തിരുവനന്തപുരം: എകെജി സെന്ററിൽ സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി പൊലീസ് ഉഴലുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സിപിഎം. സ്ഥലത്തെ പ്രധാന പയ്യൻസായ ഒരു രാഷ്ട്രീയ നേതാവ് എകെജി സെന്ററിൽ അക്രമം നടന്നിട്ടും അന്നു രാത്രി ആ പരിസരത്ത് വ്ന്നിരുന്നില്ല. ഈ നേതാവിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞാൽ കേസിൽ ചുരുളഴിയും. എന്നാൽ വ്യക്തമായ തെളിവില്ലാത്തതിനാൽ ഈ നേതാവിനെ ചോദ്യം ചെയ്യാൻ കഴിയുന്നില്ല. ഇതോടെ ആഴ്ച പിന്നിട്ടും കേസിൽ ആരേയും പിടിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

എകെജി സെന്ററിന്റെ താഴത്തെ ഗേറ്റിലെ തൂണിലാണ് ഏറുപടക്കം പോലത്തെ വസ്തുവെറിഞ്ഞത്. 8 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെങ്കിലും ഇക്കാര്യത്തിൽ സർക്കാർ സമ്മർദ്ദം പൊലീസിന് മുകളിൽ ഇല്ല. സമയമെടുത്ത് അന്വേഷിച്ചാലും പിടിക്കുന്നത് യഥാർഥ പ്രതിയെത്തന്നെയായിരിക്കണം എന്നാണു ഡിജിപിക്കു നൽകിയിരിക്കുന്ന നിർദ്ദേശം. കോൺഗ്രസാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ആദ്യം ആരോപിച്ച സിപിഎം നേതാക്കൾ പിന്നീടു പ്രസ്താവന മയപ്പെടുത്തിയിരുന്നു. തെളിവുകൾ പ്രതികൂലമായ സാഹചര്യത്തിലാണ് ഇതെല്ലാം.

2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സംവിധാനം മുഴുവൻ ഉപയോഗിച്ചാണ് അന്വേഷണം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സ്‌കൂട്ടറിന്റെ നമ്പർ പോലും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സോഫ്റ്റ്‌വെയറിലൂടെ ഈ ദൃശ്യം വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പൊലീസ് ആരംഭിച്ചു. നൂറിലേറെ ക്യാമറകളിലെ ദൃശ്യങ്ങളാണു പൊലീസ് ശേഖരിച്ചത്. എന്നാൽ ഒന്നും അന്വേഷണത്തെ സ്വാധീനിച്ചിട്ടില്ല.

അതേസമയം,പ്രതി ഉപയോഗിച്ച തരത്തിലുള്ള സ്‌കൂട്ടറുകളുടെ നമ്പർ ശേഖരിച്ച് ആ ദിശയിൽ അന്വേഷണം നടക്കുന്നു. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് സംഭവസമയത്തെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. പ്രതി ഒരാൾ മാത്രമെന്നും സ്‌കൂട്ടർ കുന്നുകുഴി ഭാഗത്തു നിന്നു വന്നു, അങ്ങോട്ടു മടങ്ങി എന്നും മാത്രമാണ് പൊലീസ് കണ്ടെത്തിയത്.

അക്രമം നടക്കുമ്പോൾ എകെജി സെന്ററിനു കാവൽ നിന്ന പൊലീസുകാർക്കെതിരെയും നടപടിയെടുത്തിട്ടില്ല. സിറ്റി സ്‌പെഷൽ ബ്രാഞ്ച് അസി.കമ്മിഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ നൽകിയിട്ടില്ല. സംഭവ സമയത്തു തങ്ങൾ ഭക്ഷണം കഴിക്കാൻ പോയെന്നാണ് പിറ്റേന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതെല്ലാം കേസിനോടുള്ള സർക്കാരിന്റെ താൽപ്പര്യക്കുറവാണെന്ന വിലയിരുത്തൽ സജീവമാണ്.

എ കെ ജി സെന്ററിന് നേരെ എറിഞ്ഞത് പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുവല്ല എന്ന ഫൊറൻസിക് കണ്ടെത്തൽ പുറത്തുവന്നിരുന്നു. വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. രണ്ട് ഡിവൈഎസ്‌പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്. അപ്പോൾ ആരാണ് പിന്നിൽ, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നുപോയ പ്രതിയെ കിട്ടാത്തത് പൊലീസിന് മാത്രമല്ല സർക്കാറിനാകെ വലിയ നാണക്കേടാണ്.

എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. രാത്രികാലത്ത് നടന്ന സംഭവമായതിനാൽ പ്രതികളെ പിടികൂടാൻ താമസമെടുക്കുമെന്ന് കോടിയേരി പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തികൊണ്ടു മാത്രമേ പ്രതികളെ പിടിക്കാൻ സാധിക്കൂവെന്നും, ഊർജിതമായ അന്വേഷണം പൊലീസ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ ജി സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ആക്രമണം നടന്ന് എട്ട് നാൾ പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്ത് വ്ന്നു. മാലപ്പടക്കം പൊട്ടിച്ചുള്ള പ്രതിഷേധമാണ് യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയത്. സംഭവത്തിലെ യഥാർത്ഥ പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തെിലെ കാർ കത്തി കേസു പോലെയാകും ഇതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഫലത്തിൽ ഇനി അധിക കാലം അന്വേഷണം നീണ്ടു പോകില്ല.

എ കെ ജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. പിടി കിട്ടാത്തതാണോ അതോ പിടികൂടാത്തതാണോ എന്ന ചോദ്യം അതുകൊണ്ടുതന്നെ ശക്തമാകുകയാണ്. പ്രതിപക്ഷ ആരോപണം പോലെ സി പി എം ബന്ധമുള്ള ആരെങ്കിലുമായതുകൊണ്ടാണ് അന്വേഷണത്തിലെ ഇഴഞ്ഞുനീങ്ങൽ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാവലുണ്ടായിട്ടും നടന്ന അക്രമത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആ വഴിക്ക് ഒരു നടപടിയും ഇതുവരെ ആയിട്ടില്ല.

ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറൻസികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്റെ പ്രാഥമിക നിഗമനം. നാടൻ പടക്കിന് സമാനമായ സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറൻസികിന്റെ പ്രാഥമിക നിഗമനം.