- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും ഇരുട്ടിൽതപ്പി പൊലീസ്; പ്രതിയെ തിരിച്ചറിഞ്ഞില്ല; സർക്കാരിനും പൊലീസിനും സിപിഎമ്മിനും നാണക്കേടിന്റെ 23 ദിവസങ്ങൾ; എകെജി സെന്റർ ആക്രമണക്കേസിന്റെ അന്വേഷണം ഇനി ക്രൈം ബ്രാഞ്ചിന്; ഉത്തരവിറക്കി ഡിജിപി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്. പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജൂൺ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് മോട്ടോർ ബൈക്കിൽ തനിച്ചെത്തിയ ആൾ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിലേക്ക് സ്കൂട്ടറിൽ എത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് 23 ദിവസമായി.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോൺ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറൻസികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്റെ പ്രാഥമിക നിഗമനം. നാടൻ പടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് കരുതുന്നത്.
പ്രതിയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണത്തിൽ സിപിഎമ്മിനുള്ള പങ്കു മറച്ചുവയ്ക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിക്കുന്നത്.
സംഭവം നടന്ന ദിവസം നിരവധി തവണ എകെജി സെന്റർ വഴി സ്കൂട്ടറിൽ കടന്നുപോയ ആളിനെ പൊലീസ് കണ്ടെത്തിയെങ്കിലും പാർട്ടിക്കാരനാണെന്നു വ്യക്തമായതോടെ തുടരന്വേഷണം ഉണ്ടായില്ല. അന്നേദിവസം 12 തവണ ഇയാൾ നഗരത്തിലെ സിപിഎം നേതാവുമായി ഫോണിൽ സംസാരിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ജൂൺ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞത്. നൂറിലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. 250ൽ അധികം ആളുകളെ ചോദ്യം ചെയ്തു.
അയ്യായിരത്തിൽ അധികം മൊബൈൽ ഫോൺരേഖകൾ പരിശോധിച്ചു. ആകെ കണ്ടെത്താനായത് രണ്ടു കാര്യങ്ങൾ- ചുവന്ന സ്കൂട്ടറിലാണ് അക്രമി എത്തിയത്, ഡിയോ സ്കൂട്ടറാണ്. ഇതല്ലാതെ അന്വേഷണം ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല. തലസ്ഥാന നഗരിയിലെ പ്രധാന സ്ഥലത്ത്, പൊലീസ് കാവൽ ഉള്ളപ്പോൾ നടന്ന സംഭവത്തിനെപ്പറ്റി ഒന്നും കണ്ടെത്താനാകാത്തത് പൊലീസ് സേനയ്ക്കു നാണക്കേടായി. സിപിഎം പ്രവർത്തകർക്കു പങ്കുള്ളതിനാലാണ് പ്രതിയെ പിടിക്കാത്തതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഇതേക്കുറിച്ചുള്ള ആക്ഷേപം.
ലഭിച്ച സിസിസിടി ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിന്റെ നമ്പർ കിട്ടിയില്ലെന്നാണ് പൊലീസ് അവകാശവാദം. വീടുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. നഗരത്തിൽ പൊലീസ് സ്ഥാപിച്ച ക്യാമറകളാകട്ടെ പലതും പണിമുടക്കിയിരിക്കുകയാണ്. ദൃശ്യങ്ങൾ കിട്ടാതായതോടെ ആദ്യഘട്ടത്തിൽതന്നെ അന്വേഷണം വഴിമുട്ടി. സമൂഹമാധ്യമത്തിൽ സിപിഎമ്മിനെതിരെ പോസ്റ്റിട്ടവരെയും ചില കോൺഗ്രസ് പ്രവർത്തകരെയുമെല്ലാം ചോദ്യം ചെയ്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
അക്രമി വന്നതു ഡിയോ സ്കൂട്ടറിലാണെന്ന നിഗമനത്തിലെത്തിയതോടെ ഉറക്കം നഷ്ടപ്പെട്ടത് ഈ മോഡൽ സ്കൂട്ടറുകളുടെ ഉടമകൾക്കാണ്. വാഹന ഷോറൂമുകളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം സ്കൂട്ടർ ഉടമകളെ ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. ദീപാവലിക്കു പടക്കം വിറ്റ കടകൾക്കായിരുന്നു അടുത്ത 'അടി'. അക്രമിക്കു പടക്കം വിറ്റോ എന്നറിയാൻ കടയുടമകളെ ചോദ്യം ചെയ്തെങ്കിലും എകെജി സെന്റർ അക്രമി അജ്ഞാതനായി തുടർന്നു.
എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. സാധാരണ പടക്കത്തിൽ ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശം കണ്ടെത്തി. അന്വേഷണം നടക്കുകയാണെന്നും പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഐപിഎസ് പറഞ്ഞു. കൊലക്കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനെയും ഇതുവരെ പിടിക്കാനായിട്ടില്ലല്ലോ എന്നായിരുന്നു ഇതേക്കുറിച്ച് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ