന ആ ഘടകങ്ങളെ വസ്ത്രധാരണത്തിലൂടെ എങ്ങനെ ശ്രദ്ധേയമാക്കാം എന്നും അവർക്ക് കൃത്യമായി അറിയാം.' ഐശ്വര്യയെ മൈക്കിൾ വിലമതിക്കുന്നതിന് കാരണങ്ങൾ ഇതൊക്കെയാണ്.