കൊച്ചി: ജീവിതത്തിലാദ്യമായാണ് പൊലീസ് കേസിൽപ്പെടുന്നതെന്ന് നടൻ അജുവർഗീസ്. 'സ്‌ക്രീൻ പൊട്ടിയ ഫോൺ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായതെന്നാണ് അജു പറയുന്നത്. പഴയ ആളുകൾ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടിൽ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്‌ക്രീൻ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.'-അജു വർഗ്ഗീസ് പറയുന്നു.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്കിലിട്ട് അജു വർഗ്ഗീസ് പുലിവാല് പിടിച്ചിരുന്നു. അജു വർഗീസിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സുഹൃത്ത് എന്ന രീതിയിലാണ് നടിയുടെ പേരുവെളിപ്പെടുത്തിയതെന്നും അജു പറയുന്നു. 'സുഹൃത്തിനെ പേരല്ലേ നമ്മൾ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ. അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും'. അദ്ദേഹം പറഞ്ഞു. സിനിമയിൽ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമർശം തങ്ങൾക്കൊക്കെ തിരിച്ചറിവാണെന്നും അജു വർഗീസ് പറഞ്ഞു.

'അഡൽട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു. ധ്യാനിന്റെ സ്‌ക്രിപ്റ്റിൽ അത്തരം പരാമർശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയിൽ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവൻ തന്നെ നീക്കി. സിറ്റുവേഷൻ കോമഡി ഉള്ളപ്പോൾ പരാമർശങ്ങൾ അത്തരത്തിൽ വേണ്ട'. അജു പറയുന്നു. കൊച്ചിയിൽ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ നടൻ അജു വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്ത്് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വർഗീസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതെ തുടർന്നാണ് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അജുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈ 13ന് അജു വർഗീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. നടന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ചു നടൻ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പൊലീസ് കോടതിയിക്കു കൈമാറുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറയാനിടയായതിൽ ഖേദമുണ്ടെന്ന് നടൻ അജു വർഗീസ്. പേരു പറയാൻ പാടില്ലെന്ന നിയമം അറിയില്ലായിരുന്നുവെന്നും അജു വർഗ്ഗീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയില്ലെന്ന് നടിയും അറിയിച്ചു.