ന്യൂസിറ്റി, ന്യൂയോർക്ക്: രണ്ടാം വട്ടവും ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനമുയർത്തി ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിൻ ആന്റണി വിജയിച്ചു.

ഇലക്ഷൻ നടന്ന മുന്നു സീറ്റുകളിൽഏറ്റവും കൂടുതൽവോട്ട് നേടിയാണു വിജയമെന്നതും ശ്രദ്ധേയമായി. മൂന്നു വർഷമാണു കാലാവധി. ഒൻപതംഗ ട്രസ്റ്റി ബോർഡിലെ മൂന്നു സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ. നാലു പേർ മൽസരിച്ചു. വോട്ടു ചെയ്യാൻ മലയാളികൾ കൂട്ടത്തോടെ എത്തിയതുനമ്മുടെ കരുത്തിന്റെ പ്രതീകമായി.

നേരത്തെ ടോം നൈനാൻ, പോൾ കറുകപ്പള്ളിൽ, ഡോ. ആനി പോൾ എന്നിവർ ട്രസ്റ്റി ബോർഡിൽ അംഗങ്ങളായിരുന്നു. ടോം നൈനാനും ആനി പോളും ബോർഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവർ രംഗം വിട്ടത്.

ലൈബ്രറി ട്രസ്റ്റി ബോർഡ് അംഗമെന്ന നിലയിൽ യുവജനതയുടെ ആശയാഭിലാഷങ്ങൾ ബോർഡിൽ എത്തിക്കുന്നതിനു അജിനു കഴിഞ്ഞു. ലൈബ്രറിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും യുവജനങ്ങൾക്കാവശ്യമായ പ്രോഗ്രാമുകൾ ഉൾപെടുത്തുന്നതിനും നേത്രുത്വം നല്കി.വലിയ ഭാവി പ്രതീക്ഷിക്കുന്ന അജിൻ അടുത്ത വർഷം റോക്ക്ലാൻഡ് ലെജിസ്ലേറ്ററായി മൽസരിക്കാൻ തയ്യാറെടുക്കുന്നു.

ക്രിമിനൽ ലോ വിദ്യാർത്ഥിയായ അജിൻ തൃപ്പൂണിത്തുറ ഉദയമ്പേരൂർ അറക്കതാഴത്ത് പോൾ (ചാൾസ്) ആന്റണിയുടേയും കരിമണ്ണൂർ പനച്ചിക്കൽകുടുംബാംഗംസിമിലിയുടേയും പുത്രനാണ്. സഹോദരി അഞ്ജു ആന്റണി വിദ്യാർത്ഥിനി.

വ്യത്യസ്ത രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അജിൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോർപറേഷൻ, എ.പി പ്രോപ്പർട്ടീസ് എന്നിവയിലും വൈസ്പ്രസിഡന്റായിപ്രവർത്തിക്കുന്നു. കാൽ നൂറ്റാണ്ടോളമായി ചാൾസ് ബിസിനസ് രംഗത്ത് എത്തിയിട്ട്.

ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവർത്തിച്ചിട്ടുള്ള അജിൻ ഹഡ്സൺവാലി മലയാളി അസോസിയേഷനിലും പ്രവർത്തിച്ചു. പള്ളിയിലും സജീവമാണ്.

ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കൂടുതൽ പേരെ ലൈബ്രറിയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതായിരിക്കും തന്റെ പ്രഥമ ചുമതലയെന്ന് അജിൻ പറഞ്ഞു.

1983ൽ തുടങ്ങിയ ലൈബ്രറിയുടെ വാർഷിക ബജറ്റ് 5.2 മില്യൻഡോളറാണ്. ന്യൂസിറ്റി, യോങ്കേഴ്സ്, ബർഡോണിയ ഭാഗങ്ങളിലെ അരലക്ഷത്തോളം പേർക്ക് സേവനമെത്തിക്കുന്ന ലൈബ്രറിയിൽ ഒന്നേമുക്കാൽ ലക്ഷം പുസ്തകങ്ങളുണ്ട്.

ട്രസ്റ്റി ബോർഡ് ലൈബ്രറിയുടെ നിത്യേനയുള്ള പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല. എന്നാൽ പ്രധാന തസ്തികകളിലെ നിയമനം, ബജറ്റ് തുക വിതരണം, മറ്റ് നയപരമായ കാര്യങ്ങൾ എന്നിവയൊക്കെ ട്രസ്റ്റി ബോർഡാണ് നിർവഹിക്കുന്നത്.

അജിന്റെ വിജയത്തിൽ മുൻ ഹഡ്സൻ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്ജയിംസ് ഇളപുരയിടത്തിൽ അഭിനനന്ദനം അറിയിച്ചു