മിഴ് സിനിമാ ലോകത്ത് എന്നും വ്യത്യസ്തനാണ് തല അജിത്ത്.സിനിമയിൽ മാത്രമല്ല കാർ റെയ്‌സിങ് അടക്കമുള്ള സാഹസിക വിനോദങ്ങളിലും മികവ് കാട്ടിയിട്ടുള്ള നടന്റെ പുതിയ വേഷം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും. യുഎവി ചലഞ്ചിനായി വിദ്യാർത്ഥികൾക്ക് നിർദ്ദേശം കൊടുക്കുന്ന തിരക്കിലാണ് അജിത്. ഡ്രോൺ രൂപകൽപന ചെയ്യാനടക്കമുള്ള മാർഗ്ഗനിർദ്ദേശമാണ് അജിത് നൽകുന്നത്.

സെപ്റ്റംബറിൽ ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ നടക്കുന്ന മെഡിക്കൽ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന എംഐടി വിദ്യാർത്ഥികൾക്ക് ഒരു യുഎവി നിർമ്മിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം നൽകുന്ന തിരക്കിലായിരുന്ന കഴിഞ്ഞ മെയ്‌ മുതൽ ഈ സൂപ്പർ സ്റ്റാർ.

റിമോട്ട് കൺട്രോൾ വെഹിക്കുകളുകളുടെ ഡിസൈനിംഗും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിതിനെ തന്നെ എം ഐടി 'ദക്ഷ' ടീമിന് നിർദ്ദേശങ്ങൾ നൽകാനായി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അധികൃതർ നിയമിക്കുകയായിരുന്നു. ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റ് , യുഎവി (അന്റമാൻഡ് ഏരിയൽ വെഹിക്കിൾ) സിസ്റ്റം അഡൈ്വസർ എന്നീ പദവികളാണ് എംഐടി അധികൃതർ നൽകിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാൽ, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസ ആവശ്യങ്ങൾക്കായി നൽകുകയാണ് താരം ചെയ്തത്.

'ദക്ഷ' ടീമും അജിത്തും ചേർന്നൊരുക്കിയ യുഎവി ലോഞ്ചിംഗിന് തയ്യാറായിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ എംഐടിയിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ മെയ്‌ മാസത്തിലാണ് ദക്ഷ ടീം അവരുടെ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

ഒരു ലാബിൽ നിന്നും പുറപ്പെടുന്ന ഡ്രോൺ 30 കിലോമീറ്ററോളം പറന്ന് ഉൾപ്രദേശങ്ങളിലോ പ്രളയത്തിലോ അകപ്പെട്ടു പോയ ഒരു രോഗിയുടെ ബ്ലഡ് സാമ്പിൾ ശേഖരിച്ച് തിരിച്ചെത്തണം. യുഎവി ചലഞ്ചു പ്രകാരം മത്സരത്തിൽ പങ്കെടുക്കുന്ന ഡ്രോണുകൾക്ക് മുന്നിലുള്ള ടാസ്‌ക് ഇതാണ്. ആ ചലഞ്ച് ഏറ്റെടുക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇപ്പോൾ അജിതിന്റെ നേതൃത്വത്തിൽ ദക്ഷ ടീം നിർമ്മിച്ചിരിക്കുന്നത്.

'തല'യുടെ തലയിൽ ഉദിച്ച യുഎവി ഐഡിയകൾക്ക് മെഡിക്കൽ എക്സ്പ്രസ് 2018 ൽ വിജയിക്കാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് എംഐടി അധികൃതരും ഇപ്പോൾ ആരാധകരും.