പുതിയ സിനിമ താനാജിയുടെ ഷൂട്ടിങ് തിരക്കിലേക്ക് കടന്നിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ. എന്നാൽ ഷൂച്ചിങ് തിരക്കിനിടയിൽ നടനൊപ്പിച്ചൊരു തമാശയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയും നടിയുമായ കജോളിന്റെ ഫോൺ നമ്പർ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതാണ് കോലാഹലങ്ങൾ ഉണ്ടാക്കിയത്. അജയ് ദേവ്ഗൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നമ്പരിലേക്ക് ആരാധകരുടെ ഫോൺ വിളികളുടെയും മെസേജുകളുടെയും പ്രവാഹമായിരുന്നു.

കാജോൾ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ഷസാപ്പ് നമ്പറിൽ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ പലരും ആ നമ്പറിൽ കാജോളിനെ വിളിക്കാൻ തുടങ്ങി.എന്ത് പണിയാണ് നിങ്ങൾ കാണിച്ചത് ആരെങ്കിലും ഭാര്യയുടെ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമോ തുടങ്ങി ഉപദേശങ്ങളും തെറിവിളികളും വരെ ഉണ്ടായെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ പിന്നീട് അജയ് തന്നെ വെളിപ്പെടുത്തി.

ഷൂട്ടിങിനിടെ ആരുടെയോ നമ്പർ ഭാര്യ കജോളിന്റെ നമ്പർ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഷൂട്ടിങിനിടെയുള്ള തന്റെ ചെറിയൊരു തമാശ എന്നാണ് അജയ് ഇതേക്കുറിച്ച് പിന്നീട് ട്വീറ്റ് ചെയ്തത്. അജയ് ദേവ്ഗൺ ഭാര്യയുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് താൻ എല്ലാവരെയും കബളിപ്പിക്കുകയാണെന്ന ട്വീറ്റുമായി അജയ് രംഗത്ത് എത്തിയത്.

സിനിമാ സെറ്റുകളിൽ കുസൃതികൾ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങൾക്കിട്ടാവാം എന്ന് കരുതി എന്നാണ് അജയ് ദേവ്ഗൺ എഴുതിയത്. തുടർന്ന് ഇന്ന് രാവിലെ അതിന് മറുപടിയുമായി കാജോളുമെത്തുകയായിരുന്നു.ഇപ്പോൾ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണെന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടിൽ നോ എൻട്രി ആണ് കേട്ടോ എന്നായിരുന്നു കാജോളിന്റെ മറുപടി.