ന്നലെ മുതൽ ഇവിടെ നല്ല മഴയാണ്. ഇപ്പോൾ മാനം കുറച്ചു തെളിഞ്ഞു. പതിവ് സ്ഥലങ്ങൾ ആയ തമ്പാനൂരും പഴവങ്ങാടിയിലും ഒക്കെ ഇന്നലെയും വെള്ളം പൊങ്ങിയത്രേ, എത്രയോ നേരം എടുത്തു പോലും അതൊന്നു ഇറങ്ങിപ്പോകാൻ. അതിനെന്താ? അതിൽ ഒരു പുതുമയും ഇല്ല.

ഒരു നല്ല മഴ പെയ്താൽ പിന്നെ തമ്പാനൂരും പഴവങ്ങാടിയും ഒക്കെ വെള്ളത്തിനടിയിൽ തന്നെ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പരിപാടി, ഓർമ്മ വെച്ച കാലം മുതൽ ഇത് തന്നെ സ്ഥിതി . ഓപ്പറേഷൻ അനന്തയല്ല, എന്ത് കുന്തം വന്നാലും ഇത് മാറുമെന്നും തോന്നുന്നില്ല. ആ സമയത്തു വെളിയിൽ പോകുന്നവർ ഒക്കെ ആരുടെയോ ഭാഗ്യം കൊണ്ടാണ് വീട്ടിൽ ജീവനോടെ തിരികെ എത്തുന്നത്, പലരും നിറഞ്ഞു കവിഞ്ഞ ഓടയിലൂടെ ഒലിച്ചു പോയി പരലോകം പ്രാപിച്ചിട്ടുണ്ട്.

വീടിനടുത്തുള്ള നാണുക്കുട്ടൻ ചേട്ടൻ ഒരു ഭീകര മഴയത്ത് കാലൻ കുടയും പിടിച്ചു ചാലയിൽ നിന്നും വരുന്ന വഴി ഓടക്കകത്തു പോയി. രക്ഷിക്കണേ രക്ഷിക്കണേ എന്ന് ഓടയിലൂടെ ഒഴുകി വരുന്ന സമയത്തു അലറിയതു വെളിയിൽ കേട്ടില്ലെന്നു മാത്രമല്ല തുറന്ന വായിൽകൂടി കേറിയ അഴുക്കു മുഴുവൻ ഭക്ഷിക്കേണ്ടിയും വന്നു. നല്ലയൊരു കുട ഒഴുകി വരുന്നത് കണ്ടു ആരോ പൊക്കി എടുത്തപ്പോൾ ആണ് പിടിയിൽ തൂങ്ങി കിടക്കുന്ന ചേട്ടനെ കാണുന്നത്. ആ കുട നന്ദി സൂചകമായി അങ്ങേർക്കു തന്നെ കൊടുത്തിട്ടു ചേട്ടൻ നീന്തി വീട്ടിൽ പോയി.
ഒരിക്കൽ ഇതുപോലൊരു ഇടവപ്പാതി കാലത്തു ഗണപതി കോവിലിൽ പോയ ശേഷം അച്ഛന്റെ തോളിൽ ഇരുന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ പരിചയമുള്ള ഒരു അമ്മച്ചിയുടെ തല മാത്രം ഒഴുകി വരുന്നു,

അയ്യോ, അച്ഛാ ദോണ്ടേ വെള്ളത്തിൽ മറ്റേ അമ്മച്ചിയുടെ തല എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞു,!@#$$#@!@ മോനേ തല മാത്രമല്ല ഉടലും ഉണ്ട്, വെള്ളത്തിനടിയിൽ . മഴക്കാലത്തിനു മുൻപ്, തൊട്ടു മുൻപ് കാലങ്ങളായി ഇവിടെ നടന്നു വരുന്ന ഒരു പ്രഹസനമുണ്ട്, ഒരു സംഘം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നു, കുറേപ്പേർ റെയിൽവേ പാലത്തിനടി വൃത്തിയാക്കുന്നു, കൗൺസലർ വരുന്നു, എം എൽ എ വരുന്നു, ഫോട്ടോ എടുക്കുന്നു. പ്രസ്താവന നടത്തുന്നു ,ആരും പേടിക്കണ്ട , ഇനി ഇവിടെ വെള്ളം കെട്ടില്ല, എല്ലാം ശാന്തം, ഒടുവിൽ മഴ പെയ്യുമ്പോൾ സംഗതി സെയിം. വെള്ളം കെട്ടുന്നു, പിന്നെ കുട്ടികളെ ഉണ്ടാക്കുന്നു

ഇങ്ങനെ ഒക്കെ ഉള്ളപ്പോൾ സത്യത്തിൽ നമ്മൾ എന്ത് ചെയ്യണം. വിധിയെ പഴിക്കാതെ അവസരം നമുക്ക് അനുകൂലമാക്കണം ,അല്ലെ? എങ്ങനെ ? നഷ്ടത്തിലായ കെ എസ് ആർ ടീ സി ഈ മഴ സമയത്തു തമ്പാനൂരും പഴവങ്ങാടിയിലും ഒക്കെ അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ കെ എസ് ബീ ടീ സി തുടങ്ങിയിരുന്നെങ്കിലോ ? കുറെയൊക്കെ നഷ്ട്ടം നികത്താമായിരുന്നു.മഴ പെയ്താൽ ഉടനെ ബോട്ട് ഇറക്കുക, റോഡെവിടെ തോടെവിടെ എന്ന് മനസിലാകാതെ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന ഒരുപാടു യാത്രക്കാരെ കിട്ടും, പഴവങ്ങാടിയിൽ നിന്നും സ്റ്റാച്യൂ , തമ്പാനൂർ നിന്നും കരമന എന്നീ ഭാഗങ്ങളിലേക്ക് വേണം സർവീസ് നടത്താൻ, സിറ്റി ഇൻ റെയിൻ അഥവാ വെള്ളത്തിൽ മുങ്ങിയ നരകം എന്നൊരു പരിപാടി ടൂറിസം ഡിപ്പാർട്‌മെന്റിനും തുടങ്ങാം, വിദേശികളെ ഈ ഓട വെള്ളത്തിലൂടെ കൊതുമ്പു വള്ളത്തിൽ കൊണ്ട് പോവുക.നല്ലോണം നീന്താൻ അറിയുന്നവർക്കായി ഒരു കുഴിയിൽ മുങ്ങി മറു കുഴിയിൽ പൊങ്ങുക എന്നുള്ള മത്സരങ്ങളും വെക്കാം.അഥവാ പൊങ്ങാൻ പറ്റാതെ തോട്ടിലോ ഓടയിലോ പെട്ടുപോയാൽ ആശ്രിതർക്ക് ജോലി കൊടുത്താൽ മതി,ധാരാളം പേർ മത്സരിക്കാൻ വരും.

പണ്ടൊരിക്കൽ വിനായക സ്റ്റോറിനടുത്തു തട്ടുകട നടത്തിയിരുന്ന അപ്പു അണ്ണനും അങ്ങേരുടെ കടയും പിന്നെ കടയുടെ കാലിൽ കെട്ടി ഇട്ടിരുന്ന അങ്ങേരുടെ പട്ടിയും കൂടി പ്രതീക്ഷിക്കാതെ പെയ്ത ഒരു മഴയത്ത് ഒഴുകി കരമനയാറ്റിലേക്കു പോയി, അത് വഴി അറബിക്കടലിലേക്കും . പാവം അപ്പു അണ്ണൻ .തട്ടുകടകൾ വെള്ളത്തിൽ പൊങ്ങി കിടക്കുംപോലെ ഒരു സംവിധാനം ബുദ്ധിപൂർവം അടിയിൽ ഫിറ്റ് ചെയ്താൽ ഈ അവസ്ഥ ഒഴിവാക്കി നല്ല കച്ചവടം നടത്താമായിരുന്നെന്ന് ആ പാവത്തിനോട് അന്നാരും പറഞ്ഞു കൊടുത്തിരുന്നില്ല
ആലോചിച്ചു നോക്കു, മഴയിൽ തണുത്തു വിറച്ചു പുറത്തും പോകാൻ പറ്റാതെ നിൽക്കുന്ന ആൾക്കാരുടെ മുന്നിൽ നമ്മൾ തട്ട് കടയിൽ ഒഴുകി വരുന്നു, ചൂട് ചായയും വടയും സിഗരറ്റും കൊടുക്കുന്നു, സന്തോഷിപ്പിക്കുന്നു, കച്ചവടം പൊടി പൊടിച്ചേനെ. പക്ഷെ യാത്രക്കാർ അതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും. വലിയ വില. അത് വേറെ കാര്യം.

ഇങ്ങനെ ഒക്കെ പ്ലാൻ ചെയ്തു ഉള്ള അവസരവും മഴയും ഓടയിലെ വെള്ളപ്പൊക്കവും നമുക്ക് അനുകൂലമായി ഉപയോഗിക്കാതെ ചുമ്മാ 'ഏതു സർക്കാർ വന്നാലും നമ്മൾ വെള്ളത്തിൽ തന്നെ' എന്നൊക്കെ ഉള്ള അമ്പതു വര്ഷം പഴക്കമുള്ള തലക്കെട്ടുകളും വെള്ളത്തിൽ മുങ്ങിയ ആൾക്കാരുടെ ഫോട്ടോകളും ഇട്ടു കളിക്കുന്നത് പരമ ബോറു പരിപാടിയാണ്, കേട്ടാ പത്രക്കാരെ .....ഞാനില്ല ഇനി ഈ കളിക്ക് !