ന്ത്യയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി മുങ്ങി യുകെയിൽ പൊങ്ങി രാജകീയമായി ജീവിക്കുന്നത് ചില പണക്കാരുടെ പതിവ് രീതിയാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് അജയ് ഖെയ്താൻ എന്ന ബിസിനസുകാരൻ. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 7100 കോടി വെട്ടിച്ചതിന്റെ പേരിൽ ഇന്റർപോൾ നോട്ടമിട്ട ഇന്ത്യൻ ഭീമനാണ് ഇദ്ദേഹം. എന്നാൽ നിലവിൽ ബ്രിട്ടനിലെ പ്രമുഖ റീട്ടെയിൽ ഷോപ്പുകൾ സ്വന്തമാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. അതനുസരിച്ച് വെയർഹൗസും ഒയാസിസും കോസ്റ്റും വാങ്ങാൻ മുൻനിരയിൽ എത്തിയിരിക്കുകയാണ് ഖെയ്താൻ.

ഐസ്ലാൻഡിക് ബാങ്കായ കൗപ്തിംഗിൽ നിന്നും ഈ റീട്ടെയിലർമാരെ തന്റെ പ്രൈവറ്റ് ഇക്യുറ്റി വെഹിക്കിൾ എമെറിസ്‌ക് ബ്രാൻഡുകളിലൂടെ വാങ്ങുന്നതിനുള്ള ചർച്ചകൾ ഖെയ്താൻ പ്രത്യേകതമായി നടത്തിയെന്നും റിപ്പോർട്ടുണ്ട്. കടുത്ത സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ ഈ 53 കാരനെ നിയമനടപടികൾക്കായി കൊൽക്കത്തിയിലെത്തിക്കാൻ ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇന്റർപോളിന്റെ സഹായം തേടിയിട്ടും ഇതുവരെ സാധിച്ചിട്ടില്ല. വ്യാജമായതും കൃത്രിമമായി സൃഷ്ടിച്ചതുമായ രേഖകൾ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡയെ കബളിപ്പിച്ചായിരുന്നു ഖെയ്താൻ 7100 കോടി തട്ടിയെടുത്തത്.

എന്നാൽ ഖെയ്താന്റെ വക്താവ് ഇന്റർപോൾ നോട്ടീസ് തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് യുകെിലേക്ക് കടന്ന ഇയാളെ ഇനിയും ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് മുന്നില്ലെത്തിക്കാൻ സാധിച്ചിട്ടില്ല. ഓയാസിസ്, വെയർഹൗസ്, കോസ്റ്റ് എന്നിവയ്ക്ക് ബ്രിട്ടനിൽ 750 ഔട്ട്‌ലെറ്റുകളാണുള്ളത്. ഐസ്ലാൻഡിക് ഗ്രൂപ്പ് ബൗഗുറിന്റെ തകർച്ചക്ക് ശേഷമായിരുന്നു കൗപുതിങ് ഈ റീട്ടെയിലർമാരെ ഏറ്റെടുത്തിരുന്നത്. 60 മില്യൺ പൗണ്ട് നൽകി ഈ റീട്ടെയിലർമാരെ ഏറ്റെടുക്കുന്നതിനുള്ള എമെറിസ്‌കിന്റെ ശ്രമത്തെ മറികടന്ന് ഇവയെ വാങ്ങുന്നതിനായി ഇരട്ടി വില വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് ബില്യണയർ ഫിലിപ്പ് ഡേ അടക്കമുള്ള എതിരാളികൾ രംഗത്തെത്തിയിട്ടുമുണ്ട്. എഡിൻബർഗ് വൂളൻ മിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്.

അജയ് ഖെയ്താൻ ഓഫീസറായ ഒരു കുടുംബ കമ്പനിയിലേക്ക് 1988ൽ എടുത്ത 7000 പൗണ്ട് ലോണുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇന്ത്യ ഇപ്പോൾ ഊതിപ്പെരുപ്പിച്ചിരിക്കുന്നതെന്നാണ് എമെറിസ്‌ക് ബ്രാൻഡ്‌സ് വിശദീകരിക്കുന്നത്. കഴിഞ്ഞ 28 വർഷങ്ങളായി ഇന്ത്യയിലെ നിയമവ്യവസ്ഥയിലൂടെ ഇത് കൈകാര്യം ചെയ്തതിലെ സാങ്കേതിക പ്രശ്‌നമാണ് തുകയെ ഇത്രയധികം വലുതാക്കിയിരിക്കുന്നതെന്നും എമെറിക്‌സ് വിശദീകരിക്കുന്നു. 20 വർഷങ്ങൾക്ക് മുമ്പ് യുകെയിലേക്ക് മൈഗ്രേറ്റ് ചെയ്തതിന് ശേഷം ഈ കേസുമായി ബന്ധപ്പെട്ട ഒരൊറ്റ വിചാരണയിൽ പോലും ഖെയ്താന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനാലാണ് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും എമെറിസ്‌ക് ന്യായീകരിക്കുന്നു.ഖെയ്താന് മുകളിൽ ചാർജുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് മേൽ പ്രൈമ ഫേസി കേസൊന്നുമില്ലാത്തതിനാൽ 2015ൽ ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നുവെന്നും എമെറിസ്‌ക് ന്യായീകരിക്കുന്നു.