- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജു ജോർജിന് എതിരായ ആക്രമണം പ്രതിഷേധാർഹം; പ്രതികരണവുമായി എഐവൈഎഫ് ; നടന്നത് കോൺഗ്രസ്സിന്റെ അഴിഞ്ഞാട്ടമെന്നും വിമർശനം
തിരുവനന്തപുരം: കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നടൻ ജോജു ജോർജിനെതിരായ കോൺഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ്. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ ജോജുവിന്റെ കാർ തകർക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിന്റെ നടപടി അപലപനീയമാണ്. അക്രമത്തെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്നും എഐവൈഎഫ് ആരോപിച്ചു.
ജോജുവിന്റെ കാർ തകർത്തത് സ്വാഭാവിക പ്രതികരണമാണെന്നാണ് കെ സുധാകരൻ പറയുന്നത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന നുണ പ്രചരിപ്പിക്കാൻ കെ സുധാകരനെ പോലെ ഒരു ജന പ്രതിനിധി ശ്രമിക്കുന്നത് പരിഹാസ്യമാണ്. അക്രമം നടത്തുന്നവരെ ന്യായീകരിക്കുകയും അതിനായി പച്ചക്കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കൾ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്. ഇത്തരം അക്രമങ്ങളെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.ജോജുവിനെ ആക്രമിച്ചവർക്കെതിരെ നിയമ നടപടി പൊലീസ് സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
സംഭവത്തിനെതിരെ എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അഴിഞ്ഞാട്ടമാണ് എറണാകുളത്ത് പ്രതിഷേധത്തിന്റെ പേരിൽ നടന്നതെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ അരുൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ