കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധക്കാർക്കുനേരെ ഭീഷണിയുമായി മന്ത്രി എ.കെ. ബാലൻ. മന്ത്രി കെ.ടി. ജലിലീന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സംസ്ഥാനത്താകമാനം നടക്കുന്ന പ്രതിഷേധങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ബാലന്റെ വിവാദ പ്രസ്താവന. പ്രതിഷേധങ്ങളെ നേരിടാൻ പൊലീസിന്റെ ആവശ്യമില്ലെന്നും സിപിഎമ്മുകാരും ഡിവൈഎഫ്‌ഐക്കാരും മന്ത്രിമാരുടെ സംരക്ഷണത്തിനെത്തുമെന്നുമാണ് മന്ത്രി പറയാതെ പറഞ്ഞത്. മന്ത്രിമാർക്ക് നടക്കാൻ പറ്റില്ലെന്ന് പറഞ്ഞേക്കരുത്. കാരണം ഞങ്ങളെ സഹായിക്കാൻ സിപിഎം മാത്രമല്ല ഇടതുപക്ഷം അല്ല, എൽആർടി വിഭാഗവുമുണ്ട്. ഇവിടെ കലാപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ ഗവ. നേതൃത്വം കൊടുത്ത് രംഗം സൃഷ്ടിക്കില്ല. അതുകൊണ്ട് സഹിക്കുകയാണ്. ഈ വാഹനവും പൊലീസും എപ്പോഴും വേണമെന്ന് നിർബന്ധമില്ല. അക്കാര്യം മനസ്സിലാക്കണമെന്ന മുന്നറിയിപ്പും മന്ത്രി നൽകി.