ലക്‌നൗ: ഉത്തപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 400 സീറ്റിലെങ്കിലും ബിജെപി പരാജയപ്പെടുമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വരുന്ന തിരഞ്ഞെടുപ്പോടെ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിന്ന് ബിജെപി തുടച്ചുനീക്കുമെന്നും അഖിലേഷ് പറഞ്ഞു. ആർ എൽ ഡി നേതാവ് ജയന്ത് ചൗധരിയോടൊപ്പം മീററ്റിൽ നടത്തിയ സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്.

ബിജെപിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രണ്ടക്കം കടക്കാൻ സാധിക്കില്ലെന്ന് അഖിലേഷ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിക്കെതിരെ കനത്ത ജനരോഷമുണ്ടെന്നും അതിനാൽ തന്നെ കുറഞ്ഞത് 400 സീറ്റിലെങ്കിലും ഭരണകക്ഷി പരാജയപ്പെടുമെന്നും അഖിലേഷ് പറഞ്ഞു.

ബിജെപി പറയുന്നതെല്ലാം കള്ളമാണെന്നും അവരുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണെന്നും അഖിലേഷ് ആരോപിച്ചു. ബിജെപി ഒരു വ്യാജപുഷ്പമാണെന്നും ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഏതാനും ദിവസം മുമ്പ് ഗോരഖ്പൂരിലെ പൊതുയോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സമാജ് വാദി പാർട്ടിക്കെതിരെ രൂക്ഷമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അഴിമതി നടത്തുന്നതിനും ഖജനാവ് നിറയ്ക്കുന്നതിനും അനധികൃത കൈയേറ്റങ്ങൾക്കും മാഫിയകളെ സഹായിക്കുന്നതിനും വേണ്ടി ചുവന്നതൊപ്പിക്കാർ ഉത്തർപ്രദേശിൽ അധികാരത്തിനായി ശ്രമിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.