- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത എനിക്ക് അംഗീകരിക്കാൻ കഴിയില്ല; ഒറ്റുകാരന്റെ കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല; ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്
കണ്ണൂർ: ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ആകാശ് തില്ലങ്കേരി. പാർട്ടിയെ ഒറ്റുകൊടുത്തവൻ എന്ന കിരീടം ബോധപൂർവ്വം തലയിൽ കെട്ടിവെക്കുന്ന യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ നിർവാഹമില്ലെന്നും ആകാശ് ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചു. കണ്ണൂരിലെ ഡിവൈഎഫ്ഐ നേതൃത്വത്തെയാണ് ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചത്.
ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്:
''യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ ക്വട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്..ബോധപൂർവ്വം അത് നിർമ്മിച്ചെടുത്തത് ആണ്..എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും.. അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം..ഞാൻ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരിൽ അഴിച്ചുവിടുന്നവരെ.. ഞാനത് ചെയ്തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം,നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ..അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല.. ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയ്യാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും.. പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്..അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല..അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല...'
പാർട്ടി എന്നെ തള്ളിപ്പറഞ്ഞതിൽ എനിക്ക് പ്രയാസമില്ല..മജ്ജയും മാംസവും ഉള്ള മനുഷ്യന് തെറ്റ് സംഭവിക്കും..അത് തിരുത്താനും തള്ളാനും കൊള്ളാനും ഒക്കെ പാർട്ടിക്ക് അതിന്റേതായ രീതികളുണ്ട്..പാർട്ടി കുറെ മുമ്പേ നടപടിയെടുത്തു പുറത്താക്കിയ ഒരാളാണ് ഞാൻ,പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ അംഗമായിരുന്നെങ്കിൽ മാത്രമേ പാർട്ടിക്ക് എന്നിൽ ഒരു കടിഞ്ഞാൺ ഉണ്ടാവുകയുള്ളു ,അങ്ങിനെ ഉണ്ടെങ്കിൽ മാത്രമേ പാർട്ടിയുടെ അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഒരാളാണോ ഞാൻ എന്ന് പാർട്ടിക്കും നിരീക്ഷിക്കാൻ സാധിക്കുകയുള്ളു..പാർട്ടി പുറത്താക്കിയത് മുതൽ എന്റെ അഭിപ്രായങ്ങളും പ്രവർത്തികളും പാർട്ടിയെ പഴിചാരേണ്ട ആവശ്യമില്ല..പിന്നെ ഞാനെന്തിന് ഇടതുപക്ഷ രാഷ്ട്രീയം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നു എന്നാണെങ്കിൽ എന്റെ ചോയ്സ്, എന്റെ ഇഷ്ടം ആ രാഷ്ട്രീയമായതു കൊണ്ട് മാത്രം. ഒരു കമ്മിറ്റിയുടെ ആഹ്വാനത്തിനും കാത്ത് നിന്നിട്ടല്ല എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ..എന്നുകരുതി പാർട്ടിയെ ഒറ്റുകൊടുത്തവൻ എന്ന കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന ചുരുക്കം ചില യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല..''
ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ തള്ളിപ്പറഞ്ഞ് സിപിഎം
ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ലെന്നും ക്വട്ടേഷൻ സംഘത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെ തള്ളിപ്പറയുന്നതായും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ അറിയിച്ചിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ സിപിഎമ്മിന്റെ പ്രവർത്തനമോ നവമാധ്യമ പ്രചാരണമോ ഏൽപിച്ചിട്ടില്ല. ക്വട്ടേഷൻ സംഘങ്ങൾ നൽകുന്ന സഹായങ്ങളിൽ പാവങ്ങൾ കുടുങ്ങിപ്പോകരുതെന്നും അത്തരക്കാരെ തള്ളിപ്പറയാൻ സമൂഹവും തയാറാവണമെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
ക്വട്ടേഷൻ പ്രവർത്തനത്തിനു രാഷ്ട്രീയമില്ല. സ്വർണ വാഹകരായി എത്തിയവരോ പിടിക്കപ്പെട്ടവരോ ക്വട്ടേഷനിൽ പങ്കാളികളായവരോ ആയ ചില പേരുകൾ പുറത്തു വന്നിട്ടുണ്ട്. ആകാശ്, അർജുൻ എന്നീ പേരുകൾക്കു പുറമേ മുഹമ്മദ് സാലിഹ് മർവാൻ (കൂത്തുപറമ്പ്), മുഹമ്മദലി (കൂത്തുപറമ്പ്), സൈനുദ്ദീൻ (കൈതേരി), അഫ്താബ് (മമ്മാക്കുന്ന്), പ്രണവ് (പുത്തൻകണ്ടം), ലീനീഷ് (ധർമടം), ഷിജിൻ, ശ്രീജിത്, കാട്ടിന്റവിടെ ആദർശ് (പാനൂർ), ശരത് (ചെണ്ടയാട്), യാദവ്, അരുൺ ഭാസ്കർ, ശ്യാംജിത്, സ്വരലാൽ, രഞ്ജിത്, ജിത്തു,
കതിരൂർ സ്വദേശി റമീസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പങ്കുവഹിക്കുന്നവർ ഉണ്ടെന്നാണു വ്യക്തമാകുന്നതെന്നു ജയരാജൻ പറഞ്ഞു. ഇതിൽ ചിലരെല്ലാം നേരത്തേയുള്ള കേസുകളിലും പ്രതികളാണ്. ആർഎസ്എസുകാരും ഈ പേരുകാരിലുണ്ട്. അവരൊക്കെ ഏതു രാഷ്ട്രീയക്കാരെന്നതല്ല പ്രശ്നം. ക്വട്ടേഷനെ ക്വട്ടേഷനായി കണ്ടുതന്നെ തള്ളിപ്പറയണം. നവമാധ്യമങ്ങളിലെ പാർട്ടി പ്രചാരവേല ഈ പറഞ്ഞ പേരുകളിൽ ആരെയും സിപിഎം ഏൽപിച്ചിട്ടില്ല. അവരെല്ലാം നടത്തുന്നത് ക്വട്ടേഷൻ പ്രവർത്തനമാണ്.
സമൂഹത്തിൽ മാന്യത കിട്ടാൻ ക്വട്ടേഷൻ സംഘത്തിൽപെട്ടവർ പാർട്ടിയെ മറയാക്കി സൈബർ ഇടപെടലും ചാരിറ്റി പ്രവർത്തനവുമെല്ലാം നടത്തുന്നുണ്ടെങ്കിൽ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിയും വഞ്ചനയും തിരിച്ചറിയാൻ ജനങ്ങൾക്കു കഴിയുമെന്നു ജയരാജൻ വ്യക്തമാക്കി. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവർ സിപിഎം പ്രചാരകരായി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഇവർക്ക് ആയിരക്കണക്കിന് പാർട്ടിക്കാർ ഫോളോവേഴ്സായി ഉള്ളതും ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ്, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സിപിഎം സംഘടിപ്പിക്കാൻ പോകുന്ന പ്രചാരണത്തെ കുറിച്ചു വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ജയരാജൻ കാര്യങ്ങൾ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ