കൊല്ലം: കാമുകനുമായി പിണങ്ങിയ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. മണപ്പള്ളി തിരുവോണം വീട്ടിൽ ദേവരാജൻ - രജനി ദമ്പതികളുടെ മകളും തൊടിയൂർ ഗവ: എച്ച്.എസ്സ്, എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ അഖിലാ ദേവ് (17) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

കാമുകനുമായി പിണങ്ങിയതിനാലാണ് ആത്മഹത്യയെന്ന് മൃതദേഹത്തിനടുത്തു നിന്നും പൊലീസ് കണ്ടെടുത്ത കത്തിൽ പറയുന്നു. അഖിലയും അയൽവീട്ടിലെ പ്രമുഖ സ്വാമിയുടെ മകനുമായി പ്രണയത്തിലായിരുന്നു. ഇരുവരും തൊടിയൂർ സ്‌കൂളിലായിരുന്നു പ്ലസ് വണ്ണിന് പഠിച്ചിരുന്നത്. ഇവരുടെ ബന്ധം വീട്ടിൽ അറിഞ്ഞതോടെ ആൺകുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും അവർ ബന്ധം തുടർന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. വയറു വേദനയായതിനാൽ അഖില സ്‌ക്കൂളിൽ നിന്നും അവധിയെടുത്ത് വീട്ടിലെത്തി. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ അഖിലയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ വാതിൽ നാട്ടുകാർ ചവിട്ടിപൊളിച്ചാണ് അകത്ത് കയറിയത്. അപ്പോഴേക്കും ജീവൻ നഷ്ട്ടമായിരുന്നു.

പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ദുരുഹതയുള്ളതിനാൽ പൊലീസ് മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇനിയൊരിക്കലും ശല്യം ചെയ്യാൻ വരില്ലെന്നും ഞാൻ കാരണം ആരും ബുദ്ധിമുട്ടേണ്ട എന്നും കാമുകനായ അയൽവാസിയുമായുള്ള പിണക്കമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും കത്തിൽ പറയുന്നു.

കത്തിൽ പരാമർശിച്ചിരിക്കുന്ന അയൽവാസിയായ കാമുകനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ഇയാൾ ബി.ജെ.എസ്.എം മീത്തിൽ സ്‌ക്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഫോറൻസിക് വിദഗ്ദ്ധരും പൊലീസും നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ ഡയറി കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.