- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് പഴയ പൂച്ചക്കുട്ടിയല്ല... പെരുമ്പാമ്പിനെ കണ്ട പുലിക്കുട്ടി! എല്ലാം തോമസ് കെ തോമസിന്റെ കുതന്ത്രം; താൻ പാർട്ടി ഗൂഢാലോചനയുടെ ഇര; മുഖ്യമന്ത്രിക്ക് മന്ത്രി ശശീന്ദ്രൻ നൽകിയത് ഈ വിശദീകരണം; രാജി വേണ്ടെന്ന് പിണറായിയും; ആദ്യ വിക്കറ്റ് വീഴാതിരിക്കാൻ ഇനി ശ്രദ്ധാപൂർവ്വം കളി
തിരുവനന്തപുരം: വനം മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കില്ല. രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനെ അറിയിച്ചിട്ടുണ്ട്. ശശീന്ദ്രന്റെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനാണ്. ഇതോടെ രണ്ടാം പതിപ്പിൽ ആദ്യ വിക്കറ്റ് വീഴ്‌ത്താനുള്ള പ്രതിപക്ഷ ശ്രമത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സിപിഎം ഒരുക്കും. ബിജെപി-കോൺഗ്രസ് ഗൂഢാലോചനയാണ് മന്ത്രിക്കെതിരെ നടന്നതെന്നാകും വിശദീകരണം. അതിനിടെ കുട്ടനാട് എംഎൽഎയുടെ മന്ത്രിമോഹമാണ് ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും ശശീന്ദ്രനെ പിന്തുണയ്ക്കും. സിപിഎം നിലപാട് മനസ്സിലാക്കിയാണ് ചാക്കോയുടെ നിലപാട് എടുക്കൽ. ഇതും ശശീന്ദ്രന് തുണയാകും. നേരത്തെ അഞ്ചു കൊല്ലവും ശശീന്ദ്രൻ മതി മന്ത്രിയെന്ന് തീരുമാനിച്ചത് ചാക്കോയാണ്. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ എത്തിയാണ് ശശീന്ദ്രൻ കണ്ടത്. അതിന് ശേഷമാണ് രാജി വയ്ക്കില്ലെന്ന് ശശീന്ദ്രൻ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ പിന്തുണയുടെ പ്രതിഫലനമായിരുന്നു വാക്കുകളിൽ. പാമ്പ് വിവാദവും ശശീന്ദ്രനെതിരെ ഉയർന്നിട്ടുണ്ട്. ഇതും അനാവശ്യ വിവാദമാണെന്ന നിലപാടിലാണ് മന്ത്രി.
എൻ.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ വിശദീകരണം നൽകിയിരുന്നു. ഇതിന് ശേഷമാണ് നേരിൽ കണ്ടത്. ഫോണിൽ തന്നെ രാജി വേണ്ടെന്ന് പിണറായി പറഞ്ഞിരുന്നു.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന തന്റെ സർക്കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയർന്നതിൽ ഇടതുപക്ഷത്ത് അതൃപ്തിയുണ്ട്. ഇതിനിടെയാണ് പരിക്കേറ്റ പെരുമ്പാമ്പിനെ ഗസ്റ്റ് ഹൗസിൽ എത്തിച്ചു കണ്ട ശശീന്ദ്രൻ നടപടിയിലെ വിവാദവും.
എൻസിപിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. കുട്ടനാട്ടെ തോമസ് കെ തോമസും പിന്നെ ശശീന്ദ്രനും. ശശീന്ദ്രനെ ഒഴിവാക്കി മന്ത്രിയാകാൻ തോമസ് കെ തോമസിന് മോഹമുണ്ട്. ഇതിന്റെ ഗൂഢാലോചനയുടെ ഇരയാണ് ഇപ്പോഴത്തെ ഫോൺ വിവാദമെന്നാണ് ശശീന്ദ്രന്റെ വാദം. അറിയാതെ താൻ പെട്ടു പോയതാണ്. അതുകൊണ്ട് രാജിയുടെ ആവശ്യമില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയും അംഗീകരിക്കുകയാണ്. പീഡന കേസിൽ താൻ ഇടപെട്ടില്ലെന്നും ശശീന്ദ്രൻ പറയുന്നു.
ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഫോൺകെണി കേസിൽ കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലേക്കെത്തിയത് നിരവധി നാടകീയ നീക്കങ്ങളിലൂടെയാണ്. ആദ്യ പിണറായി സർക്കാരിൽ ഇടതുപക്ഷത്തിന് നാണക്കേടുണ്ടാക്കിയ മന്ത്രി. ചാനൽ പ്രവർത്തകയുടെ മൊഴിമാറ്റമാണ് പൂച്ചക്കുട്ടി വിവാദത്തിൽ ശശീന്ദ്രന് തുണയായത്. രണ്ട് എംഎൽഎമാരാണ് 2016ലും എൻസിപിക്കുണ്ടായിരുന്നത്. എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും. ശശീന്ദ്രൻ പൂച്ചക്കെണിയിൽ കുടുങ്ങിയപ്പോൾ തോമസ് ചാണ്ടി മന്ത്രിയായി. തോമസ് ചാണ്ടി കുട്ടനാട്ടിലെ കൈയേറ്റത്തിൽ പെട്ടപ്പോൾ ശശീന്ദ്രന് കോളടിച്ചു.
തോമസ് ചാണ്ടിയുടെ മരണത്തോടെ ശശീന്ദ്രന് എൻസിപിയിൽ ഒന്നാം സ്ഥാനമായി. പാലായിൽ മാണി സി കാപ്പനെ ഇടതുപക്ഷം കൈവിട്ടതും ശശീന്ദ്രനിലുള്ള താൽപ്പര്യം കൊണ്ട്. അങ്ങനെ പാലായെ യുഡിഎഫിൽ നിന്ന് മാണി സി കാപ്പൻ പിടിച്ചപ്പോൾ പിഴക്കാത്ത ചുവടുമായി ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ തോമസിന്റെ ക്ലെയിമിനെ സിപിഎം പിന്തുണയോടെ തള്ളി. വനം വകുപ്പിൽ എത്തിയപ്പോൾ ആദ്യ മരം മുറി വിവാദമെത്തി. ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകനാണ് ചതിച്ചതെന്ന പരോക്ഷ സൂചനകളുമായി ശശീന്ദ്രൻ മുട്ടിലിൽ രക്തസാക്ഷി പരിവേഷത്തോടെ രക്ഷപ്പെട്ടു. പിണറായി വിജയന്റെ അതിവിശ്വസ്നായി അഭിനയിക്കുന്ന ദീപക് ധർമ്മടമാണ് ചതിച്ചതെന്ന് മന്ത്രിയും തിരിച്ചറിഞ്ഞിരുന്നു.
മരം മുറിയിലെ പ്രത്യേക സാഹചര്യം ശശീന്ദ്രന് തുണയായി. റവന്യൂ വകു്പ്പിന്റെ ഉത്തരവും പഴയ മന്ത്രിയുടെ ഉത്തരവും ചർച്ചയായതും ശശീന്ദ്രന് വിനയായി. അതിനിടെ ഉടൻ ഒരു മന്ത്രിയുടെ വിക്കറ്റ് തെറിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തി. അത് ആരുടേതെന്ന ചർച്ചകൾക്കിടയിലാണ് പീഡനക്കേസ് ഒതുക്കൽ വാർത്ത എത്തുന്നത്. ഇതിൽ ബിജെപി അനുഭാവിയാണ് ഇര. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി.
ഒന്നാം പിണറായി സർക്കാരിൽ ശശീന്ദ്രൻ തിരിച്ചെത്തിയത് പരാതി പിൻവലിച്ചതോടെയാണ്. കോടതി കേസ് എഴുതി തള്ളി. മന്ത്രിമന്ദിരത്തിൽ വച്ചു ശശീന്ദ്രൻ തന്നോടു മോശമായി പെരുമാറിയതായി ഓർക്കുന്നില്ലെന്നും ഫോണിൽ നിരന്തരം അശ്ലീലസംഭാഷണം നടത്തിയതു ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നുമുള്ള ചാനൽ പ്രവർത്തകയുടെ മൊഴി മാറ്റത്തെത്തുടർന്ന് ശശീന്ദ്രനെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനിടെ തോമസ് ചാണ്ടി കുട്ടനാട്ട് കയ്യേറ്റത്തിൽ കുടുങ്ങുകയും ചെയ്തു.
അഭിമുഖത്തിനായി ചാനൽ പ്രവർത്തക ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മോശമായി പെരുമാറിയെന്നും തുടർന്നു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു കേസ്. ഫോൺവിളി സംഭവം ചാനലിന്റെ ആദ്യവാർത്തയായി പുറത്തുവന്നതോടെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു. പരാതിക്കാരി ഡിജിപിയെ സമീപിച്ചെങ്കിലും കേസെടുത്തില്ല. തുടർന്നാണു സിജെഎം കോടതിയിൽ പരാതി നൽകിയത്. ചാനലിലെ രണ്ടു വനിതാ സഹപ്രവർത്തകരെ സാക്ഷിയാക്കി.
മൂവരുടെയും മൊഴിയെത്തുടർന്നു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എടുത്ത കേസിനാണ് നാടകീയ പര്യവസാനം അന്നുണ്ടായത്. ഇപ്പോൾ ശശീന്ദ്രനെ വെട്ടിലാക്കുന്നതും ഫോൺ വിളിയാണ്. പൂച്ചക്കൂട്ടി വിവാദത്തിൽ പ്രതിക്കൂട്ടിലാക്കിയത് സ്ത്രീയുമായുള്ള സംഭാഷണമാണെങ്കിൽ ഇപ്പോൾ ഇരയുടെ അച്ഛനുമായാണ് വിവാദ ഫോൺ സംഭാഷണം. മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്ന വാദം ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ