തിരുവനന്തപുരം: ആകാശവാണിയിലെ സഹപ്രവർത്തകനെ അപകീർത്തിപ്പെടുത്തുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ കോടതി നിർേദശിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പി.വി.അനീഷ് കുമാറിന്റേതാണ് ഉത്തരവ്.

ആകാശവാണി ദക്ഷിണമേഖല അഡീഷണൽ ഡയറക്ടർ ജനറലായിരുന്ന ജി.ജയലാലിനെതിരെയാണ് അന്വേഷണം. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ പറക്കോട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താനെതിരെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേസിലാണ് നടപടി. ഉണ്ണികൃഷ്ണൻ പൊലീസിനു പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിൽ ജയലാൽ ബെംഗളൂരു ഓഫീസിലെ കമ്പ്യൂട്ടറിൽനിന്നാണ് സന്ദേശങ്ങൾ അയച്ചതെന്ന് കണ്ടെത്തിയിരുന്നു. സൈബർ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ, ജയലാലിന്റെ സ്വാധീനത്തിനു വഴങ്ങി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കേസന്വേഷിച്ച് കുറ്റപത്രം തയ്യാറക്കി. സുപ്രീംകോടതി ഐ.ടി. നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയതിനാൽ സൈബർ നിയമപ്രകാരമുള്ള കുറ്റപത്രം അസാധുവായി. ഇതോടെ വീണ്ടും ഉണ്ണികൃഷ്ണൻ കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗികപദവി ദുരുപയോഗംചെയ്ത ജയലാലിനെതിരെ വ്യാജരേഖ ചമച്ചതും അത് അസ്സലായി ഉപയോഗിച്ച് പ്രചരിപ്പിച്ചതുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.