- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം അനുഭാവിയുടെ അഞ്ചുമക്കളിൽ നാലാമൻ; സ്നേഹിച്ചത് ഷട്ടിലും ക്രിക്കറ്റും ഫുട്ബോളും അടക്കമുള്ള ഗെയിമുകളെ; ചേട്ടനെ കൊല്ലാനെത്തിയവർ ഇല്ലായ്മ ചെയ്തത് സഖാവിന്റെ ഒന്നും അറിയാത്ത മകനെ; കരുക്കൾ നീക്കിയത് ആകാശ് തില്ലങ്കേരി എന്ന് ആരോപിച്ച് സുധാകരനും; ഒരു പിതാവിനും ഇനി ഈ ഗതി വരരുതെന്ന് കരഞ്ഞു പറഞ്ഞ് മുസ്തഫ
കണ്ണൂർ: അവിചാരിതമായി എത്തിയ ദുരന്തത്തിൽ തരിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട പുല്ലക്കര മുക്കിലെ പീടികയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ പിതാവ് മുസ്തഫ ' പുത്ര വിയോഗത്താൽ മുഖത്ത് ചിരി വറ്റി പോയിരിക്കുന്നു. വാക്കുകൾ ഇടറുകയും തൊണ്ടയിൽ നിന്നും അറിയാതെ ഗദ്ഗദമുയരുകയും ചെയ്യുന്നു. എങ്കിലും തന്നെ തേടിയെത്തിയ ദുരന്തത്തിൽ പ്രതികരിക്കാനാവുന്നില്ല ഈ പിതാവിന്.
എന്റെ മകനെ അവർ എടുത്തു കളഞ്ഞല്ലോ അവൻ ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ല. അവന് ആരോടും വിദ്യേഷവുമില്ല എന്നിട്ടും അവനെ അവർ കൊന്നുകളഞ്ഞുവല്ലോയെന്ന് ഉള്ളിൽ നിന്നും തികട്ടി വന്ന കരച്ചിലക്കാനാവാതെ മുസ്തഫ പറയുന്നു. മൻസൂറിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ഈ ഉപ്പയ്ക്ക്.
എന്റെ മകൻ ഒരു സ്പോർട്സ് പ്രേമിയാണ് അവൻ ഷട്ടിലും ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കും കഴിഞ്ഞ ദിവസവും അവൻ ഷട്ടിൽ ടുർണമെന്റിൽ പങ്കെടുത്തു ആർക്കും അവനോട് ഒരു വെറുപ്പുമില്ലായിരുന്നു.എന്നിട്ടെന്തിന് അവർ എന്റെ മകനെ കൊന്നുകളഞ്ഞു? ഇനി ഒരു പിതാവിനും ഈ ഗതി ഉണ്ടാവരരുത്. എന്റെ കൺമുന്നിലിട്ടാണവർ അവനെ ബോംബെറിഞ്ഞ് വീഴ്ത്തിയത്. എന്നിട്ടും അവർ പിരിഞ്ഞു പോയില്ല'ജ്യേഷ്ഠൻ മുഹസിനെ ലക്ഷ്യം വച്ചായിരുന്നു അവരെത്തിയത്. അവനെ അക്രമിക്കുന്ന ബഹളം കേട്ടാണ് ഞാനും മൻസുറും വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്.ഞങ്ങൾക്ക് ഇനി അവനില്ല. ഇത് എങ്ങനെ സഹിക്കാനാവുമെന്ന മുസ്തഫയുടെ ചോദ്യത്തിന് മുൻപിൽ കേൾക്കുന്നവർ മറുപടി പറയാനാവാതെ തല കുനിച്ചു പോവുകയാണ്.
സിപിഎം അനുഭാവി കൂടിയായ പാറാൽ മുസ്തഫയുടെ അഞ്ചു മക്കളിൽ നാലാമത്തെയാളാണ് മൻസുർ. രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് മൻസുർ ഇരയായതു മുതൽ പുല്ലക്കര മുകിൽ പീടികയിലെ അൽ സഫയിൽ നാടിന്റെ നാനാഭാഗത്തു നിന്നുള്ള ജനങ്ങൾ ഒഴുകികൊണ്ടിരിക്കുകയാണ്. തന്നെ കണ്ട് സാത്വനപ്പെടുത്തുന്നവരുടെ മുൻപിൽ കൈകൂപ്പി കൊണ്ട് തന്റെ മകനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഈ പിതാവ് പറയുന്നത്.
ആകാശ് തില്ലങ്കേരിക്കെതിരെ സുധാകരൻ
അതിനിടെ പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ഷുഹൈബ് വധ ക്കേസ് പ്രതി ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ആരോപിച്ചു. ഷുഹൈബ് വധവുമായി മൻസുറിന്റെ കൊലപാതകവുമായി സാമ്യമുണ്ട്.
ഇത് സിപിഎംഗൂഢാലോചനയുടെ തെളിവാണ്ടെന്നും സുധാകരൻ ആരോപിച്ചു. കൊലപാതക സമയത്ത് ആകാശ് തിലങ്കേരിയുടെ സാന്നിധ്യം പാനുരിൽ ഉണ്ടായിരുന്നെന്നും ആവശ്യമെങ്കിൽ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിൽ തന്നെയാണ് മൻസൂറിനെ കൊന്നതെന്ന് കെ. സുധാകരൻ പറഞ്ഞു.
മൻസൂറിന്റെ കൊലപാതകത്തിന്റെ അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണ സംഘത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും സുധാകരൻ പറഞ്ഞു.
രമേശ് ചെന്നിത്തല നാളെ പാനുരിൽ
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നു. പാനൂരിൽ നാളെ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും. ക്രൈംബ്രാഞ്ച് സംഘത്തിന് സിപിഎം ചായ്വുണ്ടെന്ന് ലീഗ് ആരോപിക്കുന്നു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഡിവൈ.എസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്.
മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ.സുഹൈൽ അടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിൽ 11 പേരേ തിരിച്ചറിഞ്ഞു. പിടിയിലായ ഷിനോസ് ഒഴികെ എല്ലാവരും ഒളിവിലാണ്. സംഭവസ്ഥലത്തു നിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. വിലാപ യാത്രയ്ക്കിടെ മുസ്ലിംലീഗ് പ്രവർത്തകർ സിപിഎം ഓഫിസുകൾക്കും കടകൾക്കും തീയിട്ട സംഭവത്തിൽ ഇതുവരെ 24 പേർ പിടിയിലായിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ
മൻസൂറിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസമില്ലെന്ന് മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു. അന്വേഷണ സംഘത്തെ അടിയന്തിരമായി മാറ്റണമെന്ന് മൻസൂറിന്റെ പുല്ലൂക്കരയിലെ വീട് സന്ദർശിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽ ഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പൊട്ടക്കണ്ടി അബ്ദുല്ല എന്നിവർ ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണ് പൊലീസ് ചെയ്യുന്നത്.
മൂന്നു ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് സിപിഎമ്മുമായി പൊലീസ് ഉണ്ടാക്കിയ ഒത്തുകൽയുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ഇസ്മായിൽ സിപിഎം ചായ്വുള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തങ്ങൾക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയില്ല. അന്വേഷണത്തിനായി അടിയന്തിരമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയമിക്കണം. അക്രമ സമയത്ത് ദൃക്സാക്ഷികൾ പിടിച്ചുകൊടുത്ത ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക സംഘത്തിലെ മുഖ്യസൂത്രധാരനായ സുഹൈൽ ഒളിവിലാണ്. ഇയാളെകുറിച്ച് അന്വേഷണം നടത്തുന്നു പോലുമില്ല എന്നാണ് മനസിലാക്കുന്നത്.
കൊലപാതക സംഘത്തിൽ 25 പേരോളമാണുണ്ടായത്. ഇതിൽ 11 പേരെകുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ് നേതാക്കൾ അറിയിച്ചു..