കണ്ണൂർ: വീണ്ടും പാർട്ടിയോട് അടുക്കാൻ ആകാശ് തില്ലങ്കേരി. വയനാട്ടിൽ കിർമാനി മനോജിന്റെ ബദൽ ഗുണ്ടാ നീക്കം പൊലീസ് പൊളിച്ചതിന് പിന്നാലെ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റുമായി അകാശ് തില്ലങ്കരി. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ വധിക്കുമെന്ന സിപിഎം ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ചു പൊലിസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ടിപി കേസിൽ ജയിലിലുള്ള കൊടി സുനിയുടെ അടുത്ത അനുയായിയാണ് ആകാശ് തില്ലങ്കരി.

ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയാണ് സുധാകരനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥിയായ ഒരു പിഞ്ചു മോനെ നെഞ്ചിൽ കഠാരയാഴ്‌ത്തി കൊന്നിട്ട് വീരവാദം പറയുന്നോ, കെ.സുധാകരനെന്ന ഭീരുവിന്റെ വായ്ത്താളം കേട്ട് വല്ലാതങ്ങ് പുളയ്ക്കാൻ നിന്നാൽ ഞങ്ങൾ എടുക്കുക സുധാകരനെ തന്നെയാവുമെന്നാണ് ആകാശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ധീരജ് വധക്കേസുമായി ബന്ധപ്പെട്ടു ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് മറുപടിയായിട്ടാണ് ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയത്.

ഇതോടെ കെപിസിസി സി പ്രസിഡന്റ് കെ.സുധാകരനെ ലക്ഷ്യമിട്ട് സിപിഎം ക്വട്ടേക്ഷൻ സംഘം ഇറങ്ങിയിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ധീരജിന്റെ കൊലപാതകം മറയാക്കി സുധാകരനെ അപായപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്ന തെന്നാണ് കോൺഗ്രസ് ആരോപണം. അതിനി കൊടി സുനി ഗ്യാങ്ങിലെ പ്രധാനിയായ അകാശ് തില്ലങ്കേരിയുടെ പുതിയ പോസ്റ്റ് മറ്റ് പല ചർച്ചകൾക്കും ഇട നൽകുന്നുണ്ട്. കിർമാനി മനോജിനെ വയനാട്ടിലെ പാർട്ടിക്കിടെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കിർമാനിയെ ഒറ്റിയത് കണ്ണൂരിലെ ചിലരാണെന്നാണ് പുറത്തു വരുന്ന സൂചന.

കുറച്ചു കാലമായി സിപിഎമ്മുമായി അകന്നു നിൽക്കുകായണ് ആകാശ് തില്ലങ്കേരി. പാർട്ടിയും ഇയാളേയും സംഘത്തേയും സഹകരിപ്പിക്കുന്നില്ല. സിപിഎം പിന്തുണയില്ലാതെ മുമ്പോട്ടു പോകാനാകില്ലെന്ന് ആകാശും കൂട്ടരും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ധീരജിന്റെ മരണത്തിലെ പോസ്റ്റിൽ സുധാകര വിരുദ്ധ വികാരം ആളിക്കത്തിക്കുന്നത്. ഇതിന് പിന്നിൽ പാർട്ടിയുമായി അടുക്കുകയെന്ന വ്യക്തമായ ഉദ്ദേശമുണ്ട്.

ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യുനിറ്റ് അംഗം ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഒറ്റതിരിഞ്ഞ് രാഷ്ട്രീയപരമായി അക്രമിക്കാൻ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിനെക്കാൾ കെ.സുധാകരനുള്ള പരോക്ഷമായ ഉത്തരവാദിത്വമാണ് സിപിഎം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്

സുധാകരൻ കോൺഗ്രസിൽ നടപ്പിലാക്കുന്ന സെമി കാഡർ സംവിധാനം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡിവൈഎഫ്ഐ എസ്.എഫ് ഐ നേതാക്കളും ഒരേശ്വാസത്തിൽ ആരോപിക്കുന്നത്.ഇതോടെ കോൺഗ്രസിൽ സുധാകരന്റെ പ്രവർത്തന ശൈലിയോട് അതൃപ്തിയുള്ള നേതാക്കളുടെ പിൻതുണയും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. ഇതാണ് ആകാശ് തില്ലങ്കേരിയും ഏറ്റെടുക്കുന്നത്.

കണ്ണൂരിൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ആളിക്കത്തിയ കെ.സുധാകരൻ - സിപിഎം പോരിന് ധീരജ് വധത്തോടെ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ധീരജ് കൊല്ലപ്പെട്ടത് ഇടുക്കിയിലാണെങ്കിലും അതിന്റെ ചുടുംചൂരും അനുഭവപ്പെടുന്നത് ഇങ്ങ് കണ്ണുരിലാണ്. കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും കഴിഞ്ഞ ദിവസം വ്യാപകമായി അക്രമിക്കപ്പെട്ടതിന് പിന്നാലെ 'കെ.സുധാകരനെതിരെയുള്ള ഭീഷണിയും ഉയർന്നിട്ടുണ്ട്.

സിപിഎംഅക്രമ ഭീഷണിയെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ ന ടാലിലെ വീട്ടിനും കണ്ണൂർ ഡി.സി.സി ഓഫിസിനും പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കമാൻഡോകളുടേത് അടക്കമുള്ള സുരക്ഷ കെപിസിസി പ്രസിഡന്റിന് ഏർപ്പെടുത്തിയിരിക്കുന്നത്. സുധാകരന് നിലവിൽ രണ്ടു ഗൺമാന്മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കമാൻഡോകളുടെ സുരക്ഷ കൂടാതെ ലോക്കൽ പൊലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്‌പെഷൽ ബ്രാഞ്ച് സംവിധാനത്തിന്റെ നിരീക്ഷണം എന്നിവയും ഏർപ്പെടുത്തി.

സുധാകരന്റെ വീട്ടിലേക്കു സിപിഎം മാർച്ച് നടത്തിയ സാഹചര്യത്തിൽ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണ സാധ്യത കണക്കിലെടുത്തു പാർട്ടി ഓഫിസുകൾക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടൊപ്പം പ്രമുഖ നേതാക്കളുടെ സുരക്ഷാ സംവിധാനവും വർധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിമാരോടു നിർദ്ദേശിച്ചിട്ടുണ്ട്.