- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗനീതിയുടെ പ്രത്യയശാസ്ത്രം
മനുഷ്യവംശത്തിനുമേൽ പത്തൊൻപതാം നൂറ്റാണ്ടിൽ മന്ദമായും ഇരുപതാം നൂറ്റാണ്ടിൽ പ്രചണ്ഡമായും ആഞ്ഞുവീശിയ ആശയക്കൊടുങ്കാറ്റുകളിലൊന്നായിരുന്നു, സ്ത്രീവാദം. പ്രാഥമികമായും ലിംഗനീതിയുടെ രാഷ്ട്രീയമാകുന്നു, ഫെമിനിസത്തിന്റെ പ്രത്യശാസ്ത്രം. ഇന്ത്യൻപശ്ചാത്തലത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ രൂപംകൊണ്ടു വളർന്ന ഫെമിനിസത്തിന് ഈ നൂറ്റാണ്ടിലുണ്ടായ ആദർശാത്മകവും പ്രായോഗികവുമായ അർത്ഥമണ്ഡലപരിണാമങ്ങളെ ചരിത്രാത്മകവും അക്കാദമികമായുമപഗ്രഥിക്കുന്ന നിവേദിതാ മേനോന്റെ (ജവഹർലാൽ നെഹ്രുയൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയും ഇന്ത്യൻ വലതുപക്ഷത്തിന്റെ നിശിതവിമർശകയും) Seeing Like a femintsi എന്ന ഗ്രന്ഥത്തിന് ജെ. ദേവിക നടത്തിയ വിവർത്തനമാണ് ഈ പുസ്തകം. വിപുലമായ ഗ്രന്ഥസമ്പത്തും ഊർജ്ജസ്വലമായ പ്രായോഗികപരിചയവും തെളിമയുറ്റനിലപാടുകളും കണിശതയുള്ള രാഷ്ട്രീയവും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും കൈമുതലാക്കി ഫെമിനിസത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ മാനിഫെസ്റ്റോ തയ്യാറാക്കുകയായിരുന്നു നിവേദിത. ആറധ്യായങ്ങളിലായി ഇന്ത്യൻ ഫെമിനിസത്തിന്റെ വർത്തമാനങ
മനുഷ്യവംശത്തിനുമേൽ പത്തൊൻപതാം നൂറ്റാണ്ടിൽ മന്ദമായും ഇരുപതാം നൂറ്റാണ്ടിൽ പ്രചണ്ഡമായും ആഞ്ഞുവീശിയ ആശയക്കൊടുങ്കാറ്റുകളിലൊന്നായിരുന്നു, സ്ത്രീവാദം. പ്രാഥമികമായും ലിംഗനീതിയുടെ രാഷ്ട്രീയമാകുന്നു, ഫെമിനിസത്തിന്റെ പ്രത്യശാസ്ത്രം. ഇന്ത്യൻപശ്ചാത്തലത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ രൂപംകൊണ്ടു വളർന്ന ഫെമിനിസത്തിന് ഈ നൂറ്റാണ്ടിലുണ്ടായ ആദർശാത്മകവും പ്രായോഗികവുമായ അർത്ഥമണ്ഡലപരിണാമങ്ങളെ ചരിത്രാത്മകവും അക്കാദമികമായുമപഗ്രഥിക്കുന്ന നിവേദിതാ മേനോന്റെ (ജവഹർലാൽ നെഹ്രുയൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയും ഇന്ത്യൻ വലതുപക്ഷത്തിന്റെ നിശിതവിമർശകയും) Seeing Like a femintsi എന്ന ഗ്രന്ഥത്തിന് ജെ. ദേവിക നടത്തിയ വിവർത്തനമാണ് ഈ പുസ്തകം. വിപുലമായ ഗ്രന്ഥസമ്പത്തും ഊർജ്ജസ്വലമായ പ്രായോഗികപരിചയവും തെളിമയുറ്റനിലപാടുകളും കണിശതയുള്ള രാഷ്ട്രീയവും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും കൈമുതലാക്കി ഫെമിനിസത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ മാനിഫെസ്റ്റോ തയ്യാറാക്കുകയായിരുന്നു നിവേദിത. ആറധ്യായങ്ങളിലായി ഇന്ത്യൻ ഫെമിനിസത്തിന്റെ വർത്തമാനങ്ങളെക്കുറിച്ചു നടത്തുന്ന ഒരന്വേഷണം. ഏറ്റവും പ്രസക്തമായ ചെലവിഷയങ്ങളെക്കുറിച്ചെഴുതിയ ദീർഘോപന്യാസങ്ങളായും ഈ പുസ്തകത്തെ കാണാം. കുടുംബം, ഉടൽ, ആസക്തി, ലൈംഗികാതിക്രമം, ഫെമിനിസ്റ്റുകളും സ്ത്രീകളും, ഇരകളോ കർതൃത്വമുള്ളവരോ? എന്നിവയാണ് ഈയാറധ്യായങ്ങൾ. ഇവയിലൂടെ ആറു പ്രമേയങ്ങളുടെ ചരിത്രാത്മകസംവാദമാണ് നിവേദിത ലക്ഷ്യമാക്കുന്നത്. യഥാക്രമം കുടംബത്തിന്റെ അധികാരഘടന, ശരീരത്തിന്റെ രാഷ്ട്രീയം, വിമതലൈംഗികത, ബലാത്സംഗവും ഇതര ലൈംഗികാതിക്രമങ്ങളും, ജാതി - മത - വർഗ്ഗ സമവാക്യങ്ങൾ നിർണയിക്കുന്നവിവിധങ്ങളായ ഫെമിനിസങ്ങൾ, ചരക്കുവൽക്കരിക്കപ്പെടുന്ന സ്ത്രീയോട് സത്രീവാദത്തിനുള്ള പുതിയ സമീപനങ്ങൾ എന്നിവയാണ് ഇവ.
ആരാണ് ഫെമിനിസ്റ്റ്? എന്ന ചോദ്യത്തിനുള്ള സൂക്ഷ്മമായ ഒരുത്തരത്തോടെയാണ് നിവേദിത ഈ പുസ്തകം ആരംഭിക്കുന്നത്. ആമുഖത്തിൽ അവർ എഴുതുന്നു:
'അസമങ്ങളായ പലവിധ തന്മകൾ (identities) പല കാലങ്ങളിൽ പല സ്ഥലങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഒരു വ്യക്തി ഫെമിനിസ്റ്റ് ആയി മാറുന്നത്. തന്മകൾ മിക്കപ്പോഴും ഉച്ച നീചത്വശ്രേണികളിൽ ഉൾപ്പെടുന്നവയാണ്. അതായത്, അവ പ്രബലങ്ങളോ ദുർബ്ബലങ്ങളോ ആയി കാണപ്പെടുന്നു. ഇതിൽത്തന്നെ ആൺ - പെൺവ്യത്യാസം രൂപപ്പെടുന്ന പ്രക്രിയകളെക്കുറിച്ചുള്ള സൂക്ഷ്മമാവബോധം ഫെമിനിസ്റ്റ് മനോഭാവത്തിന്റെ ലക്ഷണമാണ്. ലിംഗവത്ക്കരണം (ഴലിറലൃശിഴ) എന്നാണ് നാം ഈ പ്രക്രിയകളെ പൊതുവെ വിളിക്കാറ്. എന്താണിത്? പലതരം നിബന്ധനകളും നിയമങ്ങളും വഴി മനുഷ്യരെ ശരിക്കുമുള്ള ആണുങ്ങളും പെണ്ണുങ്ങളുമായി രൂപപ്പെടുത്തുന്ന സാമൂഹ്യപ്രക്രിയകളുടെ തുടർച്ച എന്നു നമുക്കതിനെ വിളിക്കാം. ഈ നിയമങ്ങളെ നാം കുറെയൊക്കെ മനസ്സിൽ ആവാഹിച്ച് സ്വാംശീകരിച്ചിരിക്കുന്നു. പരമസത്യങ്ങളായി അവ നമ്മുടെയുള്ളിൽ കയറിപ്പറ്റുകയും കുടികൊള്ളുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ പലതും നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടവയാണ്. അൽപ്പം ബലപ്രയോഗം കൂടാതെ അവ അംഗീകരിക്കാൻ നാം കൂട്ടാക്കില്ലെന്നർത്ഥം.
അപ്പോൾ ഫെമിനിസ്റ്റാവുക എന്ന അവസ്ഥ എന്താണ്? ആദ്യമായി, ലിംഗഭേദമടക്കമുള്ള നിരവധി അനീതികളാൽ കെട്ടിപ്പടുത്ത തിരിച്ചറിയുന്നതിലൂടെയാണ് നാം ഫെമിനിസ്റ്റ് ആകുന്നത്. ഇതു മാത്രമല്ല, ഈ അനീതികളെ തിരുത്താൻ നമുക്ക് കഴിയുമെന്ന വിശ്വാസവും, ആ ലക്ഷ്യം മുൻനിർത്തി സാദ്ധ്യമാംവിധം പ്രവർത്തിക്കണമെന്ന പ്രതിബദ്ധതയും കൂടിയാണ് അത്.
ഔപചാരികമായി അംഗത്വം നേടാവുന്ന ഏതെങ്കിലും സംഘടനയല്ല ഫെമിനിസം. ഒറ്റപ്പെട്ട സ്ത്രീകൾ നേടിയെടുക്കുന്ന വിജയങ്ങളെ കൊണ്ടാടലുമല്ലത്. നമ്മെ രൂപപ്പെടുത്തിയ ചരിത്രത്തിന്റെ ഭാഗമാണ് നാം എന്ന ഉൾക്കാഴ്ചയാണ് അതിന്റെ കാതൽ. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ ദേശീയാതിർത്തികളെ ഭേദിച്ചുകൊണ്ട് ലോകത്തെങ്ങും അലയടിച്ചുയർന്ന തരംഗമാണ് ഫെമിനിസം. നിരവധി ശബ്ദങ്ങളുടെ ധാരാളിത്തത്തെ സൂക്ഷ്മമായി പരിരക്ഷിക്കുന്ന, സമരകഥകളുടെയും ആഘോഷങ്ങളുടെയും അക്ഷയനിധിയാണത്. അതിന്റെ ഭാഗമാണ് താനും എന്ന് ഒരുവൾ, അല്ലെങ്കിൽ, ഒരാൾ സ്വയം തിരിച്ചറിയുമ്പോഴാണ് അവൾ / അയാൾ ഫെമിനിസ്റ്റ് എന്ന നിലയിലെത്തുന്നത്. അതോടെ പല ഭാഷകളിലും ദേശങ്ങളിൽ നിന്നുള്ള ദുഃഖങ്ങളുടെയും രോഷത്തിന്റെയും സംഗീതവും സമരഗാനങ്ങളും കേൾക്കാനുള്ള ശേഷി കാതുകൾക്കു ലഭിക്കുന്നു. നമ്മുടെ മുൻഗാമിനികളെയും സമരനായികമാരെയും, മാതാമഹികളെയും നാം തിരിച്ചറിയുന്നു. എല്ലാത്തിലുമുപരി, അവർ ആരംഭിച്ച പോരാട്ടങ്ങളും ഇടംകണ്ടെത്തലും മുന്നോട്ടുപോവുക എന്ന ഭാരിച്ചതും മഹത്തരവുമായ ഉത്തരവാദിത്വം നമ്മുടേതാണെന്ന ബോധം നമ്മെ സദാ പ്രചോദിപ്പിക്കുന്നു.'
നിരന്തരമായ ചോദ്യം ചെയ്യലുകളുടെയും ജാഗ്രതകളുടെയും സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വഴിയിൽ ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴാണ് ഒരാൾ സ്ത്രീവാദിയാകുന്നത്. ആ പ്രക്രിയയിൽ രണ്ടു കേന്ദ്രങ്ങളുണ്ടെന്ന് നിവേദിത പറയും. ഒന്ന്, ലിംഗപരമായ അധികാരം പ്രവർത്തിക്കുന്ന മട്ടും മാതിരിയും, രണ്ട്, അതിനെ പ്രതിരോധിക്കുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം. പിന്തിരിപ്പനും പ്രതിലോമപരവുമായ പ്രവർത്തനപഥങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുണ്ട്. പരമ്പരാഗത പുരുഷാധീശ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഇടപെടുന്ന സ്ത്രീകളുണ്ട്. അതേ സമയം തന്നെയാണ്. മേധാപട്കറെയും ഇറോം ശർമ്മിളയെയും മായാവതിയെും നളിനി നായികിനെയും പോലെ, പാർശ്വങ്ങളിൽ നിന്ന്, സ്ത്രീയുടെ ലിംഗപദവി മുൻ നിർത്തി, പലപ്പോഴും പരാജയപ്പെട്ടേക്കാവുന്ന സമരങ്ങൾ നയിക്കുന്ന സ്ത്രീകളുമുള്ളത്. ഒരർത്ഥത്തിൽ ഈ പുസ്തകം ഇന്ത്യൻ ഫെമിനിസത്തിന്റെ രാഷ്ട്രീയ പഠനമാകുന്നു. മറ്റൊരുതരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഫെമിനിസ്റ്റ് പഠനവും.
'കുടുംബം' എന്ന ഒന്നാമദ്ധ്യായം നോക്കുക. അപാരമായ വൈരുദ്ധ്യങ്ങൾ സമസ്ത മണ്ഡലങ്ങളിലും നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ സമാന സ്വഭാവമോ പ്രസക്തിയോ ഉള്ള ഒരു ഫെമിനിസമല്ല പ്രസക്തമാകുക, എത്രയെങ്കിലും ഫെമിനിസങ്ങളാണ്. എങ്കിലും ഈ ഫെമിനിസങ്ങളെയൊക്കെ സാധൂകരിക്കുന്ന ഏറ്റവും പൊതുവായ ഒരു ഇന്ത്യൻ സ്ഥാപനം കുടുംബമാണ്, സ്വാഭാവികമായി തന്നെ വിവാഹം, ദാമ്പത്യം, മാതൃത്വം, ഭിന്നലൈംഗികത തുടങ്ങിയ സങ്കല്പനങ്ങളും.
ഇന്ത്യൻ കുടുംബങ്ങളുടെ അടിസ്ഥാന സ്വഭാവം പുരുഷമേധാവിത്വം തന്നെയാണ്. നിവേദിത എഴുതുന്നു:
'1984 - ൽ ഡൽഹി ഹൈക്കോടതി പാസ്സാക്കിയ ഒരുവിധി ഇന്ത്യൻഭരണഘടന ഓരോ പൗരിക്കും പൗരനും ഉറപ്പാക്കിയ അടിസ്ഥാനാവകാശങ്ങൾ കുടുംബത്തിലുള്ളിൽ ബാധകമല്ലെന്നു പറഞ്ഞു - അവ വീട്ടുപടി കടന്നുകൂട പോലും. അടിസ്ഥാനാവകാശങ്ങളെ ആ പടി കടത്തിയാൽ മൺപാത്രക്കടയുടെ ഉള്ളിലേയ്ക്ക് കാളയെ ഓടിച്ചുകയറ്റുന്നതുപോലെയാകുമെന്നാണ് ആവിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞത്. അയാൾക്കു തെറ്റിയില്ല. അടിസ്ഥാനാവകാശങ്ങൾ കുടുംബത്തിനുള്ളിൽ കയറിയാൽ ആ കുടുംബത്തിലെ അംഗങ്ങളെല്ലാവരും തുല്യരാണെന്നും ഒരുപോലെ സ്വതന്ത്രരാണെന്നുംവരും. അതോടെ ഇന്നത്തെ രീതിയിലുള്ള കുടുംബത്തിന്റെ കഥ മുക്കാലും കഴിയാനാണിട. കാരണം, ലിംഗസ്വഭാവം, പ്രായം എന്നിവയിലൂന്നിനിൽക്കുന്ന അസമത്വങ്ങളെ ആശ്രയിച്ചാണ് ഇന്ന് കുടുംബം നിൽക്കുന്നത്.
അതിൽത്തന്നെ പ്രായത്തെക്കാൾ പ്രാധാന്യം ലിംഗസ്വഭാവത്തിനാണ്. അതായത്, കാര്യം വരുമ്പോൾ മുതിർന്ന പുരുഷന് മുതിർന്ന സ്ത്രീയെക്കാൾ പ്രായോഗിക അധികാരമുണ്ടെന്ന് സാമാന്യമായിപ്പറയാം. സ്ഥാപനമെന്ന നിലയ്ക്ക് കുടുംബം അസമത്വങ്ങളുടെമേൽ തഴച്ചുവളരുന്നു, പിതൃദായക്രമ (patriliny) ത്തിലൂന്നിയ സവിശേഷ സ്വത്തുരൂപങ്ങളെയും വംശപരമ്പരയേയും അത് പ്രോത്സാഹിപ്പിക്കുന്നു. അപ്പനിൽ നിന്ന് ആൺമക്കളിലേയ്ക്ക് സ്വത്തുക്കളും കുടുംബപ്പേരും കൈമാറ്റപ്പെടുന്ന രീതിയെയാണ് 'പിതൃദായക്രമ'മെന്നു വിളിക്കുന്നത്.
ജാതി, മതം, വംശം, വർഗം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളെ ഊട്ടിയുറപ്പിക്കുകയും, സ്ത്രീയുടെ ലിംഗ-ലൈംഗിക സ്വത്വത്തെ തമസ്‌കരിക്കുകയും ചെയ്യുന്ന വ്യവസ്ഥ കൂടിയാണ് കുടുംബം. നിവേദിത പറയുന്ന ഈയുദാഹരണം ശ്രദ്ധിക്കൂ.
മൃത്യുദണ്ഡ് എന്ന ഹിന്ദി സിനിമയിലെ സുന്ദരമായ ഒരു നിമിഷം ഞാൻ ഓർമ്മിക്കുന്നു. അതിൽ ശബാന ആസ്മിയും മാധുരി ദീക്ഷിത്തും ചേട്ടത്തി - അനിയത്തിമാരാണ് - സഹോദരഭാര്യമാർ. ശബാനയുടെ ഭർത്താവിന് ലൈംഗികശേഷിയില്ല, ആ ഗ്രാമത്തിൽ പരസ്യമായ കാര്യം. അവർ കുറെ നാൾ എവിടെയോ പോകുന്നു. പിന്നീട് മടങ്ങിയെത്തുന്നത് വയറുന്തിക്കൊണ്ടാണ് - ഗർഭിണിയായി. ഞെട്ടൽ മറച്ചുവയ്ക്കാനാവാതെ മാധുരി അവരോട് ചോദിക്കുന്നു - ചേച്ചീ, കുട്ടി ആരുടേതാണ്? ഈ ചോദ്യം ശരിക്കും വിഡ്ഢിച്ചോദ്യമാണ് - വയറ്റിൽ കിടക്കുന്ന പിള്ള തള്ളയുടേതല്ലാതാരുടേതാകാൻ? പക്ഷേ, പിതൃമേധാവിത്വസമൂഹത്തിൽ - പിതൃമേധാവിത്വസമൂഹത്തിൽ മാത്രം - അത് തികച്ചും അർത്ഥപൂർണ്ണമാണ് - കൊച്ചിന്റെ തന്ത ആര് എന്നാണ് ചോദ്യം. അതിന്റെ ജാതിയേത്, ആരുടെ സ്വത്തിലാണ് അതിനവകാശം?
സിനിമയിൽ ശബാന ആ ചോദ്യത്തിന്റെയുത്തരം ഒറ്റവാക്കിലൊതുക്കുന്നു - 'എന്റെ' . സിനിമാതീയറ്ററിൽ കാണികൾ പുറപ്പെടുവിച്ച ശ് …. ശ് ശബ്ദങ്ങളും ചില അടക്കിപ്പിടിച്ച ഇക്കിളിച്ചിരികളും ഞാനോർക്കുന്നു. എന്തൊക്കെയോ ചില വെപ്രാളങ്ങൾ!'
പ്രണയം, രതി, മാതൃത്വം തുടങ്ങിയ ഓരോ മണ്ഡലത്തിലും സ്ത്രീ കൈവരിക്കുന്ന കർതൃത്വങ്ങളെ ഭയക്കുന്ന പുരുഷലോകത്തിന്റെ കയ്യേറ്റങ്ങളാകുന്ന, നമ്മുടെ ലോക ക്രമം തന്നെയും. അഭിമാന ഹിംസ മുതൽ സ്വവർഗ രതിക്കാർക്കെതിരായ സദാചാര വേട്ടകൾ വരെ; വാലന്റൈൻ ദിനാഘോഷത്തിനെതിരായ ഹിന്ദുത്വ ലഹള മുതൽ ഖാപ് പഞ്ചായത്തുകളുടെ പെൺ വിചാരണകൾ വരെ; ശൈശവവിവാഹം മുതൽ തൊഴിൽ രംഗത്തെ ലിംഗ വിവേചനം വരെ; ഗാർഹിക പീഡനം മുതൽ ലൈംഗികാതിക്രമങ്ങൾ വരെ; മുത്തലാക്ക് പോലുള്ള വിവാഹമോചനം മുതൽ സ്വത്തവകാശ നിഷേധങ്ങൾ വരെ - ഓരോന്നും കുടുംബം എന്ന വ്യവസ്ഥാപിത, പുരുഷാധീശ സ്ഥാപനത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി മാറുന്നു. ഇവയൊന്നൊടങ്കം സ്ത്രീവിരുദ്ധവുമാകുന്നു.
കോടതി മുറിയിലെ യുദ്ധങ്ങൾ, നിർദ്ധനരായ സ്ത്രീകളുടെ ആത്മകഥകൾ, പത്രവാർത്തകൾ, പാർലമെന്ററി നിയമ നിർമ്മാണങ്ങൾ, വിവാഹേതര-സദാചാര ലംഘനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ .... ഓരോന്നും മുൻനിർത്തി ഇന്ത്യൻ സമൂഹം കല്പിച്ചുകൊടുക്കുന്ന 'ആദർശഭാര്യ' എന്ന ഏക മാന്യ പൗര പദവിയുടെ കടുത്ത സ്ത്രീവിരുദ്ധതയെക്കുറിച്ച് നിവേദിത ചർച്ച ചെയ്യുന്നു. 'കുടുംബം' എന്ന അദ്ധ്യായം അവർ ഇങ്ങനെ ഉപസംഹരിക്കുന്നു.
'കുടുംബമെന്നത് അനന്തരാവകാശത്തെയും പിൻതുടർച്ചയെയും നിയന്ത്രിക്കുന്ന, തികച്ചും കർക്കശസ്വഭാവമുള്ള സ്ഥാപനമാണ്. ഈ ഘടനയ്ക്കുള്ളിൽ വ്യക്തികൾ - ആൺമക്കളും പെൺമക്കളും, ഭാര്യമാരും ഭർത്താക്കന്മാരും എല്ലാവരും - വിഭവങ്ങൾ മാത്രമാണ്. ഈ വിഭവങ്ങളെ പരസ്പരം കൂട്ടിയിണക്കുന്ന ബന്ധങ്ങൾ നേരിട്ടോ അല്ലാതെയോ ഹിംസാത്മകസ്വഭാവമുള്ളവയാണ്. നമ്മുടെ സാമാന്യബോധം ഇത്തരം കുടുംബത്തെയാണ് സമൂഹത്തിന്റെ സ്വാഭാവികചട്ടക്കൂടായി തിരിച്ചറിയാറ്. വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ അത് 'സഭ്യ'മല്ലാത്തവിധത്തിൽ പുറത്തുവരൂ.
ഫെമിനിസ്റ്റുകൾ ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്? ഇണകൾ തികച്ചും സ്വമേധയാ നടത്തുന്ന തെരഞ്ഞെടുപ്പായി വിവാഹത്തെ മാറ്റാനും വിവാഹത്തെ കേന്ദ്രപരിഗണനയാക്കാത്ത (അതായത് കല്യാണം കഴിക്കാത്തവർക്ക് തുല്യപരിഗണനയും വിലയും കൽപ്പിക്കുന്ന, അവരെ സംശയദൃഷ്ടിയോടെ കാണാത്ത) ബദൽസാമൂഹ്യസ്ഥാപനങ്ങൾ സൃഷ്ടിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.
ഇന്നത്തെ അനീതിപൂർവ്വമായ കുടുംബവ്യവസ്ഥയുടെ ഹൃദയം വിവാഹകേന്ദ്രിത കുടുംബമാണെങ്കിൽ, ആ കുടുംബത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നത് ആൺ - പെൺഭേദത്തിന്റെ രൂപത്തിലുള്ള ലിംഗവ്യത്യാസം തന്നെയാണ്. അതിനെ സൂക്ഷ്മവിമർശനത്തിലൂടെ അസ്ഥിരപ്പെടുത്തേണ്ടതുണ്ട്'.
രണ്ടാമദ്ധ്യായം 'ഉടൽ' എന്നതാണ്. ഒരാൾ സ്ത്രീയായിത്തീരുന്നതിന്റെ മൂത്തമായ സാമൂഹികാനുഭവങ്ങൾ ഉടലിലാണ് പ്രയോഗിക്കപ്പെടുന്നത്. ആധുനികതയിലാണ് ഉടൽ ലിംഗനിർണീതമായി തിരിച്ചറിയപ്പെട്ടു തുടങ്ങുന്നത്. ആൺ - പെൺ ദ്വന്ദ്വം മാത്രമാണ് ലിംഗസ്സ്തിത്വമായി നിലനിൽക്കുന്നതെന്ന ധാരണ പതിനേഴാം നൂറ്റാണ്ടിൽ രൂപം കൊണ്ടതാണ്. യൂറോപ്യൻ അധിനിവേശത്തിന് മുൻപ് ആഫ്രിക്കൽ സമൂഹങ്ങളിലും മറ്റും ലിംഗഭേദം അപ്രസക്തമായിരുന്നു. പല ഭാഷകളിൽ ലിംഗഭേദ പ്രത്യയങ്ങൾ തന്നെയില്ല. ഭക്തി പ്രസ്ഥാനം ഉടൽ കേന്ദ്രിതമായ ലിംഗ ബോധത്തെ മറികടക്കുകയോ വിമർശിക്കുകയോ ചെയ്തുവെന്ന് നിവേദിത ചൂണ്ടിക്കാണിക്കുന്നു. രംഗകലാപാഠങ്ങളിൽ പുരുഷന്മാർ കെട്ടിയാടിയ സ്ത്രീവേഷങ്ങളുടെ ചരിത്രം മുൻ നിർത്തി 'സ്ത്രീത്വ'ത്തിന്റെ നിർമ്മിതി നടന്നതെങ്ങനെയെന്ന് നിവേദിത വിശദീകരിക്കുന്നു. ഓച്ചിറ വേലുക്കുട്ടിയുടെ നാടക വേഷങ്ങളെക്കുറിച്ചുള്ള ബിന്ദു എം. മേനോന്റെ പഠനം നിവേദിത ഉദ്ധരിക്കുന്നു. സ്ത്രീത്വത്തിന്റെ ഈ അയഞ്ഞ ഘടന ഇരുപതാം നൂറ്റാണ്ടിൽ മുറുകി വലിഞ്ഞതിന്റെ ചരിത്രമാണ് ഈയദ്ധ്യായത്തിന്റെ കാതൽ. ശാരീരിക ലിംഗ സ്വഭാവവും (sex) സംസ്‌കാരത്തിൽ ഉരുത്തിരിഞ്ഞ ലിംഗ സ്വഭാവവും (gender) തമ്മിലുള്ള സമാനതകളും ഭിന്നതകളും വിശദീകരിക്കുകയാണ് ഇതിന്റെ രീതി ശാസ്ത്രം. ജീവശാസ്ത്രവും സംസ്‌കാരവും തമ്മിലുള്ള പ്രവർത്തനവും പ്രതി പ്രവർത്തനവും മാത്രമല്ല ഇവിടെ വിഷയം. റാഡിക്കൽ, ലിബറൽ ഫെമിനിസ്റ്റുകൾക്ക് ഇക്കാര്യത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ നിവേദിത ചൂണ്ടിക്കാണിക്കുന്നു. കരോൾ ഗില്ലിഗൻ (In a DiÅerent Voice), ജൂഡിത് ബട്‌ലർ (gender trouble) തുടങ്ങിയവർ സീമൊൻ ദി ബുവ (the second sex) യിൽ നിന്നു മുന്നോട്ടുപോയി അവതരിപ്പിച്ച ലിംഗപദവീ ബന്ധങ്ങളുടെ ചർച്ചയാണ് തുടർന്ന്. ഒപ്പം, 'ആണത്ത'ത്തെക്കുറിച്ചുള്ള ആഷിസ് നന്ദിയുടെയും അനുരാധാ കപൂറിന്റെയും സുധീർകാക്കറിന്റെയും മറ്റും പഠനങ്ങളുടെ വിശകലനവും. മാതൃത്വം, ആർത്തവം എന്നിവ മുതൽ സങ്കരലിംഗം വരെയുള്ള വിഷയങ്ങൾ വിശദീകരിച്ച് നിവേദിത ഈയദ്ധ്യായത്തിൽ എത്തിച്ചേരുന്ന നിഗമനമിതാണ്:
'ആൺപെൺഭേദത്തിന്റെ അവസാനത്തെ കോട്ടയായ ശരീരവും കേവലം പ്രകൃതിനിർണ്ണീതമല്ല. അത് പലതരം വ്യവഹാരങ്ങളിലൂടെ പ്രത്യേകരീതികളിൽ തെളിഞ്ഞുവരുന്നു എന്ന് തീർച്ചയാണ്. എന്നാൽ നാം ഈ ലോകത്ത് ജീവിക്കുന്നതും അതിനെ അനുഭവിക്കുന്നതും ശരീരത്തിലൂടെയാണ്. നാം അധിവസിക്കുന്ന ശരീരം പുരുഷന്റേത് എന്നാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിൽ നമ്മുടെ അനുഭവം - ഇതിന്റെ ഫലം - ഒരു പ്രത്യേകതരത്തിലുള്ളതായിരിക്കും. 'പെണ്ണിന്റേത്' എന്നാണ് അത് അടയാളപ്പെടുത്തപ്പെട്ടതെങ്കിൽ മറ്റൊരുതരം അനുഭവമായിരിക്കും നമ്മുടേത്; അടയാളപ്പെടുത്തലിന്റെ ഫലം മറ്റൊരുവിധമായിരിക്കും. കറുത്തതോ ദലിതോ കായികശേഷി കുറഞ്ഞതോ ആയി അടയാളപ്പെടുത്തിയ ശരീരമാണ് നമ്മുടെതെങ്കിൽ പ്രത്യേകം അനുഭവങ്ങളായിരിക്കും നമുക്കുണ്ടാവുക. ഈ ഫലങ്ങൾ ഒരേസമയം ഘടനാപരവും, ഭൗതികവും, മന:ശാസ്ത്രപരവുമായിരിക്കും. എന്നാൽ ഏറ്റവും കാതലായ കാര്യം ഇതാണ്: ഈ ഫലങ്ങളെ സൃഷ്ടിക്കുന്നത് കേവലം ശരീരമല്ല. ചിലതരം സ്വഭാവഗുണങ്ങൾക്ക് സാർവ്വത്രികപ്രസക്തിയുണ്ട്. എന്ന മുൻധാരണകൾ വച്ചുപുലർത്തുന്ന ലോകത്ത് നമ്മുടെ ശരീരങ്ങൾ സ്ഥിതിചെയ്യുന്നു എന്നതുകൊണ്ടാണ് ആ ഫലങ്ങൾ ഉളവാകുന്നത്. ഉദാഹരണത്തിന്, കണ്ണുകാണുക, സ്വതന്ത്രചലനശേഷിയുണ്ടാവുക മുതലായ സ്വഭാവവിശേഷങ്ങൾ എല്ലാവർക്കും ഏറെക്കുറെ ഉണ്ട് എന്നാണ് പൊതുവേ ലോകവിചാരം. ആ ലോകവിചാരത്തിലൂന്നിയാണ് നമ്മുടെ ലോകത്തിന്റെ മൂർത്തമായ ഘടനപോലും എന്നാൽ നേരെതിരിച്ചുള്ള ഒരു ലോകവിചാരത്തിൽ - അതായത്, കാഴ്ചശക്തിയും ചലനശേഷിയും ഉണ്ടെന്ന് സ്വയം കരുതുന്നവരായിരിക്കും ബദ്ധപ്പാടനുഭവിക്കുക.
നാമീ തന്മകൾ ജീവിച്ചുതീർക്കുമ്പോഴും ഒന്നെങ്കിൽ നാം അവയെ വിലപ്പെട്ടതായിക്കണ്ടുകൊണ്ട് നിലനിർത്തുന്നു, അല്ലങ്കിൽ അവയെ തള്ളിക്കളഞ്ഞുകൊണ്ട് കൂടുതൽ സ്വീകാര്യങ്ങളായ തന്മകളെ സജീവമായി തേടുന്നു. ഫെമിനിസത്തെ സംബന്ധിച്ചിടത്തോളം ഇതു നൽകുന്ന സൂചന എന്താണ്? ശരീരം നമ്മുടെ തടവറയല്ലെന്നും, അത് വ്യത്യസ്തമായി മനസ്സിലാക്കപ്പെട്ടതിന്റെ, അനുഭവപ്പെട്ടതിന്റെ, നീണ്ട ചരിത്രങ്ങൾ അനവധിയുണ്ടെന്ന ഉൾക്കാഴ്ച വിമോചനകരമല്ലേ? അതേ എന്നാണ് ഉത്തരം എന്നെനിക്കു തോന്നുന്നു'.
'ആസക്തി' എന്ന മൂന്നാമദ്ധ്യായം ആൺ-പെൺ ദ്വന്ദ്വത്തിലൂന്നി 'ഭിന്ന' ലൈംഗികതയെ ഉദാത്തീകരിക്കുന്ന പൊതുബോധത്തിൽ നിന്നു മുന്നോട്ടു പോകുന്ന വിമത (queer) ലൈംഗികതന്മകളെക്കുറിച്ചുള്ള അപഗ്രഥനമാണ്. ഭിന്ന ലൈംഗികത, ഏകഭർതൃ-പിതൃ വ്യവസ്ഥ എന്നിവയൊക്കെ ആദർശാത്മക-മത-ദേശീയ കുടുംബ, ലൈംഗിക മൂല്യങ്ങളെ ഉറപ്പിക്കുന്ന രീതിക്കെതിരാണ് LGBTI യുടെ രാഷ്ട്രീയം. ഇന്ത്യൻ ശിക്ഷാനിയത്തിലെ 377-ാം വകുപ്പിന്റെ വ്യാഖ്യാനമനുസരിച്ച് ആൺ-പെൺ ലൈംഗികതയൊഴികെയുള്ള എല്ലാ ലൈംഗികതകളും 'പ്രകൃതിവിരുദ്ധ'മാണ്. മതങ്ങളും ഇതര സാമൂഹിക സ്ഥാപനങ്ങളും ഇതേ നിലപാടാവർത്തിക്കുന്നു. വിക്ടോറിയൻ' സദാചാര പദ്ധതിയിൽ ബ്രിട്ടീഷുകാർ 1864-ൽ നിർമ്മിച്ച നിയമമാണ് ഇതിനടിത്തറ. അതേ ലിംഗതന്മകളുടെ വൈവിധ്യം സദാചാര നിയമതത്വങ്ങൾക്കു വിരുദ്ധമായി. അടഞ്ഞ കുടുംബ ഘടന, വസ്തുവൽക്കരിക്കപ്പെടുന്ന ശരീരം എന്നിവയ്‌ക്കെതിരെയെന്ന പോലെ ഇതിനെതിരെയും ഫെമിനിസം നിലപാടെടുക്കുന്നു.
'കാര്യമിതാണ് : ഭിന്നലൈംഗികതയാണ് സാമാന്യനിയമമെന്ന ധാരണ നാം ഉപേക്ഷിച്ചാൽ, മനുഷ്യശരീരരങ്ങളുടെ വൈവിദ്ധ്യം പരിചിത ആൺ പെൺ വ്യത്യാസത്തെ കടന്നു നിൽക്കുന്നുവെന്ന് അംഗീകരിച്ചാൽ, വളരെയധികം ശരീരങ്ങളും ആസക്തികളും നാം കണ്ടുതുടങ്ങും. വിമതവിചിത്രം അഥവാ queer എന്ന പേരിന്റെ പ്രയോഗം, അപ്പോൾ, ബോധപൂർവ്വമായ ഒരു രാഷ്ട്രീയനീക്കമാണ്. ലൈംഗികതന്മകളുടെ അസ്ഥിരതയെ, അവയുടെ ദ്രവാവസ്ഥയെ (നിലവിലുള്ളതും ഇനിയും രൂപമെടുക്കാവുന്ന സാദ്ധ്യതകളും), എടുത്തുകാട്ടുന്ന പേരെന്ന നിലയ്ക്കാണ് queer എന്ന പേര് ഫലപ്രദമാകുന്നത്. എല്ലാത്തരം ലൈംഗികാഗ്രഹങ്ങളും തിരിച്ചറിവുകളും സാദ്ധ്യമാണെന്നും, അവയിലോരോന്നിനും സവിശേഷ സാമൂഹ്യസാംസ്‌കാരികവും ചരിത്രപരവുമായ സമവാക്യങ്ങളുണ്ട് എന്നും ധ്വനിപ്പിക്കുന്ന പേരാണ് queer പ്രകൃതിയിൽ നിലവിലുള്ള ശരീരങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ കുറഞ്ഞത് അഞ്ചു ലിംഗങ്ങളെങ്കിലുമുണ്ടെന്ന് Anne Fatsuo Sterling എന്ന ഗവേഷക വാദിക്കുന്നു'. (2002).
'ലൈംഗികാതിക്രമം' എന്ന നാലാമദ്ധ്യായം ബലാംത്സംഗമുൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചാണ്. പിതൃപക്ഷത്തിന്, അവ പെണ്ണു കാരണം കുടുംബത്തിന്റെ മാനം പോകുന്ന ഏർപ്പാടാണെങ്കിൽ ഫെമിനിസ്റ്റുകൾക്ക് സ്ത്രീയുടെ സ്വയം നിർണയത്തെയും ശാരീരിക സമഗ്രതയെയും മാനിക്കാത്ത കടന്നു കയറ്റമാണ്. സാമൂഹിക സ്ഥാപനങ്ങൾ ഏതാണ്ടൊന്നടങ്കം സ്ത്രീയുടെ വീഴ്ചയും ജാഗ്രതക്കുറവുമാണ് ലൈംഗികാക്രമണങ്ങൾക്കു പിന്നിലെ കാരണമായി ചൂണ്ടിക്കുന്നത്. കോടതി വിധികൾ മുതൽ ഖാപ് പഞ്ചായത്തുകളുടെ തീർപ്പുകൾ വരെയുള്ളവ ചൂണ്ടിക്കാണിച്ച് നിവേദിത ഇതിന്റെ രാഷ്ട്രീയം അപഗ്രഥിക്കുന്നു. അവർ സംഗ്രഹിക്കുന്നു.
ബലാത്സംഗത്തിനെതിരെ ഫെമിനിസ്റ്റുകൾ നടത്തിയിട്ടുള്ള പോരാട്ടങ്ങളുടെയും പ്രചരണങ്ങളുടെയും രത്‌നച്ചുരുക്കമെന്തെന്നു ചോദിച്ചാൽ ഉത്തരമിതാണ്: ഇരയെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കുക.
ഈയൊരു നിലപാട് മുൻ നിർത്തി നിരവധി ബലാത്സംഗക്കേസുകളിലെ കോടതി വിചാരണകളിലെും വിധികളിലും നിറഞ്ഞു നിൽക്കുന്ന സ്ത്രീവിരുദ്ധതയുടെ മറ നീക്കുന്നു, ഗ്രന്ഥകാരി. നിർഭയ കേസാണ് ബലാത്സംഗക്കേസുകളുടെ നിർവചനവും നിയമബദ്ധതയും സ്ത്രീക്കനുകൂലമായി സ്ഥാപിച്ചെടുത്ത വർമ്മ കമ്മീഷനു വഴിവച്ചത്. വിവാഹത്തിനുള്ളിലെ ബലാത്സംഗത്തെപ്പോലും വർമ്മക്കമ്മീഷൻ പ്രശ്‌നവൽക്കരിച്ചു. പക്ഷെ 2013 ലെ ക്രിമിനൽ നിയമ പരിഷ്‌കരണ വകുപ്പ് ഈ താൽപര്യങ്ങൾ അട്ടിമറിക്കുകയും പുരുഷന്മാർ വേട്ടക്കാരും സ്ത്രീകൾ ഇരകളും മാത്രമാണെന്ന പരമ്പരാഗത ധാരണ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു. സർവ്വകലാശാലാ കാമ്പസുകളിൽ നിന്നുള്ള കേസുകൾ ഉദാഹരിച്ച് ഈ രംഗത്തു നിലനിൽക്കുന്ന പുരുഷാനുകൂല സ്ഥാപനതാൽപര്യങ്ങളുടെ പശ്ചാത്തലം വിവരിക്കുന്നു, നിവേദിത. അതേ സമയം തന്നെ ചാരിത്ര്യം, കന്യകാത്വം, പാതിവ്രത്യം, വേശ്യാത്വം തുടങ്ങിയ കല്പനകളിലൊളിഞ്ഞിരിക്കുന്ന പുരുഷ യുക്തികളുടെ മുനയൊടിക്കാനും അവർ തയ്യാറാകുന്നു. ഫ്‌ളേവിയ ആഗ്നസ് ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളാ ധാരമാക്കി സ്ത്രീയുടെ ലൈംഗിക സ്വത്വം നേരിടുന്ന ഭിന്നങ്ങളായ അധികാര പ്രയോഗങ്ങളുടെ രാഷ്ട്രീയം വിദശീകരിക്കുകയും ആഗോളതലത്തിൽ നടക്കുന്ന പഠനങ്ങളെ ഇന്ത്യൻ പശ്ചാത്തലത്തിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു, നിവേദിത.
'ഫെമിനിസ്റ്റുകളും സ്ത്രീകളും' എന്ന അഞ്ചാമദ്ധ്യായം ഫെമിനിസത്തിന്റെ സമകാല പ്രത്യയ ശാസ്ത്ര സ്വരൂപം ചർച്ച ചെയ്യുന്നു. ''സ്ത്രീകളെക്കുറിച്ചുള്ള ധാരണകളല്ല ഫെമിനിസം''. മറിച്ച്, ആധുനിക ലിംഗ വ്യവഹാരങ്ങൾ മനുഷ്യരെ ഒന്നുകിൽ ആണ്, അല്ലെങ്കിൽ പെണ്ണ് എന്ന വിധത്തിൽ വിഭജിക്കുന്ന രീതിയെ വിമർശന പരമായി തിരിച്ചറിയുന്ന നിലപാടാണ് ഫെമിനിസം. അതുമാത്രവുമല്ലാ ലിംഗഭേദത്തെയും ഫെമിനിസം മറികടക്കുന്നു. ജാതി, മതം, വർഗം തുടങ്ങായ തന്മകളോടെല്ലാം ചേർന്നു നിന്നാണ് അതു നിലപാടുകൾ രൂപപ്പെടുത്തുന്നത്. ഷാബാനു കേസിൽ തുടക്കമിട്ട ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള രാഷ്ട്രീയ-നിയമക്കൊടുങ്കാറ്റുകൾ നിവേദിത വിശദീകരിക്കുന്നു. മുസ്ലിം സ്ത്രീകളുടെ ലിംഗ-മത പദവികളെക്കുറിച്ചുള്ള ദീർഘമായ ചർച്ചയായി ഇതു മാറുന്നു. വസ്ത്ര ധാരണത്തിന്റെ പ്രശ്‌നമുന്നയിച്ചുകൊണ്ട്, 'മൂടുപടമായാലും മിനിസ്‌കർട്ടായാലും വസ്ത്രത്തെയല്ല, പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കാൻ സ്ത്രീക്കുമേൽ നടത്തുന്ന സാമൂഹിക സമ്മർദ്ദങ്ങളെയാണ് ഫെമിനിസം എതിർക്കുന്ന'തെന്ന് നിവേദിത വ്യക്തമാക്കുന്നു.
ജാതിയാണ് മറ്റൊരു സംവർഗം, വനിതാ സംവരണ ബില്ലിന്റെ ചരിത്രമാ ണിവിടെ വിഷയമാക്കുന്നത്. 'ദലിത് വുമണിസ'ത്തിന്റെ സ്വീകാര്യതയെക്കുറിച്ചി നിവേദിതക്കു സന്ദിഗ്ദ്ധതകളേതുമില്ല. 'മാതൃത്വ'മാണ് വേറൊരു പ്രശ്‌നമണ്ഡലം. ഭിന്നകാലങ്ങളിൽ ഫെമിനിസം മാതൃത്വത്തോടെടുത്ത സമീപനങ്ങൾ വിശകലനം ചെയ്യുന്നു, അവർ. ചുരുക്കമിതാണ്:
'അപ്പോൾ 'സ്ത്രീ' എന്നത് സ്വാഭാവികവും സ്വയംപ്രത്യക്ഷവുമായ തന്മയല്ല. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് എളുപ്പത്തിൽ സംഘടിപ്പിക്കാവുന്ന സ്വാഭാവികവിഷയിയുമല്ല. രാഷ്ട്രീയപ്രയോഗങ്ങളിലൂടെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വിഷയിയെ രൂപ്പപെടുത്തേണ്ടതുണ്ടെന്ന് തീർച്ചയാണ്. കാലേകൂട്ടി 'സ്ത്രീ' യായ, പിന്നെ മാത്രം ഹിന്ദു/മുസ്ലിം/ഉന്നത/ജാതി/ദലിത്/ വെളത്ത/ കറുത്ത തന്മയിൽപ്പെട്ട, മനുഷ്യർ ഇല്ലതന്നെ. മറിച്ച്, 'ജനങ്ങളാണുള്ളത് - 'ദലിത്', 'മുസ്ലിം', അല്ലെങ്കിൽ 'സ്ത്രീ' എന്ന നിലകളിൽ നിന്ന് വിവിധ രാഷ്ട്രീയവെല്ലുവിളികളോടു പ്രതികരിക്കുന്നവർ. ഈ 'ജനങ്ങളെ' പലതരം സാഹചര്യങ്ങളിൽ ഫെമിനിസ്റ്റുകളായി സ്വയമുറപ്പിക്കാൻ പ്രചോദിപ്പിക്കുന്നതിലാണ് ഫെമിനിസത്തിന്റെ വിജയം.
പക്ഷേ ചിലപ്പോൾ പ്രത്യേക രാഷ്ട്രീയാവസ്ഥ നിർണ്ണയിക്കുന്നത് ലിംഗഭേദമല്ല, ജാത്യധികാരമോ വംശീയ അധികാരമോ ആണെന്ന് ഫെമിനിസ്റ്റുകൾ സമ്മതിക്കേണ്ടിവരും. തിരിച്ച്, എല്ലായ്‌പ്പോഴും ജാതിയോ വർഗ്ഗമോ ആയിരിക്കില്ല നിർണ്ണായക ഘടകമെന്നും ലിംഗഭേദത്തിന് സവിശേഷപ്രസക്തിയുണ്ടാകാമെന്നും ദലിത് പ്രവർത്തകരും മാർക്‌സിസ്റ്റ് പ്രവർത്തകരും സമ്മതിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോൾ എല്ലാത്തരം റാഡിക്കൽ രാഷ്ട്രീയപ്രവർത്തകരും ഫെമിനിസ്റ്റുകൾ കൂടിയാകണം'.
ആറാമദ്ധ്യായം, 'ഇരകളോ കർതൃത്വമുള്ളവരോ', എന്ന നിലയിൽ സ്ത്രീകളെക്കുറിച്ചുള്ള ഒര സംവാദമാണ്. 'ചരക്കുവൽക്കരണം ' എന്ന സംജ്ഞമുൻനിർത്തി, 'ലൈംഗികവൽക്കരിക്കപ്പെട്ട അധ്വാന'ത്തിന്റെ അഞ്ചുസന്ദർഭങ്ങളെ പ്രശനവൽക്കരിക്കുന്നു ഇവിടെ. ലൈംഗികത്തൊഴിൽ, ബാർനൃത്തം, വാടകഗർഭം, പോണോഗ്രഫി, ഗർഭഛിദ്രം എന്നിവയെ. ഒരു പക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും മൗലികവും പ്രകോപനപരവും രാഷ്ട്രീയാർത്ഥങ്ങളാൽ സമ്പന്നവും സമകാലികവുമായ ഭാഗം ഈയധ്യായമാണ്. താരതമ്യേന ഫെമിനിസ്റ്റുകൾപോലും ചർച്ചചെയ്യാൻ മടിക്കുന്ന ഈ വിഷയങ്ങളിൽ നിവേദിത തന്റെ നിലപാടുകൾ തുറന്നു പ്രഖ്യാപിക്കുന്നു.
സ്ത്രീയുടെ ചരക്കുവൽക്കരണം, കർതൃത്വം, തെരഞ്ഞെടുക്കൽശേഷി എന്നിവയെകൂട്ടിയിണക്കി, നിലനിൽക്കുന്ന സാമൂഹ്യസ്ഥാപനങ്ങളെ വ്യാഖ്യാനിക്കുന്നു, നിവേദിത. ഉദാഹരണത്തിന്, പോണോഗ്രഫിയെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വിമർശനങ്ങൾ ലോറാമൾവിയുടെ ആൺനോട്ടം (Male Gaze) എന്ന സങ്കൽപനം മുൻനിർത്തി ഉന്നയിച്ചിരുന്ന കാഴ്ചപ്പാടുകൾ ഇന്ന് ആവിധത്തിൽ നിലനിൽക്കുന്നില്ല എന്ന നിരീക്ഷണം. സ്ത്രീശരീരം എല്ലായ്‌പ്പോഴും പുരുഷന്റെ നോട്ടത്തിന്റെ ഇര / വസ്തുമാത്രമല്ല. കാഴ്ചക്കാരിയും പങ്കാളിയുമായി നിൽക്കുന്ന സ്ത്രീക്കും സക്രിയ കർതൃത്വമുണ്ടെന്നും കാണുന്ന ബിംബങ്ങളുമായി വൈരുദ്ധ്യാത്മക രീതിയിൽ ഇടപെടാൻ അവൾക്കുകഴിയുമെന്നും, ആ ബിംബത്തിന്റെ സ്രഷ്ടാവ് ഊഹിക്കാത്ത പലവ്യാഖ്യാനങ്ങളും കാഴ്ചക്കാരി സൃഷ്ടി ച്ചെടുത്തേക്കാമെന്നും പുതിയ ഫെമിനിസ്റ്റുകൾ വ്യാഖ്യാനിക്കാൻ തുടങ്ങി. നോട്ടം എല്ലായ്‌പ്പോഴുംപുരുഷനോട്ടമല്ല. നിവേദിത എഴുതുന്നു:
'സ്ത്രീകളെ ജഡവസ്തുക്കളായി മാറ്റുന്ന പുരുഷനോട്ടത്തിന്റെ ഉൽപ്പന്നം മാത്രമായി അശ്ലീലത്തെ കാണുന്നതിനു പകരം അതു കാണുന്നവരിൽ സ്ത്രീകളുമുണ്ടെന്നും, അവർ അതിനെ സ്വന്തം രീതികളിൽ, ഭിന്നവർഗ്ഗലൈംഗികാനന്ദം കൂടാതെ സ്വവർഗ്ഗാനന്ദവും അനുഭവിക്കുംവിധം വായിക്കുമെന്നു കരുതിയാലോ? അശ്ലീലമെന്നതിന് സ്ഥിരനിർവ്വചനം സാദ്ധ്യമല്ലെന്നും അത് സ്ഥലകാലമനുസരിച്ചു മാറുന്നതാണെന്നും അംഗീകരിച്ചാലോ ? കാണിയുടെ വായന എപ്പോഴും പ്രവചനാതീതമാണെന്ന് സമ്മതിച്ചാലോ? ഈ വഴിക്കുള്ള ആലോചന സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചുള്ള ചിന്തയെ മാത്രമല്ല, ആസക്തിയെക്കുറിച്ചുള്ള ആലോചനകളെയും നവീകരിക്കും.
നല്ലതെന്ന് 'നാം' കരുതുന്ന മൂല്യങ്ങളല്ല സാമൂഹ്യമുഖ്യധാരയിൽ പ്രബലമായി കാണുന്നത്. തെരഞ്ഞെടുക്കലിനുള്ള സ്വാതന്ത്ര്യം പലപ്പോഴും പിതൃമേധാവിത്വമൂല്യങ്ങളെ വീണ്ടും അരിയിട്ടുവാഴിക്കുന്ന രീതിയായി മാറുന്നു. ഇത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രശ്‌നകരമാണ്. അതായത്, ഒരു സ്ത്രീ പെൺഭ്രൂണത്തെ ഇല്ലായ്മചെയ്യാൻ തയ്യാറായേക്കാം. വൻ തുക സ്ത്രീധനം കൊടുത്തു കുടുംബം മുടിച്ച് കല്യാണം കഴിച്ചേക്കാം, സൗന്ദര്യമത്സരത്തിന് ചേർന്നേക്കാം, ലൈംഗികത്തൊഴിൽ സ്വീകരിച്ചേക്കാം. ഫെമിനിസ്റ്റ് അർത്ഥത്തിലെ സ്വതന്ത്ര ഇച്ഛാശക്തിയല്ല ഇവിടെയെങ്കിലും സ്വതന്ത്ര ഇച്ഛയുടെ പരിപൂർണ്ണമായ ശൂന്യതയാണിതെന്നും പറഞ്ഞുകൂട. അസ്വസ്ഥതയുണ്ടാക്കുന്ന ഈതിരിച്ചറിവിനെ നാം നമ്മുടെ രാഷ്ട്രീയത്തിൽ നേർക്കുനേർ നോക്കേണ്ടിയിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പുകളെ മാനിക്കുകയും, എന്നാൽ അവയെ രൂപീകരിക്കുന്ന സാഹചര്യങ്ങളെമാറ്റാനായി സദാ പണിയെടുക്കുകയും, സംവാദത്തിൽ തുടർന്നുമേർപ്പെടുത്തുകയും, എല്ലാത്തിനുപരി, എപ്പോഴും സ്വന്തം മൂല്യവ്യവസ്ഥയെ സദാ അസ്ഥിരമാക്കാൻ തയ്യാറായിരിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്തു വഴിയാണ് നമുക്കുള്ളത്?
വിപുലമായ ഗ്രന്ഥ സൂചികയും സൂക്ഷ്മതയുള്ള അടിക്കുറിപ്പുകളും ഈ പുസ്തകത്തിന്റെ അക്കാദമിക സ്വഭാവം പൂർത്തീകരിക്കുന്നു. ഇന്ത്യൻ ഫെമിനിസങ്ങളുടെ വർത്തമാനകാല വ്യവഹാര മണ്ഡലങ്ങൾ പലതും സംക്ഷിപ്തമായി വിശദീകരിച്ചുപോകുന്ന ഈ പുസ്തകം രാഷ്ട്രീയത്തെ സ്ത്രീവാദപരമായും സ്ത്രീവാദത്തെ രാഷ്ട്രീയമായും വായിച്ചെടുക്കുന്ന ശ്രദ്ധേയമായ ഒരു ബൗദ്ധികോൽപ്പന്നമാണ്. ഫെമിനിസത്തെക്കുറിച്ചുള്ള ഇന്ത്യൻ കേരളീയ പൊതുബോധങ്ങൾ ഇനിയും ഏറ്റെടുക്കാനുമടിക്കുന്ന സംവാദതലങ്ങൾ പലതും സാകൂതം നമ്മുടെ സാമൂഹ്യപരിസരങ്ങളിൽ പ്രയോഗിക്കാൻ തയ്യറാകുന്നുവെന്നതുതന്നെയാണ് 'അകമേപൊട്ടിയ കെട്ടുകൾക്കപ്പുറത്തിന്റെ പ്രസക്തി. വിവർത്തനത്തിന്റെ സൗന്ദര്യകലയെക്കുറിച്ചുമാത്രമല്ല, ബൗദ്ധികകലയെക്കുറിച്ചും ദേവികക്കുള്ള തിരിച്ചറിവുകൾ ഓരോപുറത്തിലും വ്യക്തമാകുന്നു. ഫെമിനിസത്തെ അക്കാദമികധാരണകളും സാമൂഹ്യനിലപാടുകളും ആക്ടിവിസവും കൂട്ടിയിണക്കുന്ന രാഷ്ട്രീയമായ രൂപപ്പെടുത്തുന്നതിൽ നിവേദിതയും ദേവികയും തമ്മിലുള്ള 'അലയകല'സമാനത ഈ വിവർത്തനത്തെ അങ്ങേയറ്റം സമകാലികവും പ്രസക്തവുമാക്കുന്നു. നിശ്ചയമായും, ലൈംഗിക മരവിപ്പും രത്യസൂയയും അക്കാദമിക അപകർഷബോധവും ബുദ്ധിശൂന്യതയും രാഷ്ട്രീയവിടുപണിയും ജാതി മതവെറികളും പുരുഷവിദ്വേഷവും ഭൂഷണമാക്കിമാറ്റിയ പലകേരളീയ വ്യാജഫെമിനിസ്റ്റുകളും ആവർത്തിച്ചുവായിക്കേണ്ട പുസ്തകമാണിത്.
പുസ്തകത്തിൽ നിന്ന്
കാലവും സ്ഥലവുമനുസരിച്ച് അശ്ലീലം, ആസക്തി എന്നിവയെക്കുറിച്ചുള്ള പൊതുബോധവും അടിമുടി മാറുമെന്ന വസ്തുത തള്ളിക്കളയാനാവില്ല. മലയാളികളുടെ അനുഭവത്തെക്കാൾ നല്ല ഉദാഹരണം ഇതിനു വെറെയില്ല. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്‌കർത്താവും നേതാവുമായ സി. കേശവൻ തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന രസകരമായ ഒരു സംഭവമുണ്ട് (ഉദയകുമാർ 1997 - ൽ എഴുതിയ ലേഖനം ഈ സംഭവത്തെ ആഴത്തിൽ പരിശോധിക്കുന്നുണ്ട്). മലയാളികൾക്കിടയിൽ നിലനിന്നിരുന്ന ജാതിമാമൂലുകളനുസരിച്ച് മേൽജാതിക്കാർക്കുമുന്നിൽ കീഴ് ജാതിക്കാർ മാറുമറയ്ക്കാൻ പാടില്ലായിരുന്നു. ക്രിസ്ത്യാനിയോ മുസ്ലീമോ ആയാൽ മാത്രമേ കുപ്പായം ധരിക്കാൻ പാടുള്ളു എന്ന മുറയായിരുന്നു നാട്ടിലെല്ലാം. മലയാളികൾക്കിടയിലെ സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങൾ ഈ ജാതിമാമൂലുകൾക്കെതിരെ വസ്ത്രപരിഷ്‌കാരങ്ങൾ കൊണ്ടു വരാൻ ഒരുമ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി അവർ പോരാടി. തന്റെ അമ്മായി അവരുടെ ചെറുപ്പത്തിൽ നടന്ന ഒരു സംഭവം വിവരിച്ചത് കേശവൻ സ്വന്തം ആത്മകഥയിൽ എടുത്തുപറയുന്നുണ്ട്. വസ്ത്രപരിഷ്‌കരണശ്രമങ്ങൾ നാട്ടിലെമ്പാടും കൊടുമ്പിരികൊണ്ട സമയം. തിരുവനന്തപുരം നഗരത്തിൽ കെട്ടിച്ചയച്ച നാത്തൂൻ വീട്ടിൽ വന്ന സമയത്ത് ഒന്നുരണ്ടു ബ്ലൗസുകൾ (റൗക്ക എന്ന് അന്നത്തെ ഭാഷ) അവർക്ക് സമ്മാനിച്ചു. മേൽവസ്ത്രം ഇട്ടുകൂടെന്ന നിയമം കർശനമായി പാലിച്ചിരുന്ന വീട്ടിൽ അവർ റൗക്ക ഇട്ട് സ്വന്തം ശരീരഭംഗി ആസ്വദിക്കുന്നതു കണ്ട അവരുടെ അമ്മ അവരെ തല്ലാൻ വിറകുമുട്ടിയെടുത്തു. നീയെന്താ മാർഗ്ഗം കൂടിയോ (മതം മാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആയോ), നീ എന്താ ആട്ടക്കാരിയാകാനുള്ള പുറപ്പാടാണോ (അന്നൊക്കെ ആട്ടക്കാരി എന്നുവച്ചാൽ വേശ്യ എന്നായിരുന്നു അർത്ഥം) എന്ന് അവർ ആക്രോശിച്ചു. പേടിച്ചുപോയ ചെറുപ്പക്കാരി റൗക്കയൂരി പെട്ടിയിൽ ഒളിപ്പിച്ചു. പക്ഷെ, രാത്രി, അമ്മ ഉറങ്ങിയതിനുശേഷം, അതെടുത്തണിയുകതന്നെ ചെയ്തു. അവരുടെ ഭർത്താവായ പ്രശസ്ത സാമൂഹ്യപരിഷ്‌കർത്താവ് സി. വി. കുഞ്ഞിരാമനുവേണ്ടി ! പുതിയതരം കാഴ്ചാശീലങ്ങളുടെ ഉടമയായ അദ്ദേഹത്തിന് ഭാര്യ റൗക്കയണിയുന്നതു കാണാൻ ഇഷ്ടമായിരുന്നത്രെ. ഈ കഥയിലെ നായിക തന്റെ മരുമകനായ സി. കേശവനോടു പറഞ്ഞത്രേ, തന്റെ ഭർത്താവ് വളരെ വൈകി മാത്രമേ വീട്ടിലെത്തിയിരുന്നുള്ളുവെന്ന്. (സ്വർലോകസുന്ദരന്മാരും കാമുകശ്രേഷ്ഠന്മാരുമായ ഗന്ധർവ്വന്മാരെപ്പോലെ!)
റൗക്കയിടുന്നതിൽ, അണിഞ്ഞവരും കാണുന്നവരും കണ്ടെത്തിയ ആനന്ദത്തിന് സങ്കീർണ്ണസ്വഭാവമാണുണ്ടായിരുന്നത്. ഇവിടെ ലൈംഗികമായ ആകർഷണീയത റൗക്ക ഊരുമ്പോഴല്ല, അതിടുമ്പോഴാണ്. രാത്രിസമയത്ത് രഹസ്യമായി ജാതിനിയമങ്ങളെ അതിലംഘിക്കുന്നതിലെ ആനന്ദം വേറെയും!
അമ്മയെ സംബന്ധിച്ചിടത്തോളം ശരിയല്ലാത്ത ലൈംഗികതയുടെ അടയാളം നഗ്നതയല്ല, തുണിയുത്ത ഉടലാണ്. കുപ്പായമണിഞ്ഞ ഉടൽ 'ആട്ടക്കാരി' അഥവാ വേശ്യയുടേതാണ്; അല്ലെങ്കിൽ മതംമാറിയ വനിതയുടെതാണ്. ലൈംഗികതയും ആസക്തിയും എല്ലാക്കാലത്തും ഒരുപൊലീരിക്കില്ലെന്നും പൊതുരാഷ്ട്രീയത്തിന്റെയും സ്വകാര്യദാമ്പത്യത്തിന്റെയും വിടവുകളിൽ അവ രൂപമെടുക്കുന്നുവെന്നുമാണ് മേൽവിവരിച്ച സംഭവം നമ്മെ പഠിപ്പിക്കുന്നത്.
അകമേപൊട്ടിയ കെട്ടുകൾക്കപ്പുറം : ഇന്ത്യൻഫെമിനിസത്തിന്റെ വർത്തമാനങ്ങൾ
നിവേദിത മേനോൻ
വിവ: ജെ. ദേവിക
സാഹിത്യപ്രവർത്തകസഹകരണസംഘം
2017
വില : 220 രൂപ