തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദശകത്തോളം കേരളരാഷ്ട്രീയത്തിനൊപ്പം നടന്ന ഏഷ്യാനെറ്റ് റീജനൽ എഡിറ്റർ ആർ.അജയഘോഷ് രചിച്ച 'ചെങ്കൊടിക്ക് തീ പിടിച്ച കാലം' മാർച്ച് 17 ന് 5 ന് തിരുവനന്തപുരം പ്രസ് ക്‌ളബ് ടി.എൻ.ജി.ഹാളിൽ സ്പീക്കർ എം.ബി.രാജേഷ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകി പ്രകാശിപ്പിക്കും.

ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ശ്രീമതി സിന്ധു സൂര്യകുമാർ പുസ്തകം അവതരിപ്പിക്കും. വിപ്‌ളവത്തിന്റെ വേനൽത്തിരകളിൽ എണ്ണ പകർന്ന കാലത്തെ കുറിച്ചല്ല. അധികാരത്തിന്റെ ആലവട്ടങ്ങൾക്കിടയിൽ അഗ്‌നി പടർന്ന കാലത്തെയാണ് അജയഘോഷ് കുറിച്ചുവെയ്ക്കുന്നത്.മലയാളി എക്കാലത്തും അറിയാനാഗ്രഹിച്ച ചരിത്രത്തിന്റെ അടരുകൾ.

ഇത് രാഷ്ട്രീയ കേരളത്തിന്റെ ചുവരെഴുത്താണ്. ഉദ്വേഗജനകമായ ഒരു സിനിമ കാണുന്ന ആകാംക്ഷയോടെ ഒരു വായനക്കാരന് ഈ പുസ്തകം വായിക്കാം. മാർച്ച് 18 മുതൽ പുസ്തകം ഓൺലൈനിൽ ലഭ്യമാണെന്ന് ലിവിങ് ലീഫ് പബ്‌ളിഷേഴ്‌സ് അറിയിച്ചു.