പുനലൂർ: വ്യവസായം തുടങ്ങാൻ രാഷ്ട്രീയ പാർട്ടികൾ തടസം നിന്നതിന്റെ മനോവിഷമത്തിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തകേസിൽ എ.ഐ.വൈ.എഫ് നേതാവ് കസ്റ്റഡിയിൽ. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിളക്കുടി വാഴമൺ ആലൻകീഴിൽ സുഗതൻ (65) ആണ് ഫെബ്രുവരി 23ന് നിർമ്മാണം നടന്നുവന്നിരുന്ന ഷെഡിൽ തൂങ്ങിമരിച്ചത്.

ഇളമ്പൽ പൈനാപിൾ ജങ്ഷനിൽ നിർമ്മാണത്തിലിരുന്ന വർക്ക് ഷോപ്പിന്റെ ഷെഡിലാണ് മൃതദേഹം കണ്ടത്. വിളക്കുടി പഞ്ചായത്തിൽ പൈനാപിൾ ജങ്ഷന് സമീപം വർക്ക് ഷോപ് നടത്തുന്നതിനായി ഷെഡ് നിർമ്മിക്കുന്നതിന് നിലം നികത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് ഷെഡ് നിർമ്മിക്കുകയും ചെയ്തു. എന്നാൽ ഷെഡ് പൊളിക്കണമെന്ന് പാർട്ടി പ്രവർത്തകരെത്തി ആവശ്യപ്പെട്ടിരുന്നു. അനധികൃത വയൽ നികത്തലെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി കുത്തി നിർമ്മാണം തടസ്സപ്പെടുത്തിയിരുന്നു.

അടുത്ത ദിവസം സഹായിയുമായി ഷെഡിലെത്തിയ സുഗതൻ ഒപ്പമുണ്ടായിരുന്ന വ്യക്തിയെ സമീപത്തെ കടയിലേക്ക് പറഞ്ഞുവിട്ടതിനുശേഷമാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. കേസിൽ നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന പിരിവിന് ഇറങ്ങിയതാണ് സുഗതന്റെ ജീവനെടുത്തത്. അച്ഛനുണ്ടായ അനുഭവം ഇനി രു പ്രവാസിക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്. ഇവിടുത്തെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് തങ്ങളുടെ അച്ഛനെന്ന് സുജിയും സുജിത്തും ഒരേശബ്ദത്തിൽ പറയുന്നു. കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് കേസ് വീണ്ടും ചുടുപിടിച്ചത്.

40 വർഷമായി മസ്‌കത്തിലെ ജിബ്രാലിൽ സ്വന്തമായി വർക്ക് ഷോപ് നടത്തിവരുകയായിരുന്നു ഭാര്യക്കും മക്കൾക്കും ഒപ്പം സുഗതൻ. മസ്‌കത്തിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടിൽ സ്ഥാപനം തുടങ്ങി ഗൾഫ് ജീവിതം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് രണ്ടു മാസം മുമ്പാണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വർക്ക് ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്‌കത്തിൽ വർക്ക് ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉൾപ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലിൽ മുമ്പ് നികത്തിയ വയൽ പാട്ടത്തിനെടുത്തത്. ഇവിടെ നാലു ലക്ഷത്തോളം രൂപ മുടക്കി ഷെഡ് സ്ഥാപിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ സമീപിച്ച് താൽക്കാലിക അനുമതിയും വാക്കാൽ നേടി.

എന്നാൽ, നീർത്തടം നികത്തിയ സ്ഥലമായതിനാൽ എ.ഐ.വൈ.എഫുകാരുടെ ഭാഗത്തുനിന്ന് എതിർപ്പ് നേരിട്ടു. നേതാക്കളെ കണ്ട് പലതവണ കാര്യം ബോധിപ്പിച്ചു. ഇവരാരും കാര്യമായ എതിർപ്പുകൾ കാട്ടിയില്ല. ഇതിനിടയിലാണ് അഞ്ചുദിവസം മുമ്പ് എ.ഐ.വൈ.എഫുകാർ സ്ഥലത്തുകൊടിനാട്ടിയത്. ഇതിനു ശേഷവും നേതാക്കളെ കണ്ട് വർക്ക് ഷോപ് തുടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവർ വലിയ തുക സംഭാവന ചോദിച്ചിരുന്നതായി അച്ഛൻ പറഞ്ഞതായി മക്കൾ ഓർക്കുന്നു.

അച്ഛൻ മരിക്കുന്ന വെള്ളിയാഴ്ച രാവിലെ അവസാന ശ്രമമെന്ന നിലയിൽ മറ്റാരെയോ കണ്ട് കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വർക്ക് ഷോപിലെത്തിയ ശേഷം ആംഗ്ലയറിൽ നാലു കയറുകൾ കെട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് എന്തിനാണെന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. ഇദ്ദേഹത്തെ കടുംചായ വാങ്ങിക്കാൻ തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. ചായയുമായി ഇയാൾ എത്തിയപ്പോൽ അച്ഛൻ തൂങ്ങിനിൽക്കുന്നതാണ് കാണുന്നത്. ആത്മഹത്യക്ക് പ്രേരകമായ മറ്റൊരു കാരണങ്ങളും ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. അച്ഛന്റെ മരണത്തിന് കാരണക്കാരായ പൊതുപ്രവർത്തകരെ നിയമത്തിനു മുന്നിലെത്തിക്കണം. നീതി ലഭിച്ചില്ലങ്കിൽ ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

അതേസമയം വിഷയം പ്രവാസി ലോകം ഏറ്റെടുത്തതോടെ പ്രതിരോധിക്കാൻ പാടുപെടുകയാണ് സിപിഐ. സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം എ.ഐ.വൈ.എഫിനാണെന്ന ആരോപണങ്ങളും പ്രചാരണങ്ങളും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി വയൽനികത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റും കെട്ടിട നമ്പറും നൽകുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എ.ഐ.വൈ.എഫ് ഇളമ്പൽ ലോക്കൽ കമ്മിറ്റി.