തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെയും പ്രവർത്തകരെയും സജ്ജമാക്കുന്നതിനായുള്ള 125 ദിന ദേശീയ പര്യടനത്തിന്റെ ഭാഗമായി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂൺ രണ്ടു മുതൽ നാലുദിവസം കേരളം സന്ദർശിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധികൾ ഉണ്ടാകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് അമിത് ഷാ കരുക്കൾ നീക്കുന്നത്. ബിജെപിയുടെ വളർച്ച പൂർണമാകണമെങ്കിൽ കേരളത്തിലും ബംഗാളിലും പാർട്ടിക്ക് നിർണായക സ്വാധീനമുണ്ടാകണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ കണക്കുകൂട്ടൽ.

കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി എൻഡിഎ വിപുലമാക്കാനുള്ള ചർച്ചകൾക്ക് അമിത് ഷാ നേതൃത്വം നൽകും. തിരുവനന്തപുരത്തും കൊച്ചിയിലുമായി 21 പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുക. ഇന്ത്യയിൽ ബിജെപിയുടെ സുവർണസമയം വരണമെങ്കിൽ കേരളത്തിലും ബംഗാളിലും ഭരണം പിടിക്കേണ്ടതുണ്ടെന്ന് ഏപ്രിലിൽ ഭുവനേശ്വറിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ അമിത്ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാടി കേരളത്തിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള തന്ത്രങ്ങളുമായി ആയിരിക്കും പാർട്ടി ദേശീയ അധ്യക്ഷൻ വിമാനമിറങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുടെ കേരളാ ഓപറേഷന് അനുമതി നല്കിയിട്ടുണ്ട്.

കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്ക് അമിത്ഷാ നേരിട്ടാണു ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനം വേണമെന്നാണ് ദേശീയ നിർവാഹക സമിതിയിലെ അഭിപ്രായം. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കുകയെന്നതാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇതിനായി ഗോവയിൽ നടപ്പാക്കി വിജയിച്ച തന്ത്രങ്ങളും പരീക്ഷിക്കും.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ചില നേതാക്കളേയും പ്രവർത്തകരേയും അടർത്തിയെടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പാർട്ടികളിൽ നിന്ന് ചില നേതാക്കളും പ്രവർത്തകരും വൈകാതെ ബിജെപിയിലെത്തുമെന്നാണ് നേതാക്കൾ നല്കുന്ന സൂചനകൾ. തിരുവനന്തപുരത്ത് ശശി തരൂർ എംപിയെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങൾ നേരത്തേ ബിജെപി നടത്തിയിരുന്നെങ്കിലും വിലപ്പോയില്ല. തുടർന്ന് തരൂരിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നതും ബിജെപിക്കും മോദിക്കും താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ ബിജെപി അനുകൂല നിലപാടുകളാൽ കുപ്രസിദ്ധമായ അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി തരൂരിനെതിരേ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിൽ ഗുരുതര ആരോപണം ഉന്നയിച്ചതോടെ ഈ സാധ്യതകളെല്ലാം പൂർണമായി അടഞ്ഞു.

തിരുവനന്തപുരത്തുള്ള കോൺഗ്രസ് നേതാക്കളിൽ വി എസ് ശിവകുമാറിനേയും ബിജെപി ലക്ഷ്യമിടുന്നതായാണു സൂചന. എൻ എസ് എസുമായി അടുത്ത ബന്ധമുള്ള നേതാവാണ് ശിവകുമാർ. ഇതാണ് ശിവകുമാറിനെ നോട്ടമിടാനുള്ള പ്രധാന കാരണം. നായർ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കൊല്ലത്ത് ആർഎസ്‌പിയുടെ എൻ കെ പ്രേമചന്ദ്രൻ എംപിയോടും അനുകൂല നിലപാടാണ് ബിജെപിക്കുള്ളത്. യുഡിഎഫിൽ നിന്ന് ജയിച്ച പ്രേമചന്ദ്രൻ പാർലമെന്റിലെ ഗർജ്ജിക്കുന്ന മുഖമാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നിരയിൽ ഏറ്റവും ക്രിയാത്മക ഇടപെടൽ നടത്തുന്ന അംഗം. പ്രേമചന്ദ്രന് കൊല്ലത്ത് സ്വന്തമായി വോട്ട് ബാങ്കുമുണ്ട്. ഈ സാഹചര്യത്തിൽ പ്രേമചന്ദ്രനെ ബിജെപിയുടെ മുഖമാക്കാൻ മോദിയടക്കം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രേമചന്ദ്രൻ ബിജെപിയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ്.

കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാൻ അമിത് ഷാ ശ്രമം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ഇല്ലാതെ പിണങ്ങി നിൽക്കുന്നവരേയും ബിജെപി ക്യാമ്പിലേക്ക് എത്തിക്കാനാണ് നീക്കമുണ്ട്. ഇതിൽതന്നെ ന്യൂനപക്ഷ വിഭാഗങ്ങളിലെ കോൺഗ്രസ് നേതാക്കളെയാണ് അമിത് ഷായും സംഘവും പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനെ അടക്കം ബിജെപി നോട്ടമിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉപരാഷ്ട്രപതി സ്ഥാനം പോലും വാഗ്ദാനം ചെയ്ത് കുര്യനെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങളാണ് ആലോചിക്കുന്നത്. കെവി തോമസും ബിജെപിയുടെ പരിഗണനാ പട്ടികയിലുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തുന്ന കെ വി തോമസ് ഈ നീക്കങ്ങളോട് ഒരു പരിഗണനയും കാട്ടുന്നുമില്ല.

അതേസമയം, വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള കുര്യൻ അടക്കമുള്ള നേതാക്കൾ ബിജെപിയുടെ വാഗ്ദാനങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നില്ല. ഇത് അമിത്ഷായെയും സംഘത്തെയും അസ്വസ്ഥമാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സ്ഥനമാനങ്ങൾ വാഗ്ദാനം ചെയ്താൽ അനായാസം മറുകണ്ടം ചാടി ബിജെപിയിലെത്തുന്ന പ്രവണത കേരളത്തിലെ നേതാക്കൾ കാണിക്കുന്നില്ലെന്നതാണ് അമിത് ഷാ നേരിടുന്ന പ്രശ്‌നം. പ്രേമചന്ദ്രനും കെവി തോമസും തരൂരുമെല്ലാം ബിജെപിയിലേക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. തരൂർ ഇക്കാര്യം പരസ്യമായിതന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. ആലപ്പുഴ എംപി കെ സി വേണുഗോപാലും പരിഗണനാ പട്ടികയിലുണ്ടെങ്കിലും അദ്ദേഹവും അടുക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാലെന്നതാണ് ഇതിന് കാരണമായി ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

കണ്ണൂരിൽ നിന്ന് എപി അബ്ദുള്ളക്കുള്ളകുട്ടിയേയും അമിത് ഷാ നോട്ടമിടുന്നുണ്ട്. മോദിയുടെ ഗുജറാത്ത് മോഡലിനെ ആദ്യം പുകഴ്‌ത്തിയ നേതാക്കളിൽ ഒരാളായിരുന്നു അബ്ദുള്ളക്കുട്ടി. മംഗലാപുരത്തെ ആർഎസ്എസ് നേതൃത്വത്തിലെ പ്രമുഖരുമായി അബ്ദുള്ളക്കുട്ടിക്ക് ബന്ധമുണ്ട്. ഈ സാഹചര്യമെല്ലാം ഉപയോഗിച്ച് അബ്ദുള്ളക്കുട്ടിയെ കേരളത്തിലെ മുസ്ലിം മുഖമാക്കാനാണ് നീക്കം.

ചില ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ അനായാസം ജയിച്ചു കയറാമെന്ന വിലയിരുത്തൽ അമിത് ഷായ്ക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസർകോട് മണ്ഡലങ്ങൾക്കുപുറമേ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂർ, പാലക്കാട് ഉൾപ്പടെയുള്ള മണ്ഡലങ്ങൾ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ അടക്കം ബിജെപി കണ്ണുവെക്കുന്നു. മോദിയെന്ന നേതാവിനെ ഉയർത്തി കാണിച്ചു കൊണ്ടായിരിക്കും ബിജെപിയുടെ പ്രചരണങ്ങളെല്ലാം മുന്നോട്ടു പോകുക.

ഇപ്പോഴത്തെ എൻഡിഎ സംഖ്യം വിപുലീകരിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ പ്രബല മുന്നണികൾക്ക് പുറത്തു നിൽക്കുന്ന കെ എം മാണിയെ ലക്ഷ്യമിട്ടാകും പ്രധാന നീക്കങ്ങൾ. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദവി അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാകും ബിജെപി ഇതിനായി പദ്ധതി തയ്യാറാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാർട്ടികളിൽനിന്ന് ആകർഷിച്ച് ബിജെപിയിലോ എൻ.ഡി.എ.യിലോ ചേർക്കുക എന്ന തന്ത്രം തന്നെയാകും പ്രധാനമായും ഉണ്ടാകുക.

ജൂൺ രണ്ടിനു കേരളത്തിലെത്തുന്ന അമിത് ഷാ അന്നു കൊച്ചിയിലും തുടർന്നുള്ള രണ്ടു ദിവസം തിരുവനന്തപുരത്തുമായിരിക്കും. മൂന്നിനു തിരുവനന്തപുരത്തു സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. നാലിനു രാവിലെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ദീൻദയാൽ ജന്മശതാബ്ദി ആഘോഷ സമാപനത്തിലും പങ്കെടുക്കും. കൂടാതെ എൻഡിഎ യോഗം, ജില്ലാ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം, ബൂത്ത് കമ്മിറ്റി യോഗം, മുഴുവൻ സമയ പ്രവർത്തരുടെയും മേഖലാ ഭാരവാഹികളുടെയും യോഗം, പൊതുരംഗത്തെ പ്രമുഖരുടെ യോഗം എന്നിവയിലും പങ്കെടുക്കും.