- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടതെല്ലാം പൊന്നാക്കുന്ന ഓഹരി വിപണിയിലെ 'ബിഗ്ബുൾ'; രാകേഷ് ജുൻജുൻവാലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ആകാശം കീഴടക്കാൻ 'അകാസ'; ആദ്യ പരിഗണനയിൽ കൊച്ചിയും; ആഴ്ചയിൽ 28 സർവീസുകൾ; ടിക്കറ്റ് ബുക്കിങ് തുടങ്ങി
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ 'അകാസാ' എയർ പറന്നുയരാൻ തയ്യാറെടുക്കുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓഗസ്റ്റ് ഏഴിന് ആദ്യ സർവീസ് നടത്തും. ഇതിന് മുന്നോടിയായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ബെംഗളൂരു-കൊച്ചി മേഖലയിൽ പ്രതിവാരം 28 സർവീസുകളാണ് അകാസ പ്രഖ്യാപിച്ചത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഓഹരി വിപണിയിലെ 'ബിഗ്ബുൾ'. രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായ 'അകാസ' എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നു. അകാസയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.)യിൽനിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി.) ലഭിച്ചതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 7ന് മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ സർവീസ്. ആഴ്ചയിൽ 28 സർവീസുകളാണ് ഈ റൂട്ടിലുഉള്ളത്. ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു സർവീസും ആരംഭിക്കും. ഇരുവശത്തേക്കുമായി ദിവസേന നാല് സർവീസുകൾ. 3,282 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് സർവീസുകളെ അപേക്ഷിച്ച് ഒരൽപം കുറഞ്ഞ നിരക്കാണിത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ 'അകാസാ' എയറിനെ വിശേഷിപ്പിക്കുന്നത്.
രണ്ട് ബോയിങ് 737 വിമാനങ്ങളാണ് രണ്ട് റൂട്ടുകളിലെ സർവീസുകൾക്കായി ഉപയോഗിക്കുക. 73 വിമാനങ്ങൾ നിർമ്മിച്ച് നൽകാൻ ബോയിംഗുമായി കരാറുണ്ട്. വിമാനങ്ങളെത്തുന്ന മുറയ്ക്ക് മറ്റ് റൂട്ടുകളിലും സർവീസ് വ്യാപിപ്പിക്കും. ഇക്കഴിഞ്ഞ ജൂലൈ 7നാണ് 'അകാസ'യ്ക്ക് അന്തിമ അനുമതിയും കിട്ടിയത്.
ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് അകാസ എയർ. കഴിഞ്ഞമാസമാണ് അകാസ എയറിന് അവരുടെ ആദ്യ ബോയിങ് 737 മാക്സ് ലഭിച്ചത്. 2023 സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസിനായി അകാസ ഉപയോഗപ്പെടുത്തും. പിന്നീട് ഓരോ പന്ത്രണ്ടുമാസത്തിലും 12-14 വിമാനങ്ങൾ കൂടി കമ്പനി എത്തിക്കും. ഇത്തരത്തിൽ അഞ്ചുകൊല്ലം കൊണ്ട് 72 വിമാനങ്ങൾ കമ്പനി സ്വന്തമാക്കും. ഇവയെല്ലാം ബോയിങ് 737 മാക്സ് വിഭാഗത്തിൽപ്പെടുന്നവയായിരിക്കും.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അകാസ എയർ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ദിവസം' അകാസ' എയർ ക്യാബിൻ ക്രൂവിനുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം പുറത്തിറക്കിയിരുന്നു. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.
കൊച്ചിയെ കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് അകാസ സർവിസുകൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണവും കൊച്ചിയിൽ നിന്നാണ്. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി-ബെംഗളൂരു സർവീസ് നടത്തുന്ന മറ്റു എയർലൈനുകൾ.
രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ, ആദ്യഘട്ട സർവീസിനു കൊച്ചി തിരഞ്ഞെടുത്തതിൽ സിയാലിന് സന്തോഷമുണ്ടെന്നു സിയാൽ മാനേജിങ് ഡയറക്ടർ സുഹാസ് ഐഎഎസ് പറഞ്ഞു. നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു. കൂടുതൽ എയർലൈനുകളെ കൊച്ചിയിൽ എത്തിക്കാൻ ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടത്. ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവിസുകൾ നടത്താൻ കഴിയുമെന്ന് സിയാൽ പ്രതീക്ഷിക്കുന്നുവെന്നും അതിനുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സുഹാസ് കൂട്ടിച്ചേർത്തു.
ഏപ്രിലിൽ സിയാലിന്റെ വേനൽക്കാല സമയപ്പട്ടിക തുടങ്ങുമ്പോൾ പ്രതിവാരം 1190 സർവീസുകളാണ് ഉണ്ടായിരുന്നത്. ശീതകാല സമയപ്പട്ടികയോടെ കോവിഡ് പൂർവകാലത്തേ ട്രാഫിക്കിലേക്ക് ഉയരാൻ കഴിയുമെന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്