കോഴിക്കോട്:കടകംപള്ളി സുരേന്ദ്രൻ പറയുന്നു രാഹുൽ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുൽ ഈശ്വറിന്റെ ഒരു രോമത്തിൽ തൊടാൻ ഈ സർക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല.'

സന്നിധാനത്ത് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ.മാതൃഭൂമി ന്യൂസ് ചാനലിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നേരത്തെ ബിജെപി, രാഹുൽ ഈശ്വറിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഈശ്വറിനെ പിന്തുണച്ച് രംഗത്ത് വന്നത്. ചർച്ചയിലുടനീളം രാഹുലിനെയും സന്നിധാനത്തും നിലയ്ക്കലും അക്രമം നടത്തിയവരെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്‌ത്തി അശുദ്ധമാക്കാൻ 20 ആളെ നിർത്തിയ രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞത്. ബിജെപിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികൾ പ്രവേശിച്ചാൽ കയ്യിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതി'. എന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലൂടെ രാഹുൽ വെളിപ്പെടുത്തിയത്.

രാഹുൽ ഈശ്വർ നടത്തിയത് രാജ്യദ്രോഹ പ്രവർത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ശബരിമലയിൽ ചോര ഒഴുക്കാൻ 20 പേരെ നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു. വൈകൃതമായ മനസാണ് അദ്ദേഹത്തിന്. എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുൽ ഈശ്വർ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു.

രാഹുൽ ഈശ്വറും സംഘവും നടത്തിയത് രാജ്യദ്രോഹ പ്രവർത്തനം തന്നെയാണ്. രാഹുൽ ഈശ്വറിനെപ്പോലുള്ളവർക്ക് നിൽക്കാനുള്ള ഇടമല്ല ശബരിമല. ഭക്തർക്ക് മാത്രമായ ഇടമാണ് അവിടം. അവർ അവിടെ വരികയും തൊഴുത് തിരിച്ച് പോകുകയും വേണം. ഇത്തരം കാര്യങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.