- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ അനുമതിയില്ലാതെ പ്രതിഷേധ മാർച്ച്: അകാലിദൾ നേതാവ് സുഖ്ബീർ ബാദലും ഹർസിമ്രത് കൗറും പൊലീസ് കസ്റ്റഡിയിൽ; നടപടി കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയതിന്
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ലോക്സഭാ എംപി ഹർസിമ്രത് കൗർ ബാദൽ എന്നിവർ ഉൾപ്പെടെ 11 അകാലിദൾ പ്രവർത്തകർ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനാണ് പൊലീസ് നടപടി.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങൾ ഒരു വർഷം തികഞ്ഞതിന്റെ ഭാഗമായി അകാലിദൾ പ്രവർത്തകർ പാർലമെന്റിലേക്ക് നടത്തിയ ബ്ലാക്ക് ഫ്രൈഡേ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുള്ള അകാലിദൾ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ നിലവിൽ ഡൽഹിയിലെ സൻസദ് മാർഗ് പൊലീസ് സ്റ്റേഷനിലാണുള്ളത്. പ്രതിഷേധ മാർച്ചിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അതേസമയം സമാധാനപരമായ പ്രതിഷേധ മാർച്ച് തടഞ്ഞ ഡൽഹി പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഹർസിമ്രത് കൗർ ബാദൽ അപലപിച്ചു.
'കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കാനാണ് ഞങ്ങളിവിടെ എത്തിയത്. എന്നാൽ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള അതിർത്തികളെല്ലാം പൊലീസ് അടച്ചു. പ്രവർത്തകരെ തല്ലിയോടിച്ചു. ഗുരുദ്വാരയിൽ കൂട്ടംകൂടാൻ പാടില്ലെന്ന് കെജ്രിവാൾ സർക്കാർ ഉത്തരവിട്ടു. കേന്ദ്ര സർക്കാരും പ്രതിഷേധം തടഞ്ഞു. സമാധാനപരമായ പ്രതിഷേധ മാർച്ച് തടഞ്ഞ പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണ് - ബാദൽ പ്രതികരിച്ചു.
വെള്ളിയാഴ്ച കാലത്ത് മുതൽ ഡൽഹി അതിർത്തികളിലേക്ക് അകാലിദൾ പ്രവർത്തകരും കർഷകരും സംഘടിച്ചെത്തിയിരുന്നു. പ്രതിഷേധക്കാരെ തടയാനായി അതിർത്തികളും നഗരത്തിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളുമെല്ലാം പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. രണ്ട് മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനവും താത്കാലിമായി നിർത്തിവെച്ചിരുന്നു. പ്രതിഷേധക്കാർ അതിർത്തികളിലേക്ക് ഒഴുകിയെത്തിയതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗത തടസവുമുണ്ടായി.
ന്യൂസ് ഡെസ്ക്