അജ്മാൻ: അജ്മാനിലെ അൽ സാദ് ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് മാതാപിതാക്കളെ വെട്ടിലാക്കി. 550ഓളം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ മക്കൾക്കായി സ്‌കൂളുകൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ജനുവരി 14നാണ് സ്‌കൂൾ അടച്ചുപൂട്ടിയത്.

സ്‌കൂൾ അടപ്പിച്ചതു സൗകര്യങ്ങളുടെ അപര്യാപ്തത മൂലമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സ്‌കൂളിലെ 550 വിദ്യാർത്ഥികൾക്ക് എമിറേറ്റിലെ മറ്റു രണ്ടു സ്‌കൂളുകളിൽ പ്രവേശനം നൽകുമെന്നും ഇവരിൽനിന്ന് അധിക ഫീസ് ഈടാക്കരുതെന്നും അജ്മാൻ വിദ്യാഭ്യാസ വകുപ്പ് മേധാവി അലി ഹസൻ നിർദേശിച്ചിട്ടുണ്ട്.

25 വർഷങ്ങൾക്ക് മുൻപ് അൽ റുമൈലയിലാണ് സ്‌കൂൾ ആരംഭിച്ചത്. നേരത്തേ സ്‌കൂൾ ഇരുന്ന സ്ഥലത്ത് വില്ലകളായിരുന്നു. ഇരുപതോളം അദ്ധ്യാപകരും മറ്റ് ജീവനക്കാരും നിലവിൽ സ്‌കൂളിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി സ്‌കൂൾ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ആരോപണമുണ്ട്. കെജി മുതൽ നാലാം ക്ലാസ് വരെയായിരുന്നു ഇവിടെ പഠന സൗകര്യമൊരുക്കിയിരുന്നത്. സിബിഎസ് ഇ സിലബസാണ് പിന്തുടർന്നിരുന്നത്.

ഏറെ നാളുകളായി അജ്മാൻ വിദ്യാഭ്യാസ മന്ത്രാലയം അയച്ച നോട്ടീസുകളും മുന്നറിയിപ്പുകളും സ്‌കൂൾ അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. എന്നിരുന്നാലും ഈ വർഷത്തെ അദ്ധ്യയന വർഷം പൂർത്തിയാകാൻ മൂന്ന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ അൽ സാദിലെ വിദ്യാർത്ഥികൾക്ക് അജ്മാനിലെ മറ്റ് ഇന്ത്യൻ സ്‌കൂളുകളുൽ പ്രവേശനം നൽകാൻ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ തീരുമാനമാണിതെന്നും മന്ത്രാലയം അറിയിച്ചു. അൽ സാദിലെ ഫീസ് നിരക്കിൽ മറ്റ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പഠിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലാബിന്റെ അഭാവം, ക്ലാസ് മുറികളുടെ അപര്യാപ്തത, വേണ്ടത്ര വിസ്തൃതിയിൽ കളിക്കളം ഒരുക്കാനാകാത്ത സാഹചര്യം എന്നിവയാണു സ്‌കൂളിനെതിരെ നടപടിക്കു കാരണം.