തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി. രണ്ടര മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിഷയം തള്ളിയത്. ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആക്രമണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ചർച്ചയ്ക്ക് പുതിയ തലം നൽകിയിരുന്നു. സ്‌ട്രൈക്കേഴ്‌സ് സംഘം കാവൽ നിൽക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. അത് എങ്ങനെ ഉണ്ടായി. അക്രമം നടക്കുന്നതിന്റെ തലേ ദിവസം വരെ ആ ഗെയ്റ്റിന് മുന്നിൽ പട്രോളിങ് ജീപ്പ് ഉണ്ടായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണിത്. എന്നാൽ അക്രമം നടന്ന അന്ന് ഈ ജീപ്പ് ഉണ്ടായില്ല . എന്തുകൊണ്ട് പട്രോളിങ് സംഘം അവിടെ ഉണ്ടായില്ല. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണം. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ പട്രോളിങ് രജിസ്റ്റർ പരിശോധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുവെന്ന് വരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു പരാമർശം. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്. നടപടി എടുത്തു. സിപിഎം തള്ളിപ്പറഞു, അഖിലേന്ത്യാ തലത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും സർക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ആക്രമണത്തെ തൊട്ടടുത്ത ദിവസം തന്നെ തള്ളിപ്പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കെപിസിസി പ്രസിഡന്റിനെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല സുധാകരനെ ന്യായീകരിച്ചെങ്കിലും സുധാകരനെ കുറിച്ച് തന്നോട് പറയേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുധാകരന്റെ രീതികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. സംഭവം ഉണ്ടായ ഉടൻ ഇ.പി. സ്ഥലത്തെത്തിയത് അതിന് തൊട്ടുമുന്നിലെ ഫ്‌ളാറ്റിൽ അദ്ദേഹം ഉണ്ടായിരുന്നതുകൊണ്ടാണ്. പി.കെ.ശ്രീമതി എകെജി സെന്ററിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റ രീതിയെ കുറിച് തന്നോട് ചോദിക്കുന്നതിനേക്കാൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കുന്നതാണ് നല്ലത്. വേണ്ടി വന്നാൽ പൊലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറി അല്ലേ എന്ന വി.ഡി.സതീശന്റെ ചോദ്യത്തിന്, വലിയ ശബ്ദമുണ്ടാക്കുന്ന ബോംബ് നാടൻ രീതിയിൽ ഉണ്ടാക്കാനാകുമെന്ന് ദശാബ്ദങ്ങൾക്കു മുൻപ് തെളിയിച്ചിട്ടുണ്ട് കെ സുധാകരൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ പാർട്ടി ഓഫീസിൽ കോൺഗ്രസ് ബോംബുണ്ടാക്കിയത് ഇന്ത്യാ ടുഡേ ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. എകെജി സെന്ററിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളിൽ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സിസിടിവി പരിശോധനകളിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവർ മറച്ചുപിടിക്കുകയാണ്. പക്ഷേ, പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എകെജി സെന്ററിന്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. അയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കെപിസിസി ഓഫീസ് ആക്രമണത്തിലും കന്റോൺമെന്റ് ഹൗസ് ആക്രമണത്തിലും കൃത്യമായി കേസ് എടുത്തു. എസ്ഡിപിഐക്കാർ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വസ്തുതാപരം അല്ല. ജൂലൈ ഒന്നിന് എസ്ഡിപിഐ സംഘം വന്നെങ്കിലും കൂടിക്കാഴ്ചക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ഓഫീസ് ജീവനക്കാർ തിരിച്ചയച്ചു. എസ്ഡിപിഐക്കാർ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റേത് സുപരീക്ഷിത ജീവിതമാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് എല്ലാം ചിരിച്ച് കൊണ്ട് നേരിടും. മടിയിൽ കനം ഇല്ലാത്തതുകൊണ്ട് മാത്രം അല്ല, ജീവിതത്തിൽ ശുദ്ധിയുള്ള ആൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തിൽ ശുദ്ധി പുലർത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത്. തൊട്ടതെല്ലാം പാളുന്നത് ആർക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശന്റെ ആരോപണങ്ങൾ ഇങ്ങനെ

എകെജി സെന്ററിന് ചുറ്റും ക്യാമറകൾ. സമീപത്തുള്ള കടകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 70ലേറെ ക്യാമറകൾ. എന്നിട്ടും പ്രതി ഇതിലൊന്നും പെടുന്നില്ല. അതെന്തുകൊണ്ടാണ്. സക്കറിയായുടെ കഥ ഉദ്ധരിച്ച് പറക്കും സ്ത്രീ വന്നിറങ്ങിയാണോ ആക്രമണം നടത്തിയതെന്ന് വി ഡി സതീശൻ ചോദിച്ചു. പൊലീസ് പ്രതിയെ കണ്ടെത്തിയില്ല. എന്നാൽ അവിടെ എത്തിയ ഇ പി ജയരാജൻ വന്നുടൻ പറഞ്ഞു , കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് . ഇത് കണ്ടപ്പോൾ തോന്നിയത് സംഭവം നടക്കുന്നതിന് അരമണിക്കൂർ മുന്നേ ഇ പി ജയരാജൻ പുറപ്പെട്ടോ എന്നാണെന്നും വി ഡി സതീശൻ പരിഹസിച്ചു

വിഷയം മാറ്റിക്കൊണ്ടുപോകാൻ ഭരണകക്ഷി ശ്രമിക്കുകയാണ്. പാർട്ടി ഓഫീസുകൾക്ക് നേരായ അക്രമം അവസാനിപ്പിക്കാൻ ആണ് അടിയന്തര പ്രമേയം കൊണ്ട് വന്നത്. സ്വന്തം പാർട്ടിയുടെ ഓഫീസ് ആക്രമണം ആഘോഷമാക്കുന്നത് എന്തിനെന്ന് എല്ലാവർക്കും മനസിലായി.പലതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ബോംബേറ് ഉണ്ടായി , തീ വയ്പ് ഉണ്ടായി , തന്റെ ഔദ്യോഗിക വസതിക്ക് അകത്ത് ആൾ കയറി വധിക്കുമെന്ന ഭീഷണി ഉയർത്തി. അവരെ ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തനിക്ക് ഇതിൽ പരാതി ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഭരണ കക്ഷി പാർട്ടി തന്നെയാണ് അക്രമത്തിന് കുട പിടിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

എച്ച്.സലാം എം എൽ എയുടെ കലാപാഹ്വാനം പൊലീസും സർക്കാരും കണ്ടില്ലേ, അതിൽ കേസെടുത്തോ. എ കെ ജി സെന്ററിലെ ഒരു ജനലെങ്കിലും കല്ലെറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ഒരു യുവാവിനെ പിടികൂടി.ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്യൽ തുടങ്ങി. തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിച്ചോളു. അതിൽ ഒരു തെറ്റും ഇല്ല. തെറ്റ് ചെയ്‌തെങ്കിൽ പിന്നെന്തിനാണ് കേസ് പോലും ഒഴിവാക്കി അയാളെ വിട്ടയച്ചതെന്നും വി ഡി സതീശൻ ചോദിച്ചു

കോടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബ് എറിഞ്ഞ ആളെ കണ്ടെത്തിയോ, ടി പിയെ വധിച്ചിട്ട് മാഷാ അള്ള എന്നെഴുചി വച്ച് കുറ്റം മറ്റൊരാളുടെ മേൽ ചാരാൻ നോക്കിയവരല്ലേ നിങ്ങൾ, ഇതിനൊക്കെ എന്ത് മറുപടിയാണുള്ളത്-വി ഡി സതീശൻ ചോദിച്ചു. രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിഫോട്ടോ തകർത്ത സംഭവത്തിൽ എസ് എഫ് ഐക്കാർ കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് പൊലീസ് മറിച്ചൊരു റിപ്പോർട്ട് നൽകുകയെന്ന് വി ഡി സതീശൻ ചോദിച്ചു

ഞങ്ങൾ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ഭയപ്പാടാണ്. നിങ്ങളുടെ ഭീതി വെപ്രാളത്തിൽ നിന്നുണ്ടാകുന്നതാണ്. കുറച്ചുനാളായി സർക്കാരിന് തൊട്ടതെല്ലാം പാളിപ്പോകുകയാണ്. അപകടത്തിലേക്ക് പോകുകയാണ്, ശ്രദ്ധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.