- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും എടുത്തത് ഒരു മിനിറ്റും 32 സെക്കൻഡ്; സ്ഫോടക വസ്തു കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ആൾ; എകെജി സെന്റർ ആക്രമണത്തിൽ പ്രതി അജ്ഞാതൻ; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസ് പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. എകെജി സെന്റർ ആക്രമണമുണ്ടായിട്ടും അവിടെ എത്താത്ത പ്രാദേശിക നേതാവിനെ കുറിച്ചും പാർട്ടി അണികൾക്കിടയിൽ ചർച്ച സജീവമാണ്. അതിനിടെ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എകെജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.
ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും എടുത്തത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റൊരാളും കാണാനുള്ള സാധ്യത ഏറെയാണ്. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നും വ്യക്തമാണ്. മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിനോടകം ശേഖരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
എംഎൽഎ ഹോസ്റ്റലിനോട് ചേർന്നുള്ള കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽനിന്ന് ജനറൽ ഹോസ്പിറ്റൽ ജങ്ഷനിലേക്കു പോകുന്ന പ്രധാന റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ വലതു വശത്ത് എകെജി സെന്ററായി. എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക് കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്. എകെജി സെന്ററിന്റെ പ്രധാന കവാടത്തിനു മുന്നിൽനിന്ന് ഈ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയ ഇറക്കമാണ്. ഇടറോഡിന്റെ തുടക്കത്തിൽ വലതുവശത്താണ് എകെജി സെന്ററിലെ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റ്. ഈ മേഖലയിൽ സിപിഎമ്മുമായി ബന്ധപ്പെട്ട നിരവധി ഓഫീസുണ്ട്. ഡി വൈ എഫ് ഐയുടേയും കൈരളി ടിവിയുടേയും ഓഫീസിലേക്കും ഇതു വഴി ഇറങ്ങാം.
കുന്നുകുഴി ഭാഗത്തുനിന്ന് ഇടറോഡിലൂടെ ഒരു ബൈക്ക് എകെജി സെന്ററിന്റെ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിനടുത്ത് എത്തുന്നതാണ് എകെജി സെന്റർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ബൈക്കിലെത്തിയ ആൾ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിന് എതിർവശമുള്ള കടകൾക്കു മുന്നിൽ ബൈക്കിൽ അൽപ്പനേരം നിർത്തുന്നു. ആ സമയം എകെജി സെന്ററിനു മുന്നിൽനിന്നും കുന്നുകുഴി ഭാഗത്തേക്കു മറ്റൊരു ബൈക്കും പോകുന്നുണ്ട്. ആ ബൈക്ക് മുന്നോട്ടു പോയശേഷം വേഗം കുറയ്ക്കുന്നുമുണ്ട്.
കടയുടെ ഭാഗത്തുനിന്ന ബൈക്കുകാരൻ ബൈക്ക് കുന്നുകുഴിഭാഗത്തേക്കു തിരിച്ചതിനുശേഷം അൽപ്പം മുന്നോട്ടുപോയി ബൈക്ക് ഓഫാക്കുന്നു. പിന്നീട്, ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോയി. സ്റ്റാർട്ടാക്കുമ്പോഴുള്ള ബൈക്കിന്റെ ലൈറ്റ് മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അതിനുശേഷം കുന്നുകുഴി ഭാഗത്തുനിന്ന് ഒരു ബൈക്ക് എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലേക്കു വേഗത്തിൽ ഓടിച്ചു പോകുന്നതും തൊട്ടു പിന്നാലെ മറ്റൊരു ബൈക്ക് കടയുടെ മുന്നിൽ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ബൈക്ക് കുന്നുകുഴി ഭാഗത്തേക്കു തിരിച്ചശേഷം സ്ഫോടക വസ്തു എറിഞ്ഞ് വേഗത്തിൽ ഓടിച്ചു പോയി.
രാത്രി 11.23ന് ശേഷമാണ് അക്രമി ബൈക്കിലെത്തി നിരീക്ഷണം ആരംഭിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. അക്രമത്തിനുശേഷം ഇയാൾ കുന്നുകുഴി ജംഗ്ഷനിലൂടെ പോയി. കുന്നുകുഴിയിൽനിന്ന് വരമ്പശേരി ജങ്ഷനിൽ 11.25ന് അക്രമി എത്തി. ഇവിടെ റോഡ് രണ്ടായി തിരിയുകയാണ്. ഒന്നു ലോ കോളജ് ജങ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണ് പോകുന്നത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ വിവരങ്ങൾ പൊലീസ് പുറത്തു വിടുന്നുമില്ല. അതിനിടെ ലോ കോളേജിലേക്കാണ് വണ്ടി പോയതെന്ന സൂചനയുമുണ്ട്. ഈ ഭാഗത്തും സിസിടിവി ധാരാളമായുണ്ട്. അതുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) അനുസരിച്ച് പത്തുവർഷംവരെ തടവു ശിക്ഷ ലഭിക്കാം. അതായത് പ്രതി പിടിയിലായാൽ റിമാൻഡിലാകുമെന്ന് ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ