കൊച്ചി: സാമൂഹിക മാധ്യമ സ്ഥാപനമായ ഫേസ്‌ബുക്കിന് ഇനി മലയാളിത്തം നിറഞ്ഞ മുഖം. ഫേസ്‌ബുക്കിന്റെ ഇന്ത്യൻ തലവനായി കൊച്ചിക്കാരൻ അജിത് മോഹൻ ചുമതലയേൽക്കും. ഇന്ത്യൻ മേധാവിക്കു വേണ്ടി നടത്തിയ ഒരു വർഷം നീണ്ട തിരച്ചിലിനൊടുവിലാണ്് ഫേസ്‌ബുക്കിന് മലയാളി തലവൻ ചുമതലയേൽക്കുന്നത്. ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായാണ് അജിത് മോഹൻ നിയമിതനായത്.

ഒരു വർഷത്തെ തിരച്ചിലിനൊടുവിൽ ഫേസ്‌ബുക്ക് കണ്ടെത്തിയ ഈ മലയാളി ആളത്ര ചില്ലറക്കാരനല്ല. മലയാളികൾക്കെന്നെല്ല ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സുപരിചിതനാണ് അജിത് മോഹൻ. സ്റ്റാർ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സിഇഒ. ആണ് അജിത. ഇന്ന് മലയാളികൾ ആസ്വദിക്കുന്ന സീരിയലും സിനിമയും ക്രിക്കറ്റുമെല്ലാം ഹോട്ട്‌സ്റ്റാറിലാക്കി നമ്മുടെ ഇഷ്ടത്തിന് കാണാൻ അവസരമൊരുക്കിയതിന് പിന്നിൽ പ്രവർത്തിച്ച കരം അജിത് മോഹന്റേതാണ്.

സിങ്കപ്പുരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, വാർട്ടൻ സ്‌കൂൾ ഓഫ് ബിസിനസ് എന്നിവിടങ്ങളിൽനിന്നായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസിയിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്റ്റാർ ടി.വി.യിലെത്തിയത്. തുടർന്ന് ഹോട്ട്സ്റ്റാറിന്റെ സിഇഒ. ആയി തിളങ്ങിയ അജിത് മോഹൻ ഹോട്ട്‌സ്റ്റാറിനെ ജനകീയമാക്കി മാറ്റി.

കഴിഞ്ഞ വർഷം ഉമാങ് ബേഡി രാജിവച്ചതു മുതൽ ഫെയ്സുബുക്കിന്റെ ഇന്ത്യ എം.ഡി. സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. അന്നു മുതൽ ഫേസ്‌ബുക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളെ വിശ്വസിച്ചേൽപ്പിക്കാൻ പറ്റിയ കരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സുക്കർബർഗും കൂട്ടരും. ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ വളർച്ചയ്ക്കും നിക്ഷേപത്തിനും പ്രധാനപ്പെട്ട തീരുമാനമാണിത്. ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ഉപഭോക്താക്കൾ ഉള്ള തന്ത്ര പ്രധാനമായ രാജ്യമാണ് ഇന്ത്യ.

അതിനാൽ ജനങ്ങളെ ഒരുമിപ്പിക്കുന്നതിനും സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയിൽ ഫേസ്‌ബുക്കിന്റെ നിക്ഷേപം വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് അജിത് മോഹനന്റെ അനുഭവങ്ങൾ ഏറെ പ്രയോജനം ചെയ്യുമെന്ന് ഫെയ്‌സ് ബുക്ക് ഇന്ത്യയുടെ ബിസ്‌നസ്സ് ആൻഡ് മാർക്കറ്റിങ് പാർട്ണർഷിപ്പ് ഉപാധ്യക്ഷൻ ഡേവിഡ് ഫിഷർ വ്യക്തമാക്കി. അതേസമയം വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിക്കുന്നതിനെ തുടർന്ന് സർക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത് വെല്ലുവിളി നേരിടുന്ന സമയത്താണ് ഫേസ്‌ബുക്ക് അജിത് മോഹനനെ മാനേജിങ് ഡയറക്ടറായി നിയമിക്കുന്നത്.