- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിൽ ചന്ദ്രൻ വധ ശ്രമക്കേസ്: ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക്; പ്രതികളായ ഇരുവരും പിഎസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പു കേസിലും പ്രതികൾ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ ഡിഗ്രി പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ സെക്രട്ടറിയും പ്രസിഡന്റുമായ ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ വിചാരണക്കായി സെഷൻസ് കോടതിയിൽ ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. കേസ് റെക്കോർഡുകൾ കൈമാറ്റ സാക്ഷ്യപത്രം സഹിതം സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കാൻ മജിസ്ട്രേട്ട് എ. അനീസ ജൂനിയർ സൂപ്രണ്ടിനോട് ഉത്തരവിട്ടു.
പ്രതികളുടെ ജാമ്യ ബോണ്ടുകൾ ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലിൽ നിന്നും കോടതിയിൽ എത്തിയതിനാലും ഫോറൻസിക് പരിശോധന റിപ്പോർട്ടുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ എത്തിയതിനാലുമാണ് വിചാരണക്കായി പ്രതികളെ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തത്. കുറ്റപത്രത്തിന്റെയും പ്രോസിക്യൂഷൻ ആശ്രയിക്കുന്ന പ്രസക്ത രേഖകളുടെയും പകർപ്പുകൾ കോടതി പ്രതികൾക്ക് നൽകി.
വധശ്രമ കേസ് വിചാരണക്കായി ജില്ലാ സെഷൻസ് കോടതിയിലേക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 (എ) പ്രകാരം കമ്മിറ്റ് ചെയ്യുന്ന നടപടിക്രമങ്ങളാണ് കമ്മിറ്റൽ കോടതിയായ മജിസ്ട്രേട്ട് കോടതിയിൽ നടന്നു വന്നിരുന്നത്. കൃത്യത്തിനുപയോഗിച്ച ആയുധമായ പേനാക്കത്തി , പരിക്കേറ്റവരുടെ വസ്ത്രങ്ങൾ എന്നിവയുടെ ഫോറൻസിക് റിപ്പോർട്ടുകൾ , മെഡിക്കൽ റെക്കോർഡുകൾ തുടങ്ങിയവ കൂടി ലഭ്യമായതിനാലാണ് കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണയ്ക്കായി കമ്മിറ്റ് ചെയ്തത്.
2020 ഫെബ്രുവരി 15 നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പരിശോധനയിൽ കുറ്റപത്രത്തിൽ പറയുന്ന രേഖകളുടെ അപര്യാപ്തത കാരണം കുറ്റപത്രം കന്റോൺമെന്റ് സി ഐ ക്ക് മടക്കി നൽകിയിരുന്നു. തുടർന്ന് കോടതി ആവശ്യപ്പെട്ട രേഖകൾ സഹിതം കുറ്റപത്രം സമർപ്പിച്ചു. അതിനാൽ ഫെബ്രുവരി 24 നാണ് കുറ്റപത്രംകോടതി ഫയലിൽ സ്വീകരിച്ചത്.
പി എസ് സി കോൺസ്റ്റബിൾ പരീക്ഷയിൽ മൊബൈലും സ്മാർട്ട് വാച്ചുമുപയോഗിച്ച് കോപ്പിയടിച്ച് ഒന്നും ഇരുപത്തെട്ടും റാങ്കുകൾ കരസ്ഥമാക്കിയ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്ത് , മുൻ സെക്രട്ടറി കല്ലാട്ടുമുക്ക് സ്വദേശി നസീം , എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമർ , കൊല്ലം കുളത്തുപ്പുഴ സ്വദേശി അദ്വൈത് , കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് , ആരോമൽ. എസ്.നായർ , കോളേജ് വിദ്യാർത്ഥികളും എസ് എഫ് ഐ പ്രവർത്തകരുമായ മുഹമ്മദ് ഇബ്രാഹിം , നേമം സ്വദേശി ഇജാബ് , ഹരീഷ് , മുഹമ്മദ് അസ്ലാം , രഞ്ജിത് , കല്ലിയൂർ സ്വദേശി അക്ഷയ് , നിഥിൻ , മുന്നാനക്കുഴി സ്വദേശി ബി എ അറബിക് രണ്ടാം വർഷ വിദ്യാർത്ഥി സഫ് വാൻ , ഹൈദർ ഷാനവാസ് , നന്ദ കിഷോർ , പി എസ് സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കോപ്പിയടിച്ച് രണ്ടാം റാങ്ക് ലഭിച്ച് പുറത്താക്കപ്പെട്ടയാളും കോപ്പിയടി കേസിൽ പ്രതിയുമായ പ്രണവ് , നസീം , അരുൺകുമാർ എന്നിവരാണ് വധശ്രമക്കേസിലെ ഒന്നു മുതൽ പത്താൻപത് വരെയുള്ള പ്രതികൾ.
2019 ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് തലസ്ഥാന നഗരത്തിൽ ഗവ: സെക്രട്ടറിയേറ്റിനും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനും വിളിപ്പാടകലെ അക്രമ സംഭവം അരങ്ങേറിയത്. യൂണിവേഴ്സിറ്റി കോളേജിലെ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും തേർവാഴ്ക്കും ഗുണ്ടായിസത്തിനും എതിരെ എസ് എഫ് ഐ പ്രവർത്തകർക്കിടയിലും വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കിടയിലും അമർഷവും പ്രതിഷേധവും രൂക്ഷമായി ഉയർന്നു വരികയായിരുന്നു. എതിർക്കുന്നവരെ കോളേജിനുള്ളിലെ യൂണിയൻ ഓഫീസിനുള്ളിലെ ഇടിമുറിയിലിട്ട് കൈകാര്യം ചെയ്ത് വായടപ്പിക്കലായിരുന്നു നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കൂട്ടാളികളുടെയും രീതി. തലസ്ഥാന നഗര മധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ചാണ് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ 19 എസ് എഫ് ഐക്കാർ സംഘടിച്ച് അഞ്ചു പ്രതികൾ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിന് കുറച്ചു ദിവസം മുമ്പ് കോളേജ് കാന്റീനിൽ വച്ച് ആ നാട് സ്വദേശിയും ബി എ മലയാളം വിദ്യാർത്ഥിയുമായ ഉമൈർഖാൻ പാട്ടു പാടിയിരുന്നു. ഇതിനെ പ്രതികൾ ചോദ്യം ചെയ്തതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. സംഭവ ദിവസം കോളേജ് സ്റ്റേജിന് സമീപമുള്ള മരച്ചുവട്ടിൽ ഉമൈർ ഇരുന്നതിനെ പ്രതികൾ ചോദ്യം ചെയ്ത് മർദ്ദിച്ചു. മർദ്ദനത്തിൽ വിദ്യാർത്ഥികൾ കൂട്ടമായി പ്രതിഷേധിച്ചു. കോളേജിലെ നമ്പീമിന്റെയും കൂട്ടാളികളുടെയും അടിച്ചമർത്തലുകളും സ്വേച്ഛാധിപത്യവും സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ വിദ്യാർത്ഥികളോട് നസീമും ഗിവരഞ്ജിതും തല്ലിത്തീർക്കാമെന്ന് പറഞ്ഞ് യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഉമൈറിനെ മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞ അഖിലിനെ പ്രതികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മറ്റു വിദ്യാർത്ഥികളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു.
' നീയൊക്കെ ഇവിടെക്കിടന്ന് വിളഞ്ഞാൽ നിന്നൊയൊക്കെ കുത്തി കൊല്ലുമെടാ '' എന്ന് ആക്രോശിച്ച് ഒന്നാം പ്രതി ശിവരഞ്ജിത്ത് കത്തി കൊണ്ട് അഖിലിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. തുടർന്ന് കത്തി കോളേജ് കാമ്പസിലെ ചവർ കൂനയിൽ ഒളിപ്പിച്ച ശേഷം പ്രതികൾ കോളേജിന്റെ മതിൽ ചാടി യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ വഴി ഉന്നത സി പി എം നേതൃത്വത്തിന്റെ സഹായത്താൽ സിറ്റിയിൽ സ്വൈരവിഹാരം നടത്തുകയായിരുന്നു.
ജന രോഷം ഉയർന്നപ്പോൾ ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ശിവരഞ്ജിത്തും നസീമും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.
14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു. പുറം ലോകമറിയാതിരുന്ന പി എസ് സി പരീക്ഷാ തട്ടിപ്പിലൂടെ കോൺസ്റ്റബിൾമാരായി ജോലിയിൽ പ്രവേശിക്കാനിരിക്കവേയാണ് സമയദോഷത്താൽ ശനിയുടെ അപഹാരം ഒന്നിനു പുറകേ ഒന്നായി പ്രതികളെ തേടിയെത്തിയത്. ലൂസിഫർ പ്രവർത്തിച്ചതോടെ പ്രതികൾ കൃത്യങ്ങൾ ചെയ്യാൻ തുടങ്ങി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായ സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 (മാരകായുധങ്ങളുപയോഗിച്ച് ലഹളയുണ്ടാക്കൽ ) , 149 ( ന്യായ വിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 294 ( ബി ) ( അശ്ലീല പദപ്രയോഗം) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ ) , 341 ( അന്യായ തടസ്സം ചെയ്യൽ ) , 506 (ശശ) ( വധഭീഷണി മുഴക്കൽ ) , 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ ) , 326 ( മാരകായുധമുപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ ) , 307 ( വധ ശ്രമം ) എന്നീ കുറ്റങ്ങൾക്ക് കമ്മിറ്റൽ കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാൻ കന്റോൺമെന്റ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിടുകയായിരുന്നു.
പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിയൻ ഓഫിസിൽ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷാ ഉത്തരക്കടലാസുകൾ കണ്ടെടുത്ത കേസിൽ കന്റോൺമെന്റ് പൊലീസും നാളിതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ആഭ്യന്തര വകുപ്പിലുള്ള സ്വാധീനം വ്യക്തമാകുന്നതിന്റെ തെളിവാണ്. പ്രതികൾക്ക് അതീവ രഹസ്യ സ്വഭാവമുള്ള ഉത്തരക്കടലാസ് കൈമാറിയ യൂണിവേഴ്സിറ്റി പ്രൊഫസറെ നാളിതുവരെ കേസിൽ കൂട്ടു പ്രതിയായി ചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതേ സമയം കേരള സർവ്വകലാശാല അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.