പത്തനംതിട്ട: ലോക അത്‌ലറ്റിക് മീറ്റിലുള്ള ഇന്ത്യൻ ടീമിൽ നിന്നും കേരളത്തിന്റെ അഭിമാനമായ കായികതാരം പി.യു ചിത്രയെ ഒഴിവാക്കിയതിനു പിന്നിൽ ആരുടെയെങ്കിലും രഹസ്യ അജണ്ട നടപ്പിലാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേശീയ ജനജാഗ്രതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി പറഞ്ഞു.

പരിമിതമായ സാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് ചിത്ര മുന്നേറിയിട്ടുള്ളത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രചോദനകരമാണ്. ഫെഡറേഷൻ മുമ്പും ചിത്രയുടെ വഴിമുടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഭൂവനേശ്വറിൽ ഈ മാസം ആദ്യം നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴും ചിത്രയുടെ പേര് ഒഴിവാക്കിയിരുന്നു. ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ സ്വർണ നേട്ടത്തോടെ ഏഷ്യൻ മീറ്റിന് യോഗ്യത ഉറപ്പാക്കിയപ്പോഴായിരുന്നു ഈ നീക്കം. ഇതിനെതിരെ എം. ബി. രാജേഷ് എം. പി അത്‌ലറ്റിക് ഫെഡറേഷനെ ബന്ധപ്പെട്ടപ്പോൾ അബദ്ധത്തിൽ വിട്ടുപോയതെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് ഫെഡറേഷൻ നൽകിയത്. തുടർന്ന് ചിത്രയുടെ പേര് ഉൾപ്പെടുത്തി ഇന്ത്യൻ ടീം പുതുക്കിയതും ഇപ്പോഴത്തെ സംഭവവുമായി കൂട്ടി വായിക്കണം.

ചിത്രയോട് കാട്ടുന്ന അവഹേളനം കേരളത്തോട് കാട്ടുന്ന അവഹേളനമായി കണ്ട് സർക്കാർ, വിഷയത്തിൽ ഇടപെടണം. കോടികൾ മറിയുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിക്കൊണ്ടിരിക്കുന്നു എന്നത് രഹസ്യമായ പരസ്യമാണ്. എന്തെങ്കിലും നേടിയെടുക്കാനോ, വേറെ ഒന്നിനും തങ്ങളെ കൊള്ളില്ല എന്നതുകൊണ്ടുമല്ല ചിത്രയെപ്പോലെയുള്ളവർ കായികമേഖലയിലേക്ക് വരുന്നത്. ലാഭക്കൊതിയോടെ വരുന്നവരാണ് പ്രശ്‌നങ്ങൾക്ക് കാരണം. അതുപോലെ തലപ്പത്ത് ഇരിക്കുന്നവർ കായികമേഖലകളുമായി കുലബന്ധം പോലും ഇല്ലാത്തവരാണ്. ഇവർ ഇതിനെ കാണുന്നത് ലാഭം കിട്ടുന്ന ഒരു വ്യവസായം എന്ന തരത്തിൽ മാത്രമാണ്. ഇതിനെതിരെ നിയമനിർമ്മാണം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് അജി പറഞ്ഞു.