തിരുവനന്തപുരം: സിനിമാ നിർമ്മാണപ്പങ്കാളികളായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള തർക്കത്തിനിടെ ഫേസ്‌ബുക്കിൽ കമന്റിട്ട നടൻ അജു വർഗീസിനെ അധിക്ഷേപിച്ച് ഉപയോക്താവ്. പ്രശ്‌നങ്ങളൊക്കെ പെട്ടെന്ന് അവസാനിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് അജുവിട്ട കമന്റിനു താഴെയാണ് അജുവിനെ 'പാഷാണം' എന്നു വിളിച്ചു ഫേസ്‌ബുക്ക് ഉപയോക്താവിന്റെ കമന്റ് വന്നത്.

ഇതോടെയാണു മറുപടിയുമായി അജു വർഗീസുമെത്തിയത്. ''വ്യക്തിപരമായും തൊഴിൽമേഖലയയിലും എന്റെ സുഹൃത്തുക്കൾ ആണ് ഇവർ രണ്ടു പേരും. അവർ തമ്മിൽ എന്തേലും പ്രശ്‌നം വരുമ്പോൾ അത് ഏറ്റെടുത്ത് അവരെ രണ്ടു ഭാഗത്താക്കാൻ ഞാൻ പഠിച്ചിട്ടില്ല. മലയാളം സിനിമക്കും ഒരു പാട് പുതുമുഖങ്ങൾക്കും ഇവർ ചെയ്തത് മറക്കാൻ പറ്റുന്നതല്ല. ഇവർ ഒന്നിച്ചു മലയാളം സിനിമയിൽ ഇനിയും നല്ല സിനിമകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അഭിപ്രായം ചോദിക്കാതെ നിങ്ങൾ എന്നോട് തോന്ന്യാസം പറഞ്ഞു ആയതിനാൽ പ്രതികരിക്കുന്നു'' എന്ന് അജു കുറിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്നു വിജയ് ബാബു ഫേസ്‌ബുക്കിൽ പരാമർശിച്ചിരുന്നു. ഇതിനു താഴെയാണ് അജു പ്രശ്‌നങ്ങൾ വേഗം അവസാനിക്കട്ടെയെന്നു കമന്റിട്ടത്. ഇതിനു മറുപടിയായി അധിക്ഷേപ വാക്കു വന്നതോടെയാണ് അജു വീണ്ടും മറുപടിയുമായി രംഗത്തെത്തിയത്.

തർക്ക വസ്തു തട്ടിയെടുക്കാൻ വേണ്ടിയാണ് കച്ചവട പങ്കാളിയും അവരുടെ ഭർത്താവും ശ്രമിക്കുന്നതെന്നാണു വിജയ് പറഞ്ഞത്. തനിക്കെതിരെ ഉയർന്ന ആരോപണം അങ്ങനെയല്ലെന്ന് താൻ തെളിയിക്കും. സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നു പറഞ്ഞാണ് വിജയ് ബാബുവിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയ തന്നെ മർദിച്ചുവെന്നാണ് സാന്ദ്ര നൽകിയ പരാതിയിൽ പറയുന്നത്. വിജയ് ബാബുവും കൂട്ടാളികളുമാണ് ആക്രമിച്ചതെന്ന് സാന്ദ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.