തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണി രംഗത്ത്. കേരളത്തിലെ കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് വേണ്ട പ്രധാനഗുണം വിട്ടുവീഴ്ച മനോഭാവമാണ്. 1967നെക്കാൾ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കോൺഗ്രസ് കടന്നുപോകുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാതെ പാർട്ടിക്ക് തിരിച്ചുവരാൻ കഴിയില്ലെന്നും ആന്റണി വ്യക്തമാക്കി. ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുക്കലിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് കലഹം വീണ്ടും ആരംഭിച്ച സമയത്താണ് നേതൃത്വത്തെ വിമർശിച്ച് ആന്റണി എത്തുന്നതെന്നും ശ്രദ്ധേയമാണ്.

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും യോജിക്കേണ്ട വിഷയങ്ങളിൽ യോജിക്കണം. പാർട്ടിയിൽ ജനറൽമാരും ഓഫിസർമാരും കൂടുതലാണ്. കാലാൾപ്പട കുറവുള്ള പാർട്ടിയാണ് കോൺഗ്രസ്. താഴെത്തട്ടിൽ നിന്നാണ് പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത്.

കോൺഗ്രസിൽ തലമുറ മാറ്റം എളുപ്പമല്ലെന്നും അഞ്ചുതലമുറകളും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും തന്നെയാണ് പ്രധാന നേതാക്കൾ. ഇവർ മൂന്നുപേരും ഒരുമിച്ച് നീങ്ങണമെന്നാണ് പാർട്ടിയുടെയും ഹൈക്കമാൻഡിന്റെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.