ചെന്നൈ: ജയലളിതയുടെ പിൻഗാമിയായി തമിഴ് നാട് രാഷ്ട്രീയം ഇടക്കിടെ ഉയർത്തുന്ന പേരാണ് തമിഴിന്റെ സ്വന്തം തല അജിത്ത്. രജനീകാന്ത് കഴിഞ്ഞാൽ തമിഴ്‌നാട് മുഴുവൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന ആളാണ് സൂപ്പർതാരം അജിത്ത്. സ്വന്തം വ്യക്തിത്വം കൊണ്ട് തമിഴിന്റെ മിസ്റ്റർ പെർഫെക്ട് എന്ന് വിളിപ്പേരുള്ള അജിത്തിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയായ വേളയിൽ സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്തിയിരിക്കുകയാണ് അജിത്ത്.

രാഷ്ട്രീയം തനിക്ക് ചേരാത്ത മേഖലയാണ് ' എന്നാണ് തല വെളിപ്പെടുത്തിയത്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തിൽ ആരും തന്നെ നിർബന്ധിക്കരുതെന്നും അജിത്ത് ആരാധകരോട് വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. മറ്റ് സൂപ്പർ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന വാർത്തകൾക്ക് 'രാഷ്ട്രീയം എനിക്ക് ചേരുന്നതല്ല. ആരോടും മത്സരിച്ച് എന്തും ചെയ്യുമെന്ന മനോഭാവം എനിക്കില്ല'. എന്നായിരുന്നു തലയുടെ മറുപടി.

പൊതുവേദികളിൽ അത്യപൂർവമായി മാത്രം കാണുന്ന പരസ്യചിത്രങ്ങളിൽ കാണില്ലാത്ത ട്വിറ്ററിലോ ഫേസ്‌ബുക്കിലോ ഇല്ലാത്ത സ്വന്തം സിനിമയുടെ പ്രചാരണത്തിനു പോലും വരാറില്ലാത്ത അഭിമുഖങ്ങളും ചാനൽ പരിപാടികളും വിരളമായി മാത്രം നൽകാറുള്ള ഫാൻ ക്ലബ്ബുകൾ പണ്ടേ പിരിച്ചുവിട്ട തല അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലുള്ള ആരാധകരുടെ ആകാംക്ഷ ഇപ്പോൾ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.

ആരാധകർ അച്ചടക്കംവിട്ട് പെരുമാറുന്നതു കണ്ട് അജിത് 2011ൽ,സ്വന്തം ഫാൻസ് ക്ലബ്ബുകൾ പിരിച്ചുവിട്ടു. ഈ സമയത്ത് 58000ൽ അധികം ഫാൻസ് ക്ലബ്ബുകളുമായി തമിഴ്‌നാട്ടിൽ മുന്നിൽ നിൽക്കുകയായിരുന്നു തല. എന്നാൽ അംഗീകൃത ഫാൻസ് ക്ലബ്ബുകൾ ഇല്ലെങ്കിലും തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും സ്വയംസന്നദ്ധ അജിത് ഫാൻസ് അസോസിയേഷനുകൾ ഒട്ടേറെയുണ്ട്.

അൾട്ടിമേറ്റ് സ്റ്റാർ എന്ന വിശേഷണം ഉണ്ടായിരുന്ന അജിത്ത് എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത 'ദീന' എന്ന ചിത്രത്തിലെ ചെല്ലപ്പേരായിരുന്ന തല എന്ന പേര് ഏറ്റെടുക്കുകയായിരുന്നു. നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്ന അജിത്തിന് രാഷ്രീയത്തോട് തീരെ താത്പര്യമില്ലെന്ന വാർത്ത ആരാധകരും സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.