- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിം ലേക്കർ 56 നേടിയത് 10 വിക്കറ്റ്; 1999ൽ പാക്കിസ്ഥാനെ ഡൽഹിയിൽ തകർത്ത് കുംബ്ലെയും അസുലഭ നേട്ടം സ്വന്തമാക്കി; ഇന്ന് വാങ്കഡയിൽ പത്തിൽ പത്തും നേടി അജാസ് പട്ടേലും; മുംബൈയിൽ ജനിച്ച് ന്യൂസിലണ്ടിൽ കുടിയേറിയ ഇന്ത്യൻ വംശജൻ! ഹിന്ദിക്കാരൻ പയ്യൻ ഇന്ത്യയെ വരിഞ്ഞു കെട്ടി നേടിയത് റെക്കോർഡ്
മുംബൈ: പ്രസിദ്ധമായ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയിൽ മറ്റൊരു ചരിത്രം പിറന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിലെ പത്തിൽ പത്ത് വിക്കറ്റും നേടുന്ന താരമായി ന്യൂസിലണ്ടിന്റെ അജാസ് പട്ടേലും. ഈ നേട്ടം മുംബൈയിൽ ഇന്ത്യക്കെതിരെ പട്ടേൽ നേടുമ്പോൾ അതിന് മറ്റൊരു കൗതുകവുമുണ്ട്. അജാസിന്റെ ജനനം മുംബൈയിലാണ്. അങ്ങനെ മുംബൈയിൽ ജനിച്ച അജാസ് അതേ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിലെ അസുലഭ നിമിഷം നേടുകയാണ്. അനിൽ കുംബ്ലയ്ക്ക് സ്വന്തമായ റിക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ പത്തിൽ പത്തും നേടുന്ന മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേൽ. ജിം ലേക്കറിനും അനിൽ കുംബ്ലയ്ക്കും ശേഷം അജാസ് ഈ അസാധാരണ നേട്ടം കരസ്ഥമാക്കിയത്.
ഇംഗ്ലീഷ് താരമായിരുന്ന ജിം ലേക്കർ 1956ലാണ് ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയത്. 5.12 ഓവറിൽ 53 റൺസിന് പത്ത് വിക്കറ്റ്. ഓസ്ട്രേലിയയ്ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു നേട്ടം. പാക്കിസ്ഥാനെ ഡൽഹിയിൽ 1999ലാണ് അനിൽ കുംബ്ലെ കറക്കി വീഴ്‌ത്തിയത്. അതിന് ശേഷം 2021ൽ അജാസും. 47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് നേട്ടം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ പാക്കിസ്ഥാനെ 1999ൽ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വിക്കറ്റും നേടിയ മൂന്ന് പേരും സ്പിന്നർമാരാണെന്നതും പ്രത്യേകതയാണ്.
അജാസ് പട്ടേൽ എന്ന ഇന്ത്യൻ വംശജനാണ്. കിട്ടിയ അവസരങ്ങളെല്ലാം നന്നായി മുതലാക്കുന്ന അജാസ് ഇപ്പോൾ കിവി നിരയിലെ ആദ്യ സ്പിൻ ചോയിസാണ്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ മെരുക്കാൻ ക്യാപ്റ്റൻ ആശ്രയിച്ചതും ഈ മുപ്പത്തുകാരനെയാണ്. അജാസിന്റെ നേട്ടത്തിനിടെയും ഇന്ത്യ ഒന്നാം ഇന്നിംങ്‌സിൽ ഇന്ത്യ 325 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.
ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് അജാസ് പട്ടേലിന്റെ പ്രകടനത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടോ ടോപ് സ്‌കോറർ. 311 പന്തുകൾ നേരിട്ട അഗർവാൾ 17 ഫോറും നാലു സിക്‌സും സഹിതം 150 റൺസെടുത്തു. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. എല്ലാ വിക്കറ്റുകളും അജാസ് പട്ടേൽ സ്വന്തമാക്കി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.
ന്യൂസിലൻഡിനായി നിരവധി ഇന്ത്യൻ വംശജർ കളിച്ചിട്ടുണ്ട്. 1992ലെ ലോകകപ്പിൽ കളിച്ച ദീപക് പട്ടേൽ മുതൽ ജീതൻ പട്ടേൽ, ഇഷ് സോധി തുടങ്ങിയവരെല്ലാം ഇന്ത്യൻ വേരുകളുള്ളവരാണ്. മുംബൈയിലാണ് അജാസിന്റെ ജനനം. ആ നഗരത്തിലെ വാങ്കഡേ സ്റ്റേഡിയത്തിൽ പത്ത് വിക്കറ്റ് നേട്ടവും. മുംബൈയിൽ ജനിച്ച്, ന്യൂസീലൻഡിലേക്കു കുടിയേറിയ വ്യക്തിയാണ് അജാസ് പട്ടേൽ. ന്യൂസിലാൻഡ് ക്രിക്കറ്റിലെ അറിയപ്പെടുന്ന സ്പിന്നറാണ് അജാസ് പട്ടേൽ.
അബുദാബി സ്റ്റേഡിയത്തിൽ അജാസ് പട്ടേൽ പാക്ക് ബാറ്റിങ് നിരയെ കറക്കി വീഴ്‌ത്തിയാണ് ശ്രദ്ധേയനായത്. 2018ലായിരുന്നു അത്. 1992 ലോകകപ്പിൽ ന്യൂസീലൻഡിനു വേണ്ടി ബോളിങ് ഓപ്പൺ ചെയ്ത് ലോകത്തെ അമ്പരപ്പിച്ച മറ്റൊരു സ്പിന്നർ ദീപക് പട്ടേലിനെയാണ് അന്ന് ക്രിക്കറ്റ് ലോകം ഓർമിച്ചത്. 1992ലെ ടൂർണമെന്റിലാകെ 7 വിക്കറ്റ് വീഴ്‌ത്തിയ പട്ടേലിന്റെ കൂടി മികവിലാണ് അന്ന് ന്യൂസീലൻഡ് സെമിഫൈനൽ വരെ എത്തിയത്. അതിനു ശേഷം കിവീസ് ടീമിൽ നിന്ന് ലോകമറിഞ്ഞ പട്ടേൽ ഓഫ്സ്പിന്നർ ജീതൻ പട്ടേലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഡാനിയേൽ വെട്ടോറിയുടെ നിഴലിലൊതുങ്ങിയ ജീതൻ പിന്നീട് 24 ടെസ്റ്റുകളും 43 ഏകദിനങ്ങളും കളിച്ചു. അരങ്ങേറ്റത്തിൽ തന്നെ മാൻ ഓഫ് ദ് മാച്ചായി അജാസ് പട്ടേലും കിവീസ് ടീമിലൂടെ ലോക ക്രിക്കറ്റിൽ വരവറിയിച്ചു
ദീപക് പട്ടേൽ കെനിയൻ തലസ്ഥാനമായ നയ്റോബിയിലും ജീതൻ പട്ടേൽ ന്യൂസീലൻഡ് തലസ്ഥാനമായ വെല്ലിങ്ടനിലുമാണ് ജനിച്ചതെങ്കിൽ അജാസ് പട്ടേൽ ജനിച്ചത് മുംബൈയിലാണ്. അജാസിന് എട്ടു വയസ്സായപ്പോൾ കുടുംബമൊന്നാകെ ന്യൂസീലൻഡിലേക്കു കുടിയേറുകയായിരുന്നു. അജാസിനെ കൂടാതെ ഓപ്പണർ ജീത് റാവൽ, സ്പിന്നർ ഇഷ് സോധി എന്നിവരും ഇന്ത്യൻ വംശജരായി ന്യൂസീലൻഡ് ടീമിൽ കളിച്ചിട്ടുണ്ട്. 8 വയസ്സു വരെ ഇന്ത്യയിലായിരുന്നതിനാൽ അജാസിന് ഹിന്ദിയിൽ സംസാരിക്കാനും കഴിയും.
ക്രിക്കറ്റ് താരങ്ങൾ മികവിന്റെ പാരമ്യത്തിലേക്കു കടക്കുന്ന 30ാം വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അജാസ് പട്ടേലിന് അവസരം ലഭിച്ചത്. അതും പാക്കിസ്ഥാനെതിരായ ട്വന്റി20 ടൂർണമെന്റിലൂടെ. 30 വയസ് തികഞ്ഞതിന്റെ 10ാം ദിവസം നടന്ന അരങ്ങേറ്റ മൽസരത്തിൽ അജാസ് 27 റൺസ് വഴങ്ങി ഒരു വിക്കറ്റു വീഴ്‌ത്തി. ഇതിനു പിന്നാലെയാണ് നിനച്ചിരിക്കാതെ ടെസ്റ്റ് ടീമിലേക്കു വിളിവന്നത്. പാക്കിസ്ഥാനെതിരെ അവരുടെ ഇഷ്ട മൈതാനമായ അബുദാബി സ്റ്റേഡിയത്തിലായിരുന്നു മൽസരമെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വലമായ സ്പെല്ലുകളിലൊന്നിലൂടെ അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു അജാസ്. ആദ്യ ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റ് വീഴ്‌ത്തിയ അജാസ് അരങ്ങേറ്റത്തിൽത്തന്നെ കളിയിലെ കേമനുമായി. പിന്നീട് ശ്രീലങ്കയ്ക്കെതിരേയും മികവ് കാട്ടി.
Incredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
- BCCI (@BCCI) December 4, 2021
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWq
ഇപ്പോൾ ഇന്ത്യക്കെതിരായ രണ്ട് ദിവസത്തെ മാസ്മരിക ബൗളിങ് പ്രകടനം കൊണ്ടാണ് ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ കുംബ്ലെക്കും ലേക്കറിനുമൊപ്പം ക്രിക്കറ്റ് ചരിത്രത്തിലെ മഹാരഥന്മാരുടെ പട്ടികയിലേക്ക് കടന്നു കയറിയത്. നേരത്തെ മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയതോടെ അജാസ് പട്ടേൽ ടെസ്റ്റിലെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ ന്യൂസീലൻഡിനായി ആദ്യ ടെസ്റ്റ് ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നറാണ് അജാസ്. ഇതാണ് പത്ത് വിക്കറ്റിലേക്ക് ഉയർത്തിയതും.
Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
- Anil Kumble (@anilkumble1074) December 4, 2021
മറുനാടന് മലയാളി ബ്യൂറോ