മിഴ്‌നാട്ടിൽ ആരാധകരിൽ അടുത്ത കാലത്തായി ഉണ്ടായ പ്രവണത താരങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ചലച്ചിത്ര നിരൂപണങ്ങൾ നടത്തുന്നവർക്കെതിരെ താരങ്ങളുടെ ആരാധകർ നടത്തുന്ന തെറിയഭിഷേകമാണ് താരങ്ങൾക്ക് ശല്യമാകുന്നത്. വിജയ് ചിത്രത്തെ വിമർശിച്ചതിന് മാധ്യമപ്രവർത്തകക്ക് നേരെ ആരാധകരുടെ സൈബർ ആക്രമണം ഉണ്ടായിരുന്നു, സംഭവത്തിൽ വിജയ് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അജിത്തിനും മാപ്പ് പറയേണ്ട അവസ്ഥയിലേക്ക് വന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകരുടെ തെറിവിളിയിൽ താരങ്ങൾ നേരിട്ട് മാപ്പു പറയുന്നത് സ്ഥിരമാവുകയാണ് ഇപ്പോൾ. ഇളയദളപതി വിജയ്ക്കുശേഷം തല അജിത്തും ആരാധകരുടെ ചെയ്തികളിൽ മാപ്പ് പറഞ്ഞിരിക്കുകയാണ്. അജിത്തിന്റെ പുതിയ സിനിമ വിവേകത്തിന്റെ ട്രെയിലർ ഈയിടെ പുറത്തിറങ്ങിയിരുന്നു. ഇതിനെ വിമർശിച്ച് ചില സിനിമ നിരൂപകർ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ നിരൂപകർക്കെതിരെ തെറിയഭിഷേകവുമായി ആരാധകർ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് അജിത് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാത്തതിനാൽ വക്കീൽ വഴി പ്രസ്താവനയിലൂടെയാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്.

'എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ അതദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികൾക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും ശക്തമായ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു.'

നേരത്തെ വിജയ് ചിത്രം സുറയെ വിമർശിച്ചതിന് മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രനെതിരെയും ആരാധകർ തെറിവിളി നടത്തിയിരുന്നു. ആരാധകർ കൂട്ടത്തോടെ ധന്യക്കെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു. സംഭവത്തിൽ വിജയ് മാപ്പ് പറഞ്ഞിരുന്നു.