തിരുവനന്തപുരം: പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടെന്നത് യാഥാർത്ഥ്യമാണെന്ന് എകെ ബാലൻ. പിണറായി വിജയനോട് ഇക്കാര്യം പറഞ്ഞ വ്യക്തി തന്നോടും വിവരം പറഞ്ഞിട്ടുണ്ടെന്ന് എകെ ബാലൻ പറഞ്ഞു. കെ സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഈ വിവരം അറിഞ്ഞ ശേഷം തങ്ങളോട് പറഞ്ഞതെന്നും എകെ ബാലൻ
വെളിപ്പെടുത്തി.

.ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിനെ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് കെ സുധാകരനാണെന്ന് മുന്മന്ത്രി എകെ ബാലൻ. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ സുധാകരൻ ജനതാ പാർട്ടിക്കൊപ്പമായിരുന്നു. 18 വർഷത്തോളം കഴിഞ്ഞാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. സുധാകരന്റെ തനിസ്വഭാവവും പൊതുസമൂഹം അറിയാനാണ് ചില കാര്യങ്ങൾ പറയാൻ നിർബന്ധിതമായതന്നെും സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ബാലൻ പറഞ്ഞു.

എകെ ബാലൻ പറഞ്ഞത്: 'പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയുണ്ടെന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്. പിണറായിയോട് പറഞ്ഞ കോൺഗ്രസ് നേതാവ് തന്നെ എന്നോടും പറഞ്ഞു. സുധാകരനുമായി അദേഹത്തിന് നല്ല ബന്ധമുണ്ട്. അങ്ങനെയാണ് ഈ ഓപ്പറേഷൻ മനസിലാക്കിയതും ഞങ്ങളെ വിവരം അറിയിച്ചതും. സംഭവത്തിൽ പൊലീസിൽ പരാതി കൊടുക്കണമെന്ന് തോന്നിയിട്ടില്ല. കാരണം സുധാകരന്റെ നേതൃത്വത്തിൽ അങ്ങനെയൊരു നീക്കം നടത്തിയാൽ അതിനെ പൊലീസിനോട് പറയാതെ തന്നെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്. വരുന്ന ക്രിമിനലുകളയും നേരിടാൻ പ്രസ്ഥാനത്തിന് അറിയാം. ഇതെല്ലാം നിസാരമായ കാര്യങ്ങളാണ്. അതുകൊണ്ടാണ് പരാതി കൊടുക്കാത്തതും. വിവരം അറിഞ്ഞപ്പോൾ വഴിയിൽ നമുക്ക് കാണാം. ബേജാറില്ലെന്നാണ് പിണറായി പറഞ്ഞത്. അതുകൊണ്ടാണ് ഭാര്യയോടും മക്കളോടും പിണറായി വിജയൻ പറയാതിരുന്നത്.''

'മറ്റു പ്രസ്ഥാനങ്ങളിലെ നേതാക്കളെല്ലാം നിസാരക്കാരാണ്. എന്റെ മുന്നിൽ ഒന്നുമല്ല. ഏറ്റവും വലിയ ധൈര്യശാലി ഞാനാണ് ഈ സന്ദേശം കോൺഗ്രസുകാരെ ആവേശം കൊള്ളിക്കാനാണ് സുധാകരൻ ചെയ്തതെങ്കിൽ അദ്ദേഹം ചെയ്തോട്ടെ. പക്ഷെ അത് ഇങ്ങോട്ട് വേണ്ട. അത് മാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴത്തെ വിവാദം അനാവശ്യമായിരുന്നു. കോളേജുകളിൽ പല സംഭവങ്ങളുമുണ്ടാകും. പലർക്കും പല അനുഭവങ്ങളുമുണ്ടാകും. ഇനിയെങ്കിലും സുധാകരൻ ഇത് അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. തട്ടിക്കൊണ്ട് പോകൽ സംഘത്തെക്കുറിച്ച്, അവരുടെ പേര് പറയാൻ സുധാകരൻ ആവശ്യപ്പെട്ടു. പേര് പറയണോ, വേണ്ടെയോ എന്നത് ഞങ്ങൾ തീരുമാനിച്ചിട്ടില്ല. പറയണമെങ്കിൽ പറയാം. പറയാൻ യാതൊരു ബുദ്ധിമുട്ടുമില്ല.'

അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നിൽ പിണറായി ഭീരുവാണെന്നും തന്റെ മുന്നിൽ നട്ടെല്ലോടെ നിൽക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജൽപനങ്ങൾ സുധാകരൻ ആവർത്തിച്ചതോടെയാണ് മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിലൂടെ ഒരു കോൺഗ്രസുകാരനും പ്രതിരോധിക്കാൻ പറ്റാത്ത വിധത്തിൽ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലൻ പറഞ്ഞു.

സുധാകരൻ പറഞ്ഞ ബ്രണ്ണൻ കോളേജ് ചരിത്രം ശരിയല്ല. 1971ലാണ് മമ്പറം ദിവാകരൻ കോളേജിൽ ചേർന്നത് എന്നത് യാഥാർഥ്യമാണ്. എന്നാൽ 1968-69 കാലഘട്ടത്തിൽ ഞാൻ ബ്രണ്ണൻ കോളേജിൽ ചേർന്നിരുന്നു. കെഎസ്എഫിന്റെ തലശേരി താലൂക്ക് സെക്രട്ടറിയുമായിരുന്നു. സപ്തകക്ഷി സർക്കാരിന്റെ കാലഘട്ടമാണ് അന്ന്. വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയയാണ്. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ വന്ന സിഎച്ചിന് കെഎസ്എഫിന്റെ മുദ്രാവാക്യങ്ങൾ കാരണം സംസാരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എല്ലാ ശക്തിയുമെടുത്ത് സുധാകരനെ നേരിട്ടതും അദ്ദേഹത്തെ കോളേജ് ചുറ്റിച്ചതും. അന്ന് സുധാകരന്റെ പാന്റ് ഊരി എന്നത് തന്നെയാണ് യാഥാർഥ്യം.

അതിന്റെ തൊട്ടടുത്ത വർഷം കോളേജിൽ കെ.എസ്.യു രണ്ടായി. സുധാകരൻ കെ.എസ്.യുവിൽ നിന്ന് മാറി. എൻഎസ്ഒയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ എസ്എഫ്‌ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് സുധാകരൻ തന്നെ ഹോസ്റ്റലിൽ വന്ന് കണ്ടിരുന്നു. അതിന് താൻ അംഗീകാരവും നൽകി. എന്നാൽ എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയും കോളേജ് യൂണിറ്റും ഇതിനെ എതിർത്തു. സുധാകരനാണ് മത്സരിക്കുന്നതെങ്കിൽ വോട്ട് നൽകില്ലെന്ന നിലാപാടെടുത്തതോടെയാണ് താൻ തന്നെ മത്സരിച്ചതും ചെയർമാനായതും. ഇതിനായി സുധാകരന്റെ സഹായമുണ്ടായെന്നും അദ്ദേഹം പറഞ്ഞു

കെ.എസ്.യുവിനെ ബ്രണ്ണൻ കോളേജിൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആളാണ് സുധാകരൻ. പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാർട്ടിയിലും മറ്റുമായിരുന്നു. 17, 18 വർഷക്കാലം സുധാകരന് കോൺഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.

പിണറായായിയെ മർദ്ദിച്ചെന്ന അവകാശവാദവും തെറ്റാണ്. അന്ന് ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് കെഎസ്എഫ് മുദ്രാവാക്യം വിളിച്ചെത്തിയെങ്കിലും ബയോളജി മാഷ് ക്ലാസ് വിട്ടില്ല. അപ്പോഴാണ് സുധാകരന്റെ നേതൃത്വത്തിൽ കുറച്ചാളുകൾ എത്തി തന്നെ ആക്രമിക്കാനൊരുങ്ങിയത്. ആ സമയത്താണ് ക്യാമ്പസിലുണ്ടായിരുന്ന പിണറായി വിജയൻ ക്ലാസിന് സമീപത്തേക്കെത്തിയത്. സംഘർഷം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സുധാകരൻ ഒരു ശരീരഭാഷ പ്രയോഗിച്ചപ്പോഴാണ് പിണറായിയും ആ രീതിയിൽ തന്നെ തിരികെ പ്രതികരിക്കുന്നതും. ഇതിനിടെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇത്രമാത്രമാണ് അന്നവിടെ നടന്നതെന്നും ബാലൻ വിശദീകരിച്ചു.