കൊച്ചി: ഫേസ്‌ബുക്കിലൂടെ ദിലീപിന് പിന്തുണയുമായി യുവതാരം അജു വർഗീസ് വീണ്ടും. ഇത്തവണ ആക്രമണത്തിന് ഇരയായ നടിയുടെ പേരു കൂടി വെളിപ്പെടുത്തിയാണ് അജു രംഗത്ത് വന്നിരിക്കുന്നത്. സത്യം പുറത്ത് വരുന്നതു വരെ എങ്കിലും ദിലീപിനെ കുറ്റപ്പെടുത്താതിരുന്നു കൂടെ എന്നാണ് അജു ഫേസ്‌ബുക്കിലൂടെ വീണ്ടും ചോദിക്കുന്നത്.

നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവുമില്ലെന്നും അജു പറയുന്നു. നടിയുടെ പേര് തുറന്ന് പറഞ്ഞ അജു പ്രതികളെ കണ്ടുപിടിക്കുക തന്നെ വേണം എന്നും പറയുന്നു. ഇപ്പോൾ നടക്കുന്നത് ദിലീപ് ഏട്ടനെ നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമമമാണ്. ഇത് പൊതുസമൂഹം മനസ്സിലാക്കണമെന്നും സത്യം പുറത്തു വരും വരെ എങ്കിലും ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും അജു പറയുന്നു.

ഇത് രണ്ടാം തവണയാണ് അജു ദിലീപിന് പിന്തുണയുമായി രംഗത്തെത്തുന്നത്. നടൻ സലിം കുമാറും സംവിധായകൻ ലാൽ ജോസും ദിലീപിനുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും താൻ ദിലീപിനൊപ്പമാണെന്നാണ് ലാൽ ജോസ് വ്യക്തമാക്കിയത്. 'ദിലീപ്, നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്....നിന്നെ അറിയുന്ന സിനിമാക്കാരും...' ലാൽ ജോസ് പറയുന്നു.

ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്നാണ്് സലിംകുമാർ അഭിപ്രായപ്പെട്ടത്. സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സലിംകുമാർ ചൂണ്ടിക്കാട്ടി. ദിലീപിന്റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തെ ചിലർ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്സ് ആയിരുന്നെന്നും സലിംകുമാർ പറഞ്ഞു. കേസിൽ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.