- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറിഞ്ഞ വസ്തുവിന് വീര്യം തീരെ കുറവ്; എകെജി സെന്ററിനെ പിടിച്ചു കുലുക്കിയ സ്ഫോടനത്തിന് ഉപയോഗിച്ചത് 'ഏറു പടക്കം'; പ്രഥാമിക റിപ്പോർട്ടിലുള്ളത് പടക്കമേറിന്റെ തെളിവുകൾ മാത്രം; 20000 ബൈക്കുകളുടെ ലിസ്റ്റ് അരിച്ചു പെറുക്കി പ്രതിയെ കണ്ടെത്താൻ പൊലീസ്; മൊബൈൽ ടവർ പരിശോധനയിലും ഒന്നും കിട്ടിയില്ല; ആറാം ദിവസവും അക്രമിയിൽ തുമ്പില്ലാതെ പൊലീസ്
തിരുവനന്തപുരം: അത് ബോംബായിരുന്നില്ല.. വെറും പടക്കം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്‌ഫോടക വസ്തുവിനു പിന്നിൽ തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു. എറിഞ്ഞ വസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡർ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറഞ്ഞു. ഇതോടെ വലിയ കുലുക്കത്തോടെ എകെജി സെന്റർ കുലുങ്ങിയെന്ന വാദവും പൊളിയുകയാണ്. പടക്കം എറിഞ്ഞ ആളിനെ ഇനിയും കണ്ടെത്താനുമായില്ല. വാഹന പരിശോധനയിൽ കൂടി കണ്ടെത്താനുള്ള ശ്രമവും എങ്ങും എത്തിയില്ല. അതിനിടെ വെറും പടക്കമാണ് എറിഞ്ഞതെന്ന റിപ്പോർട്ടും പൊലീസിന് കിട്ടുന്നത്. ഇതോടെ അന്വേഷണം താൽകാലികമായി അവസാനിപ്പിക്കാനാണ് സാധ്യത.
സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന. സ്‌ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കുന്ന വസ്തുക്കളൊന്നും സംഭവസ്ഥലത്തു നിന്നു കിട്ടിയില്ല. ഡിറ്റനേറ്ററിന്റെ സഹായത്തോടെയാണു ബോംബ് സ്‌ഫോടനം നടക്കുക. എന്നാൽ ഇവിടെ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫൊറൻസിക് സയൻസ് ലാബ് ഡയറക്ടർക്ക് ഇന്നലെ കൈമാറി. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് കോടതിക്കു നൽകും. ഇതിൽ പടക്കത്തിന്റെ സ്വഭാവത്തിൽ വ്യക്തത വരും.
അതേസമയം എകെജി സെന്ററിന് നേരെ 'അജ്ഞാതൻ'പടക്കമെറിഞ്ഞിട്ട് ആറാം ദിവസത്തിലേക്ക് കടന്നിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ് വലയുകയാണ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാളെ വിട്ടയച്ചു. എട്ടോളം പൊലീസുകാർ എകെജി സെന്ററിന് മുന്നിലുണ്ടായിട്ടും ആക്രമിയെ എന്തുകൊണ്ട് പിന്തുടർന്നില്ല എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വണ്ടി നമ്പർ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രതിയെ കണ്ടെത്താൻ 20,000 വാഹന ഉടമകളുടെ വിവരം പൊലീസ് ശേഖരിച്ചു. അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ അതേ മോഡൽ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ചത്. ഇതിൽ ആയിരത്തിലേറെ വാഹന ഉടമകൾക്ക് സംഭവുമായി യാതൊരു ബന്ധവുമില്ല എന്നും പൊലീസ് കണ്ടെത്തി.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പൊലീസ് പറഞ്ഞു. അക്രമത്തിനു പിന്നിൽ ഒരാൾ മാത്രമേ ഉള്ളൂ എന്ന് അന്തിമ നിഗമനത്തിലാണ് പൊലീസ്. സംഭവത്തിനു തൊട്ടുമുമ്പ് അത് വഴി സ്‌കൂട്ടറിൽ ഒന്നിലേറെ തവണ പോയ ആൾ നഗരത്തിലെ തട്ടുകളിലെ തൊഴിലാളിയാണെന്നും, ദിവസവും രാത്രി വെള്ളമെടുക്കാൻ അതുവഴി ഏഴോ എട്ടോ തവണ പോകാറുണ്ടെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി.
പ്രതി വന്ന വാഹനത്തിന്റെ നമ്പർ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എകെജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമില്ല.
രണ്ട് ഡിവൈഎസ്‌പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ