പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേർ ആൾജ്യാമം നിൽക്കുകയും വേണമെന്നുമാണ് വ്യവസ്ഥ ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഒപ്പിടാൻ പോകുന്നത് ഒഴിച്ചാൽ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഉപാധിയുണ്ട്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്.

ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയ എന്നാണ് ആരോപണം. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്റെ രാഷട്രീയമടക്കം ഏറെ ചർച്ചയായിരുന്നു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാൻ എസ്‌സി എസ്ടി കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം അജികൃഷ്ണനെതിരായുള്ളത് കള്ളക്കേസാണെന്നാണ് എച്ച്ആർഡിഎസിന്റെ വാദം. 2021ൽ ലഭിച്ച നടന്ന സംഭവത്തിൽ 2022 ജൂലൈ 11-ാം തീയതി വരെ അജി കൃഷ്ണനെതിരെ നടപടി എടുത്തിരുന്നില്ല. ശനിയാഴ്‌ച്ച രാത്രി എട്ട് മണിയോടെ എഫ്ഐആർ ഇട്ട് അറസ്റ്റു രേഖപ്പെടുത്തുന്നത്. ഇത് സർക്കാറിന്റെയും പൊലീസിന്റെയും പകപോക്കൽ നടപടി ആണെന്ന ആക്ഷേപം ശക്തമായിരിക്കയാണ്. 2021 ജൂണിൽ നിന്ന കുറ്റകൃത്യത്തിൽ പങ്കാളിയായി എന്ന് ആരോപിച്ചു പൊലീസ് എഫ്.ഐ.ആറിൽ ആറാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്ന കൊട്ടാരക്കര സ്വദേശിയായ അനീഷിനെ ആയിരുന്നു.

ഇയാൾ എങ്ങനെ ഈ കേസിൽ പ്രതിയായി എന്ന ചോദ്യമാണ് എച്ച്ആർഡിഎസ് വൃത്തങ്ങൾ ഉന്നയിക്കുന്നത്. സ്വപ്ന സുരേഷിന്റെ മുൻ ഡ്രൈവറായിരുന്നു അനീഷ്. ഈ അനീഷിനെ എച്ച്ആർഡിഎസിന് പോലും കാര്യമായി അറിയില്ലെന്നതാണ് വസ്തുത. അനീഷിനെ തങ്ങൾക്ക് അറിയുക പോലുമില്ലെന്ന് എച്ച്ആർഡിഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇയാൾ സ്വപ്ന സുരേഷിന്റെ പേഴ്സണൽ ഡ്രൈവർ മാത്രമായിരുന്നു. സർക്കാറിനെതിരായ ഗൂഢാലോചന കേസിൽ ബലം കിട്ടാൻവേണ്ടി സ്വപ്നക്കെതിരെ മൊഴി നൽകാൻ ഇയാളെ പൊലീസ് നിർബന്ധിച്ചിരുന്നു എന്നും അതിന് കൂട്ടാക്കാത്തതു കൊണ്ട് അജി കൃഷ്ണന്റെ കേസിൽ പ്രതിയാക്കി എന്നുമാണ് ഉയരുന്ന ആരോപണം.

പൊലീസിന്റെ ഇംഗിതത്തിന് വഴങ്ങാത്തതു കൊണ്ട് പകപോക്കൽ നടപടിയുടെ ഭാഗമായാണ് കേസിൽ പ്രതി ചേർത്തത് എന്ന ആരോപണമാണ് നിലനിൽക്കുന്നത്. എഫ്.ഐ.ആറിൽ അടക്കം ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആക്ഷേപമാണ എച്ച്ആർഡിഎസ് വൃത്തങ്ങൾ ഉന്നയിക്കുന്നത്. 2021 ജൂണിൽ നിന്ന കുറ്റകൃത്യം പൊലീസ് സ്റ്റേഷനിൽ അറിയുന്നത് 2022 ജൂലൈ 11ന് വൈകിട്ട് അഞ്ചു മണി 55 മിനിറ്റിനാണ്. അതായത് ഇന്നലെ രാത്രി. അതിന് ശേഷം രണ്ട് മണിക്കൂർ കൊണ്ട് എഫ് ഐ ആർ ഇട്ടു. രാത്രിയിൽ അറസ്റ്റും. ഇതാണ് അജി കൃഷ്ണന്റെ കാര്യത്തിൽ നടന്നത്. പൊലീസ് സ്റ്റേഷന് 15 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. മുരുകന്റെ മകൻ രാമനാണ് ഏതാണ്ട് ഒരു കൊല്ലം മുമ്പ് നടന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത് എന്നും എഫ് ഐ ആർ പറയുന്നുണ്ട്. പരാതിയിൽ അജികൃഷ്ണൻ, ജോയ് മാത്യു, വിവേകാനന്ദൻ, വേണുഗോപാൽ എന്നിവരടക്കം ഏഴു പ്രതികളാണ് ഉള്ളത്.