മാധ്യമ പ്രവർത്തകരൊക്കെ അഴിമതിക്കും അനീതിക്കുമെതിരെ പ്രതികരിക്കാൻ ബാധ്യതപ്പെട്ടവരാണെങ്കിലും എല്ലാവരും ഹരിശ്ചന്ദ്രന്മാരാവണമെന്ന് അവകാശപ്പെടാൻ കഴിയില്ല. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ സങ്കേതം എന്നറിയപ്പെടുന്ന അനധികൃത മദ്യശാല സംബന്ധിച്ച് അടുത്തിടെ പുറത്തു വന്ന ചില ചർച്ചകൾ അന്തസ്സായ രീതിയിൽ പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോഴത്തെ പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികൾ നടത്തിയ വിശദീകരണവും തുടർനടപടികളും ഏറ്റവും പരിഹാസ്യമായിപ്പോയി.

ചാനൽ ചർച്ചകളിൽ നീതിമാനെപ്പോലെ അവതരണം നടത്തിക്കൊണ്ടിരുന്ന പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി പി ജയിംസ് ഇത്തരത്തിലൊരു സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം നോക്കുമ്പോൾ അതിശയിക്കാനില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായവും പക്വതയും വച്ച് വളരെ മാന്യമായി ചെയ്തു പോരുന്ന തെറ്റ് ഏറ്റു പറഞ്ഞ് ഞങ്ങളീ പരിപാടി അവസാനിപ്പിക്കുമെന്ന് പറയുമെന്നാണ് കരുതിയത്. മദ്യപിക്കുന്നത് വലിയ പാപമാണെന്നോ സ്വകാര്യമായി ഉല്ലസിക്കുന്നത് തെറ്റാണെന്നോ എനിക്കഭിപ്രായമില്ല. എന്നാൽ സമൂഹത്തിന്റെ ബഹുമാനവും പരിഗണനകളും ഏറ്റുവാങ്ങുന്ന മാദ്ധ്യമപ്രവർത്തകർ സാമൂഹ്യമായ മര്യാദകൾ പുലർത്തേണ്ടതാണെന്ന് വിശ്വസിക്കുന്നു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ യാതൊരനുമതിയും ലൈസൻസുമില്ലാതെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്ന് നിയമവിരുദ്ധമായി മദ്യശാല പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലുള്ളവർക്കും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും അവിടുത്തെ ജേർണലിസം വിദ്യാർത്ഥികൾക്കുമെല്ലാമറിയുന്ന കാര്യമാണ്. അതുമായി ബന്ധപ്പെട്ട് ചില ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരധോലോക സംഘം പ്രവർത്തിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്ന ഒരാളാണ് ഞാൻ. അവിടെ മാദ്ധ്യമപ്രവർത്തകരും അല്ലാത്തവരുമായി തുടർച്ചയായി സംഘട്ടനങ്ങൾ അരങ്ങേറുകയും അനഭിലഷണീയമായ തെറ്റായ ചില സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചിലർ അത് ദുരുപയോഗപ്പെടുത്തുകയും ചെയ്തവരുടെ കൂട്ടത്തിൽ ഇപ്പോൾ ഇത് പുറത്ത് ചർച്ച ചെയ്യപ്പെടാനിടയാക്കിയ മാദ്ധ്യമം പത്രത്തിലെ ഒരു മുൻ ഭാരവാഹിയുമുണ്ട്. ദേശാഭിമാനിയിലെ ലേഖകന്മാർ പരസ്യമായി മദ്യപിക്കരുതെന്നും അത്തരം സൽക്കാരങ്ങളിൽ പങ്കെടുക്കരുതെന്നും അലിഖിതമായ നിർദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും അത് പരസ്യമായി ലംഘിച്ചു കൊണ്ട് എല്ലാത്തരം കൃത്രിമങ്ങളും നടത്തിക്കൊണ്ടിരുന്ന ഒരാൾ സങ്കേതത്തിലെ സ്ഥിരം മദ്യപാനം കൊണ്ട് ദയനീയമായ ശാരീരികാവസ്ഥയിലെത്തിയത് ഇവിടുത്തെ മാദ്ധ്യമപ്രവർത്തകർ കണ്ണുതുറന്ന് കാണേണ്ടതാണ്.

പത്രങ്ങളിലെ വല്ല്യേട്ടന്മാരുടെ പിന്തുടർച്ച തങ്ങൾക്കും ആവോളം ആസ്വദിക്കാൻ അവകാശപ്പെട്ടവരാണെന്ന ധാരണയിൽ പുതുതലമുറ കേരളത്തിലെ വിവിധ ചാനലുകളിൽ നിന്നു കിട്ടുന്ന താരതമ്യേന കുറഞ്ഞ വേതനത്തിന്റെ സിംഹഭാഗവും സങ്കേതത്തിൽ തന്നെ ചെലവഴിച്ചുവരുന്നുവെന്നതും ഒരു യാഥാർത്ഥ്യമാണ്. പ്രസ്സ്‌ക്ലബ്ബിൽ വെറും കാരംസും ചെസ്സും കളിക്കാനുള്ള സംവിധാനമേയുള്ളൂവെന്ന് ഭാരവാഹികൾ അവകാശപ്പെടുമ്പോൾ സങ്കേതത്തിലെ ഇപ്പോഴത്തെ ബാർ സൗകര്യങ്ങളും ഗ്ലാസ്സുകളും കുപ്പികളും ഒഴിഞ്ഞ കുപ്പികളുടെ ശേഖരവുമൊക്കെ എന്തിനു വേണ്ടിയാണെന്നും രണ്ടു ജീവനക്കാരെയും സൂക്ഷിപ്പുകാരനെയും തൂപ്പുകാരിയെയുമൊക്കെ പ്രത്യേകം നിയോഗിച്ചിരിക്കുന്നതെന്തിനാണെന്നുകൂടി വിശദീകരിക്കേണ്ടി വരും. മാദ്ധ്യമവാർത്തയെ തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തുകയും ഗസ്റ്റുകളെ നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിരോധനം വരുന്നതിനു മുമ്പു തന്നെ അവിടെ വച്ച് മദ്യപിക്കാനോ വിതരണം ചെയ്യാനോ അതിനു ലൈസൻസ് കിട്ടാനോ മേലിൽ അംഗീകാരം നൽകാനോ യാതൊരു നിയമവും ഇപ്പോഴില്ല. അഥവാ ഇപ്പോൾ തുടർന്നു വരുന്ന നിയമലംഘനം ഏതെങ്കിലും പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച് ബോധ്യപ്പെട്ടാൽ അവിടെ മദ്യം വിളമ്പുന്നവരും പ്രസ്സ് ക്ലബ്ബിന്റെ ഭാരവാഹികളും ജാമ്യം കിട്ടാത്തവകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷാനടപടികൾക്ക് വിധേയരാകുകയും ചെയ്യേണ്ടി വരും.

ഡൽഹിയിലും ബോംബെയിലും കൽക്കത്തയിലുമൊക്കെ പ്രസ്സ്‌ക്ലബ്ബ് ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ന്യായം ഇവിടെയുള്ളവർ ഉന്നയിക്കുന്നുണ്ട്. അവിടെയുള്ള ബാറുകളിൽ ഞാനും സന്ദർശകനായിട്ടുണ്ട്. അവിടുത്തെ സാഹചര്യങ്ങളും ഇവിടുത്തെ രീതികളും വ്യത്യസ്തമായി വിലയിരുത്തേണ്ടതുണ്ട്. വ്യക്തികളുടെയും കുടുംബങ്ങളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ സ്വകാര്യതകളിൽ കടന്നു കയറാൻ സ്വാതന്ത്ര്യമുണ്ടെന്ന മട്ടിൽ തങ്ങളുടെ അവകാശം എപ്പോഴും സ്ഥാപിച്ചെടുക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് ഇത്തരമൊരു പ്രത്യേക അവകാശം കൂടിയുണ്ടെന്നു ധരിക്കുന്നത് ജനങ്ങൾ വിഡ്ഢികളാണെന്നു കരുതുന്നതുകൊണ്ടാണ്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരുമൊക്കെ കണ്ണടയ്ക്കുന്നത് തെറ്റായചില ധാരണകളുടെ പേരിലാണ്. ഇത് എന്നും വച്ചു നടത്താമെന്നും മറച്ചു വെക്കാമെന്നും കരുതിയതും തെറ്റാണ്. കേരളത്തിലെ ബാറുകളെല്ലാമടക്കാൻ സർക്കാർ തീരുമാനിച്ച ശേഷവും മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിതെന്ന മട്ടിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമായിപ്പോയി.

ചാനൽ ചർച്ചകളിലൊക്കെ വലിയ നീതിമാന്മാരെപ്പോലെ പ്രസ്താവന നടത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവർ ഇതുപോലെയുള്ള കാര്യങ്ങളിൽ ഇടുങ്ങിയ ചിന്താഗതികളും പെരുമാറ്റ രീതികളും വച്ചു പുലർത്തുന്നത് മാദ്ധ്യമ ധർമ്മമല്ല അധമ വികാരങ്ങളാണ്. ചില മാദ്ധ്യമ പ്രവർത്തകരെ സൽക്കരിച്ചാൽ പ്രതികൂലമായി വാർത്ത വരില്ലെന്നോ തങ്ങളെ വാർത്തകളിലൂടെസഹായിക്കുമെന്നോ തെറ്റായി ധരിക്കുന്ന ചില ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും പലഘട്ടങ്ങളിലും മാദ്ധ്യമ പ്രവർത്തകരെ സൽക്കരിക്കുന്ന സങ്കേതത്തിലെ അതിഥികളായിരുന്നു. ചിലരൊക്കെ ചില മാദ്ധ്യമപ്രവർത്തകരുടെ തനിസ്വരൂപം തിരിച്ചറിഞ്ഞ് പിൻവാങ്ങി ചിലർ കബളിപ്പിക്കപ്പെട്ട് പരാതി പറയാൻ കഴിയാതെ ഒതുങ്ങി. ഇതൊക്കെ പ്രസ്സ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏടുകളാണ്. ആ ചരിത്രം ഇനിയും തുടരണോയെന്ന് തീരുമാനിക്കേണ്ടത് ഇപ്പോഴത്തെ ഭാരവാഹികളും പുതിയ തലമുറയില്പെട്ട അംഗങ്ങളുമാണ്.

സങ്കേതത്തിലെ സ്ഥിരം ഉപഭോക്താക്കളിൽ ചിലർ വ്യാപകമായി ഇവിടുത്തെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായും ചിലരൊക്കെ മദ്യാസക്തികൊണ്ട് കടക്കെണിയില്പെടുകയും ജോലി നഷ്ടപ്പെടുത്തുകയും വലിയ സാമ്പത്തിക ബാദ്ധ്യതകൾ വരുത്തിവെയ്ക്കുകയും സങ്കേതത്തിലെ കോൺട്രാക്ട് ജീവനക്കാരുടെ സമ്പാദ്യം പോലും നഷ്ടപ്പെടുത്തുകയും സ്വന്തം മാതാപിതാക്കൾക്കും കുടുംബത്തിനും ബാധ്യതയായി തീരുകയും ചെയ്ത സാഹചര്യത്തിലാണ് ഞാൻ 2006 ൽ ഈ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയത് തുടർന്ന് ശത്രുതയോടെ അന്നത്തെ ഭാരവാഹികൾ അധാർമ്മികമായി എല്ലാത്തരം ക്രിത്രിമങ്ങളും ക്രമക്കേടുകളും നടത്തി എന്നെ എതിർത്തു. എനിക്കെതിരെ വ്യാജമായി കേസെടുപ്പിച്ച് അറസ്റ്റ് ചെയ്യിച്ച് വീട് റെയ്ഡ് ചെയ്യിച്ചു. ജാമ്യം കിട്ടാതിരിക്കാനുള്ള നീക്കങ്ങൾ വരെ നടത്തി പിന്നീട് ഒരു ക്രൈംബ്രാഞ്ച് കേസും വിജിലൻസ് കേസും കൂടി എടുപ്പിച്ചു. അതൊക്കെ വ്യാജമാണെന്നു തെളിയിക്കാൻ ഞാൻ വർഷങ്ങൾ കേസു പറഞ്ഞു. മദ്യപന്മാരുടെ സംഘബലത്തിന്റെ തന്ത്രങ്ങളിലൂടെ ഞാൻ പ്രസ്സ് ക്ലബ്ബുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകരിൽ ചിലരുടെ തനിസ്വരൂപം അന്നെനിക്കു ബോധ്യപ്പെട്ടു. എത്ര നീചമായ പ്രവൃത്തികളും ചെയ്യാൻ മടിയില്ലാത്തവരാണ് ഇവരിൽ ചിലരെന്നും മൃഗീയവാസനയുള്ളവരാണെന്നും കണ്ടു. അന്നങ്ങനെ ഇടപെടേണ്ടി വന്നത് അഭിമാനകരമായ പ്രവൃത്തിയായി തിരിഞ്ഞു നോക്കുമ്പോൾ എനിക്കു തോന്നുന്നു.

സങ്കേതം അനിവാര്യമാണെന്ന് വാദിക്കുന്ന ചിലർ ഉന്നയിക്കുന്ന ഒരു കാര്യം രാത്രിയും പകലും ജോലി ചെയ്ത് ഇടവേളകളിൽ അല്പം ഉല്ലസിക്കുന്നതിലെന്താണ് തെറ്റെന്നാണ്. മദ്യപാനം സ്വയം നശിപ്പിക്കുകയും സമൂഹത്തെ മലീമസമാക്കുകയും ചെയ്യുന്നതാണെന്ന് ചില മുൻസൂചനകളിലൂടെ ഞാൻ കരുതുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തില്പെട്ടകാര്യമാണെങ്കിൽ തന്നെ, സമൂഹത്തിന്റെ ചെലവിൽ സാമൂഹ്യമായ ചിട്ടകളെയും നിയമങ്ങളെയും ലംഘിക്കാനുള്ള ലൈസൻസ് പത്രപ്രവർത്തകർക്കില്ല. വക്കീലന്മാരും ഡോക്ടർമാരും മറ്റു പ്രൊഫഷണലുകളുമൊക്കെ ചിലപ്പോൾ രാത്രികളിലും അധിക സമയങ്ങളിലും ജോലി ചെയ്യുന്നവരാണ്. അവർക്ക് ഇത്തരം സങ്കേതങ്ങൾ നിയമപരമായി അനുവദനീയമല്ലെങ്കിൽ മാദ്ധ്യമപ്രവർത്തകർക്ക് എന്തു സ്‌പെഷ്യൽ പ്രിവിലേജാണ് നിലവിലുള്ളത്. അത് സമൂഹം അംഗീകരിക്കുകയും നിയമപരമായി അനുവദിക്കുകയും ചെയ്താൽ മറ്റു ദോഷങ്ങൾ നമുക്കു വിസ്മരിക്കാം. അങ്ങനെ നിയമമനുവദിക്കാത്തിടത്തോളം സങ്കേതത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടതാണ്.

പ്രസ്സ് ക്ലബ്ബ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജനറൽ ബോഡി കൂടി തീരുമാനിക്കുകയും സങ്കേതത്തിലെ ഒരു സ്ഥിരം മദ്യപാനി വിവരാവകാശ കമ്മീഷണറായി നിയമോപദേശം നൽകുകയും ചെയ്തിട്ടും പ്രസ്സ്‌ക്ലബ്ബ് നിയമത്തിനതീതരല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ എന്റെ പരാതിയിന്മേൽ വിധിച്ചിരുന്നു. പരിഹാസ്യമായ ഇത്തരം എതിർവാദങ്ങളുന്നയിക്കാതെ പൊതുനിയമങ്ങൾ അനുസരിക്കാനും പൊതുമര്യാദകൾ കാണിക്കാനും ബാധ്യസ്ഥരാണെന്ന് പ്രഖ്യപിക്കാനും പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറാകേണ്ടതാണ്. പത്രങ്ങൾക്ക് നിഷേധക്കുറിപ്പ് നൽകിയ ശേഷം പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ എക്‌സൈസ് മന്ത്രിയെക്കണ്ട് യാതൊരു നടപടിയുമുണ്ടാവുകയില്ലെന്ന് ഉറപ്പു വാങ്ങുകയും സിറ്റി പൊലീസ് കമ്മീഷണറെ ആനയിച്ച് ഓണാഘോഷത്തിന്റെ അതിഥിയാക്കുകയും ചെയ്തു. സ്ത്രീപീഡന പരാതിക്കു വിധേയനായ ഒരു മുൻസെക്രട്ടറി പുതിയ ആഭ്യന്തര മന്ത്രിയെ സ്വന്തം പത്രമോഫീസിൽ ക്ഷണിച്ചു കൊണ്ടു വന്ന് തന്റെ ബന്ധം മറ്റുള്ളവരെ ബോധ്യപ്പെടുത്തി. ഇത്തരം തന്ത്രങ്ങളാണ് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ സ്വീകരിക്കുന്നത്. ഈ അധാർമ്മികതയ്‌ക്കെതിരെയാണ് ഞാൻ യുദ്ധം ചെയ്യുന്നത്. ഇത് തുറന്ന് കാട്ടാൻ ആണ് ഇവിടെ എല്ലാവരും ഭയപ്പെടുന്നത്.

(മറാത്തിയിലെ പ്രശസ്ത പത്രമായ സക്കാളിന്റെ കേരള ലേഖകനും തലസ്ഥാനത്തെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളുമാണ് അജയകുമാർ)