കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരാമർശിച്ച നടൻ അജു വർഗീസിനെതിരെ പരാതി. ദിലീപിനെ അനുകൂലിച്ചു കൊണ്ട് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. അജുവിനെതിരെ ഡിജിപി സെൻകുമാറിനാണ് പരാതി പോയിരിക്കുന്നത്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

അതേസമയം പിന്നീട് അജു വർഗീസ് ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് നടിയുടെ പേര് നീക്കം ചെയ്തു. ആക്രമിക്കപ്പെട്ട എന്റെ സഹപ്രവർത്തകയുടെ പേര് ഉപയോഗിച്ചതിൽ ഖേദിക്കുന്നു, അതിനാൽ പോസ്റ്റിൽ നിന്നും പേര് ഒഴിവാക്കുന്നു എന്നായിരുന്നു അജുവിന്റെ വിശദീകരണം.

ഈ അടുത്തിടെ ആക്രമിക്കപ്പെട്ട എന്റെ സഹപ്രവർത്തകയോട് , പ്രതി ആരാണോ അവർ ചെയ്തത് ശുദ്ധ പോക്കിരിത്തരം ആണെന്നും അതിന് ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. എന്നാൽ ദിലീപ് ഏട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമമാണ്. സത്യം തെളിയുന്നതു വരെ ദിലീപേട്ടനെ പ്രതിസ്ഥാനത്ത് നിർത്തരുതെന്നും ആയിരുന്നു അജുവിന്റെ ഫേസ്‌ബുക്ക് പോസ്‌ററ്.